മുളകരച്ച മീൻകറി ഇങ്ങനെ തയാറാക്കൂ; ചോറിനും കപ്പയ്ക്കും ബെസ്റ്റാണ്

മുളകരച്ച മീൻകറിയ്ക്കാണ് ആരാധകർ ഏറെയും. ചോറിന് മാത്രമല്ല കപ്പയ്ക്കും ഈ കറി സൂപ്പറാണ്. വെറൈറ്റി രീതിയിൽ അടിപൊളി മീൻകറി തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
മൺച്ചട്ടി ചൂടാകുമ്പോൾ ആവശ്യത്തിന് വെളിച്ചെണ്ണ ചേർക്കാം. അതിലേക്ക് കടുകും ഉലുവയും വറ്റൽ മുളകും ചേർക്കണം. ശേഷം ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് വഴറ്റണം. മീനിന്റെ അളവിന് അനുസരിച്ച് കശ്മീരി മുളക്‌പൊടിയും മഞ്ഞപൊടിയും മല്ലിപ്പൊടിയും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് കുടംപുളി അലിയിച്ച വെള്ളവും പുളിയും ചേർത്ത് നന്നായി വഴറ്റണം.
കറിവേപ്പിലയും ഉപ്പും ചേർക്കണം. നന്നായി വഴന്ന് വരുമ്പോൾ ചെറുചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കണം. ആ കൂട്ട് തിളച്ച് വരുമ്പോൾ വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർത്ത് കൊടുത്ത് അടച്ച് വച്ച് വേവിക്കാം. നന്നായി തിളച്ച് വരുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കാം. നല്ല കുറുകിയ മീൻകറി റെഡി. ചോറിനും കപ്പയ്ക്കും സൂപ്പറായിരിക്കും.