കാലില്‍ വളം കടി ഉണ്ടാവാറുണ്ടോ?; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  1. Home
  2. Lifestyle

കാലില്‍ വളം കടി ഉണ്ടാവാറുണ്ടോ?; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Swaty feet


മഴക്കാലത്ത് പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ സാധാരണമാണ്. അതുകൊണ്ടു തന്നെ മഴക്കാലത്ത് പാദസംരക്ഷണം പ്രത്യേകം ആവശ്യമാണ്. കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ അണുബാധയുണ്ടായാല്‍ കാല്‍വിരലുകള്‍ക്കിടയില്‍ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഏറെനാള്‍ നീണ്ടുനിന്നാല്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം.

പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതു വഴി ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു അസുഖമാണ് ഫംഗല്‍ അണുബാധ. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ ഇത് കാണാം.

വിരലുകളുടെ ഇടയില്‍ ചുവപ്പ്, വേദന, ചൊറിച്ചില്‍, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങള്‍ക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവ വായുസഞ്ചാരമില്ലാത്ത, മൂടി നില്‍ക്കുന്ന ഷൂസ് പോലെയുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരില്‍ കൂടുതലായി കാണപ്പെടുന്നു. ഇത് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

  1. കാലുകളില്‍ അധികനേരം ഈര്‍പ്പം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
  2. നനഞ്ഞ ചെരിപ്പുകള്‍ പെട്ടെന്നുതന്നെ മാറ്റുക.
  3. തുറന്നതും ഈര്‍പ്പം കെട്ടിനില്‍ക്കാത്തതുമായ ചെരിപ്പുകള്‍ ഉപയോഗിക്കുക.
  4. പുറത്തുപോയാൽ വീട്ടിലെത്തി കാലുകള്‍ കഴുകിയതിനുശേഷം തുണികൊണ്ട് ഒപ്പി
  5. ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍കം പൗഡര്‍ ഇടുക.
  6. ചെരിപ്പുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുക.
  7. നഖങ്ങളുടെ വശങ്ങള്‍ ഉള്ളിലേക്ക് കയറ്റിവെട്ടാതെ കൃത്യമായി വെട്ടുക.
  8. ചെളിവെള്ളത്തില്‍ ചവിട്ടുന്നത് ഒഴിവാക്കുക.
  9. കാലുകളില്‍ മുറിവുണ്ടെങ്കില്‍ അതുണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

പ്രമേഹമുള്ളവര്‍ക്കും പ്രമേഹം കാരണം സ്പര്‍ശനശേഷി കുറഞ്ഞവര്‍ക്കും പാദങ്ങളില്‍ അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചെറിയ മുറിവുകളും അതിലൂടെയുണ്ടാവുന്ന അണുബാധയും ഇവരുടെ ശ്രദ്ധയില്‍ പെടാതെ പോവാനും പിന്നീട് കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാവാനുമുള്ള സാധ്യതയുമുണ്ട്.