സ്ത്രീകളിലെ പ്രമേഹം ലൈംഗികതയെ ബാധിക്കുമോ?; എന്തുകൊണ്ട്?

  1. Home
  2. Lifestyle

സ്ത്രീകളിലെ പ്രമേഹം ലൈംഗികതയെ ബാധിക്കുമോ?; എന്തുകൊണ്ട്?

woman


പ്രമേഹം നിയന്ത്രണവിധേയമായി കൊണ്ടുപോയില്ലെങ്കിൽ ക്രമേണ അത് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾക്കും അസുഖങ്ങൾക്കുമെല്ലാം ഇടയാക്കാറുണ്ട്. അത്തരത്തിൽ പ്രമേഹരോഗികളിൽ ലൈംഗികപ്രശ്‌നങ്ങൾക്കുള്ള സാധ്യതയും കൂടുതലായി കാണാറുണ്ട്. 

പ്രമേഹമുള്ള പുരുഷന്മാരിൽ 50 ശതമാനം പേർക്ക് സെക്ഷ്വൽ ഡിസ്ഫങ്ഷൻ ഉള്ളതായിട്ടാണു കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്. വലിയൊരു ശതമാനം സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടെങ്കിലും കൂടുതൽ പേരും അതു പുറത്തു പറയുകയോ ഡോക്ടറെ സമീപിക്കുകയോ ചെയ്യാറില്ല. 

പ്രമേഹം കൂടുമ്പോൾ ഇത് രക്തക്കുഴലുകളെയും നാഡികളെയുമെല്ലാം ബാധിക്കുന്നു. ഇതോടെ സുഗമമായ രക്തയോട്ടം തടസപ്പെടുന്ന സാഹചര്യം വരുന്നു. ലിംഗമടക്കമുള്ള ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോൾ ഉദ്ധാരണവും ലൈംഗികതാൽപര്യവുമെല്ലാം കുറയുന്നു. ചിലരിൽ രക്തയോട്ടം കുറയുന്നതിന് അനുസരിച്ച് സ്പർശമറിയാത്ത അവസ്ഥയും വരാറുണ്ട്. ഇതെല്ലാം ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാം. 

പ്രമേഹം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകാറുണ്ട്. പ്രത്യുത്പാദന ഹോർമോണുകളായ ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നീ ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുമ്പോൾ അത് സ്വാഭാവികമായും ലൈംഗികതയെ ബാധിക്കുന്നു. ഈ പ്രശ്‌നം സ്ത്രീകളിലും പുരുഷന്മാരിലും കാണാം. 

ചിലർ പ്രമേഹം നിയന്ത്രിക്കുന്നതിനായി മരുന്നുകളെടുക്കുന്നുണ്ടാകാം. ഇവരിലൊരു വിഭാഗത്തിന് മരുന്നുകളുടെ പാർശ്വഫലമായും ഹോർമോൺ വ്യതിയാനം വന്ന് അത് ലൈംഗികതയെ ബാധിക്കാം. അതിനാൽ തന്നെ മരുന്നുകൾ, അത് പ്രമേഹത്തിനുള്ളത് എന്ന് മാത്രമല്ല- ഏത് തരം മരുന്നുകളാണെങ്കിലും അവ എടുത്തുതുടങ്ങിയ ശേഷം ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും കാണുന്ന മാറ്റങ്ങൾ നിർബന്ധമായും ഡോക്ടറെ ധരിപ്പിക്കാനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കേണ്ടതുണ്ട്. 
പ്രമേഹരോഗികളിൽ അതിൻറെ തോതും പ്രയാസങ്ങളും അനുസരിച്ച് വൈകാരികപ്രശ്‌നങ്ങളും കാണാം. ഇതും ലൈംഗികതാൽപര്യത്തെ സ്വാധീനിക്കാം. അതുപോലെ ചില പ്രമേഹരോഗികളിൽ ഇൻസുലിൻ പമ്പും ലൈംഗികത ആസ്വദിക്കുന്നതിന് വിഘാതമായി നിൽക്കാറുണ്ട്. ഇത് രോഗികളുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. 

പ്രമേഹരോഗികൾ, തങ്ങളുടെ ലൈംഗികജീവിതം ബാധിക്കപ്പെടുന്നതായി കണ്ടെത്തിയാൽ ഉടൻ തന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ഇക്കാര്യം ധരിപ്പിക്കുകയാണ് വേണ്ടത്. പ്രമേഹരോഗികളിൽ എല്ലാവരിലും ഈ പ്രശ്‌നം കാണുകയില്ലെന്നും മനസിലാക്കുക. ഇനി പ്രമേഹം ലൈംഗികതയെ ബാധിക്കുന്നുണ്ടെങ്കിലും ചികിത്സയിലൂടെയും ജീവിതരീതികൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ.