ഉച്ചയൂണിന് തയാറാക്കാം ആവോലി പൊള്ളിച്ചത്
രുചിയേറും ആവോലി പൊള്ളിച്ചത് തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
മീൻ മാരിനേറ്റ് ചെയ്യാൻ
ആവോലി(ഇടത്തരം വലുപ്പമുള്ളത്) -ഒന്ന്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മുളക് പൊടി -ഒന്നര ടീസ്പൂൺ
കുരുമുളക് പൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
നാരങ്ങാ നീര് -2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മസാല തയ്യാറാക്കാൻ
സവാള (വലുത്-അരിഞ്ഞെടുത്തത്) -ഒന്ന്
തക്കാളി(ഇടത്തരം വലുപ്പമുള്ളത്) -2 എണ്ണം
പച്ചമുളക്(ചെറുതായി അരിഞ്ഞത്) -3 എണ്ണം
കറിവേപ്പില -ഒരു തണ്ട്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂൺ
മുളക്പൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
തേങ്ങാപ്പാൽ -അര കപ്പ്
വെളിച്ചെണ്ണ -2 ടീസ്പൂൺ
വാഴയിലയിൽ പൊതിഞ്ഞെടുക്കാൻ
വാഴയില -ഒരു വലിയ കഷ്ണം
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില -ഒരു തണ്ട്
പച്ചമുളക് -2 എണ്ണം
നാരങ്ങ - 2 കഷ്ണം
കെട്ടുന്നതിനുള്ള വള്ളി
തയാറാക്കുന്ന വിധം
ആദ്യം മീൻ മാരിനേറ്റ് ചെയ്തെടുക്കണം. ഇതിനായി ഒരു പാത്രമെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, നാരങ്ങാ നീര് എന്നിവയെല്ലാം എടുത്ത് നന്നായി കുഴച്ചെടുത്ത് മസാല തയ്യാറാക്കുക.
ശേഷം കഴുകിവൃത്തിയാക്കിയെടുക്ക ആവോലി മീൻ എടുത്ത് പുറമെ വരയുക. ഇതിലേക്ക് ആദ്യം തയ്യാറാക്കിയ മസാല നന്നായി തേച്ച് പിടിപ്പിക്കുക. ഇത് 20 മിനിറ്റ് നേരം അങ്ങിനെ മാറ്റി വയ്ക്കാം.
20 മിനിറ്റ് കഴിഞ്ഞതിന് ശേഷം ഒരു പാൻ എടുത്ത് ചൂടായശേഷം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്തശേഷം നേരത്തെ മാരിനേറ്റ് ചെയ്തുവെച്ച മീൻ ഇട്ട് രണ്ട് വശവും ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കാം. മീൻ ക്രിസ്പി ആവാതെയിരിക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതെടുത്ത് മാറ്റി വയ്ക്കാം.
മസാല തയാറാക്കാം.
പാനിൽ എണ്ണ ചൂടാക്കിയശേഷം കറിവേപ്പില, സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ഇതിലേക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കാം.
ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർക്കാം. ഗ്രേവി നന്നായി വെന്ത് കുറുകുന്നത് വരെ ഇത് വേവിച്ചെടുക്കണം. മീൻ പൊള്ളിക്കുന്നതിനുള്ള മസാല തയ്യാറായി കഴിഞ്ഞു.
വാഴയില വൃത്തിയായി കഴുകിയെടുത്ത ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച മസാല പകുതി ഇടാം. ഇതിന് മുകളിലേക്ക് നേരത്തെ വറുത്തെടുത്തുവെച്ച ആവോലി മീൻ വയ്ക്കാം. ശേഷം നേരത്തെ ബാക്കിയുണ്ടായിരുന്ന മസാല ഈ മീനിനു മുകളിൽ നന്നായി ചേർത്ത് കൊടുക്കുക. ഇതിന് മുകളിലായി ഒരു തണ്ട് കറിവേപ്പിലയും നാരങ്ങാ കഷ്ണവും കൂടി ഇട്ട് കൊടുക്കാം. ശേഷം വാഴയില നന്നായി പൊതിഞ്ഞെടുത്ത് വള്ളി ഉപയോഗിച്ച് കെട്ടാം.
ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. ഇതിലേക്ക് നേരത്തെ പൊതിഞ്ഞെടുത്ത് വെച്ച മീൻ വാഴയിലയോടെ ഇട്ട് ഇരുവശവും നന്നായി വേവിച്ചെടുക്കാം. നന്നായി വെന്ത് വരുന്നതിന് 10 മിനിറ്റ് വരെ സമയമെടുക്കും. വെന്തുകഴിഞ്ഞാൽ വാഴയില പൊളിച്ച് ചൂടോടെ ചോറിന് വിളമ്പാം.