ഊണിന് മീൻകറി ഇങ്ങനെയൊന്ന് ഉണ്ടാക്കിയാലോ; നല്ല കുടംപുളിയും, തേങ്ങാപ്പാലും ചേർത്ത രുചി

  1. Home
  2. Lifestyle

ഊണിന് മീൻകറി ഇങ്ങനെയൊന്ന് ഉണ്ടാക്കിയാലോ; നല്ല കുടംപുളിയും, തേങ്ങാപ്പാലും ചേർത്ത രുചി

FISH CURRY


നല്ല കുടംപുളിയും, തേങ്ങാപ്പാലും ചേർത്ത് തയാറാക്കിയെടുക്കുന്ന കറി.

ചേരുവകൾ
അയല- 2 എണ്ണം
ചെറിയ ഉള്ളി- 10 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
പച്ചമുളക്- 3 എണ്ണം
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- 2 തണ്ട്
വിനാഗിരി- 1 ടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ചിരകിയ തേങ്ങ- 3 കപ്പ്
പെരുഞ്ചീരകം- രണ്ട് നുള്ള്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുടംപുളി- ആവശ്യത്തിന്

മീൻ മസാല
ആദ്യം തന്നെ മീൻ നന്നാക്കി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി മീൻ ചട്ടിയിലേയ്ക്ക് മാറ്റി വെയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, 5 ചെറിയ ഉള്ളി, വെളുത്തുള്ളി, പെരുഞ്ചീരകം എന്നിവ ചതച്ച് ചേർക്കുക. അതിനുശേഷം കുടംപുളി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറിവേപ്പില, വിനാഗിരി, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിരുമ്മി വെയ്ക്കണം. കുറഞ്ഞത് 15 മിനിറ്റ് വെയ്ക്കുന്നത് നല്ലതാണ്.

തേങ്ങാപ്പാൽ
എടുത്തു വെച്ചിരിക്കുന്ന നാളികേരത്തിൽ വളരെ കുറച്ച് വെള്ളം മാത്രം ചേർത്ത് ഒന്ന് മിക്‌സിയിൽ കറക്കി എടുക്കണം. അതിനുശേഷം നന്നായി പിഴിഞ്ഞ് ഒന്നാം പാൽ മാറ്റി വെയ്ക്കുക. ഒന്നാം പാലിന് നല്ല കട്ടി ഉണ്ടായിരിക്കണം. ഒന്നാം പാൽ എടുത്തതിനുശേഷം ഇതേ നാളികേരം മിക്‌സിയുടെ ജാറിൽ ഇട്ട്, നാളികേരത്തിന് മുകളിൽ വെള്ളം നിൽക്കും വിധം വെള്ളം ചേർത്ത് അടിച്ചെടുക്കുക. നന്നായി അരഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം നാളികേരം പിഴിഞ്ഞ് രണ്ടാം പാൽ മാറ്റി വെയ്ക്കുക.

തിളപ്പിക്കാം
മസാലപുരട്ടി മാറ്റി വെച്ചിരിക്കുന്ന മീനിലേയ്ക്ക് ഈ രണ്ടാം പാൽ ചേർത്ത് അടുപ്പിൽ വെയ്ക്കാവുന്നതാണ്. ചെറുതീയിൽ പാത്രം മൂടിവെച്ച് വേവിച്ചെടുക്കുക. പാൽ ഒന്ന് കുറുകി, മീൻ വെന്ത് വരുമ്പോൾ ഒന്നാം പാൽ ചേർക്കാവുന്നതാണ്. ഒന്നാം പാൽ ചേർത്തതിനുശേഷം തിളയ്ക്കാൻ പാടുള്ളതല്ല. ഒന്ന് ചൂടായാൽ മതി.

ബാക്കിയുള്ള ഉള്ളി ചെറുതായി കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രം വെച്ച്, അതിലേയ്ക്ക് വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക. ഒപ്പം ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീ അണയ്ക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മുളകുപൊടി ചേർക്കുക. അതിനുശേഷം കറിയിലേയ്ക്ക് ഇവ ചേർക്കാം. കറിയിലേയ്ക്ക് ഒഴിച്ച്, അപ്പോൾ തന്നെ കറി മൂടി വെയ്ക്കുക. ഇത് കറിക്ക് സ്വാദ് കൂട്ടാൻ സഹായിക്കും.