മീന്‍ കഴിച്ചാൽ കൊളസ്‌ട്രോള്‍ കുറയുമോ; കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മീനുകള്‍ പരിചയപ്പെടാം

  1. Home
  2. Lifestyle

മീന്‍ കഴിച്ചാൽ കൊളസ്‌ട്രോള്‍ കുറയുമോ; കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മീനുകള്‍ പരിചയപ്പെടാം

fish


‍ഒരിക്കല്‍ പരിധിവിട്ടാല്‍ കൊളസ്‌ട്രോളിനെ വരുതിക്ക് നിര്‍ത്തുക അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമല്ലെങ്കില്‍ നിശബ്ദനായാണ് ഹൃദ്രോഗവും ഹാര്‍ട്ട് അറ്റാക്കുമെല്ലാം വരുന്നത്. കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍ ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്.‍ കൊളസ്‌ട്രോളിലെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്ന ചില മീനുകളെ കുറിച്ചാണ് ‍ഇവിടെ പറയുന്നത്.

  • കൊളസ്‌ട്രോള്‍

പൊതുവേ വില്ലന്‍ പരിവേഷമാണെങ്കിലും കൊളസ്‌ട്രോള്‍ അത്ര ഭീകരനൊന്നുമല്ല. നമ്മുടെ എല്ലാ ശരീര കോശങ്ങളിലും കാണപ്പെടുന്ന ഒരു കൊഴുപ്പാണ് കൊളസ്‌ട്രോള്‍. വൈറ്റമിന്‍ ഡിയെ സംസ്‌കരിക്കാനും ഭക്ഷണത്തെ വിഘടിപ്പിക്കാനുമെല്ലാം ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനുമെല്ലാം നമുക്ക് കൊളസ്‌ട്രോള്‍ ആവശ്യമാണ്. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോള്‍ ആണുള്ളത്. എല്‍ഡിഎല്‍ (ലോ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അഥവാ ചീത്ത കൊളസ്‌ട്രോള്‍, എച്ച്ഡിഎല്‍ (ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അഥവാ നല്ല കൊളസ്‌ട്രോള്‍ എന്നിവയാണവ. ഈ രണ്ട് കൊളസ്‌ട്രോളും വേണ്ട അളവിലാണ് ശരീരത്തില്‍ ഉള്ളതെങ്കില്‍ കൊളസ്‌ട്രോള്‍ അപകടകാരിയല്ല. എന്നാല്‍ അനാരോഗ്യകരമായ ജീവിതശൈലിയും ശരിയല്ലാത്ത ഭക്ഷണശീലങ്ങളും കാരണം ഇന്ന് മിക്കവര്‍ക്കും കൊളസ്‌ട്രോള്‍ കൂടുതല്‍ കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്.

  • കൊളസ്‌ട്രോള്‍ വില്ലനാകുന്നത് 

കൊളസ്‌ട്രോള്‍ നിലവിട്ടാല്‍ രക്തസമ്മര്‍ദ്ദം കൂടുകയും ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. അതിനാല്‍ കൊളസ്‌ട്രോള്‍ കൂടുന്നുവെന്ന് മനസ്സിലാക്കിയാല്‍ ആഹാരം നിയന്ത്രിച്ചോ വ്യായാമം ചെയ്‌തോ ശരീരത്തിന് ആവശ്യമായ അവസ്ഥയിലേക്ക് കൊളസ്‌ട്രോളിനെ തിരികെ എത്തിക്കണം. ഭക്ഷണം നിയന്ത്രിക്കലും ഒഴിവാക്കലും മാത്രമല്ല, കൊളസ്‌ട്രോള്‍ സൗഹൃദ ഡയറ്റ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം.

നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ചില മീനുകള്‍ക്ക് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിവുണ്ട്. 

ചൂര
ചൂര ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച കലവറയാണ്. ശരീരത്തില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അടിയുന്നത് തടയാന്‍ ഈ മീനിന് സാധിക്കും.

പുഴമീന്‍
പുഴമീനിലും ഒമേഗ-3 ഫാറ്റി ആസിഡ് നന്നായി അടങ്ങിയിരിക്കുന്നു.

ഹെറിംഗ് (ഒരിനം മത്തി)
ഇപിഎ, ഡിഎച്ച്എ ന്നീ അവശ്യ ആസിഡുകളുടെ മികച്ച സ്രോതസ്സാണ് ഹെറിംഗ്. ഈ ആസിഡുകള്‍ ഹൃദയാരോഗ്യം സംരക്ഷിക്കുകയും നീര്‍ക്കെട്ട് തടയുകയും ചെയ്യുന്നു. ഈ മീനില്‍ ധാരാളം വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്.

അയല
നമ്മുടെ പ്രിയ മീനുകളില്‍ ഒന്നായ അയലയിലും ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആഹാരത്തില്‍ അയല ഉള്‍പ്പെടുത്താന്‍ ഒട്ടും പേടിക്കേണ്ടതില്ല.

മത്തി
നമ്മുടെ പ്രിയപ്പെട്ട മറ്റൊരു മീനാണ് മത്തി. ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഏറ്റവും മികച്ച സ്രോതസ്സാണ് മത്തി. കൊളസ്‌ട്രോളിനെ നിയന്ത്രണവിധേയമാക്കാന്‍ മത്തി സഹായിക്കുന്നു. മാത്രമല്ല, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം എന്നീ ധാതുക്കളുടെയും സെലീനിയം, അയേണ്‍ എന്നിവയുടെയും കലവറയാണ് മത്തി. മത്തി ചെറിയ രീതിയില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. കൂടാതെ, വൈറ്റമിന്‍ ഡി, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയും മത്തിയില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്.

സ്വാര്‍ഡ് ഫിഷ്
വാള്‍മീന്‍ അഥവാ സ്വാര്‍ഡ് ഫിഷിലും ധാരാളം ഒമേഗ-3- ഫാറ്റി ആസിഡ് ഉണ്ട്. ഇവ കൊളസ്‌ട്രോും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്നു.

(ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.)