വെറും വയറ്റിൽ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതും; ഈ ആഹാരങ്ങളെക്കുറിച്ച് അറിയാം

  1. Home
  2. Lifestyle

വെറും വയറ്റിൽ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതും; ഈ ആഹാരങ്ങളെക്കുറിച്ച് അറിയാം

food


നമ്മൾ ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായും ആരോഗ്യത്തിനായും വെറും വയറ്റിൽ നിരവധി സാധനങ്ങൾ കഴിക്കാറുണ്ട്. എന്നാൽ അവ എല്ലാം വെറും വയറ്റിൽ കഴിക്കാൻ പാടില്ല. വെറും വയറ്റിൽ കഴിച്ചാൽ ഗുണം ലഭിക്കുന്നതും ഗുണം ലഭിക്കാത്തതുമായി നിരവധി ഭക്ഷണ സാധനങ്ങളുണ്ട്, അവ ഏതെല്ലാമെന്ന് നോക്കാം.

രാവിലെ 
രാവിലെ എഴുന്നേറ്റാൽ നമ്മൾ പ്രധാനമായും ചെയ്യേണ്ടത് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തിലെ വിഷമയമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിനും കുടലെല്ലാം വൃത്തിയാക്കി എടുക്കുന്നതിനും തലവേദന മാറ്റുന്നതിനുമെല്ലാം തന്നെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് സഹായിക്കുന്നുണ്ട്.

നമ്മൾക്ക് നല്ല എനർജി ലഭിക്കുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും തടി കുറയ്ക്കുന്നതിനും നല്ല ആരോഗ്യമുള്ള ചർമ്മം സ്വന്തമാക്കുന്നതിനുവരെ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. അതിനാൽ രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ഒരിക്കലും മറക്കരുത്.

പഴങ്ങൾ
പഴങ്ങളിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ, ഇവ രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വിഷങ്ങൾ നീക്കം ചെയ്യുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് സഹായിക്കുന്നുണ്ട്.

കൂടാതെ, വെറും വയറ്റിൽ പഴങ്ങൾ കഴിച്ചാൽ അതിന്റെ ഗുണം പൂർണ്ണമായും ലഭിക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. അതുപോലെ, ഓരോ പഴങ്ങളിലുമുള്ള വിറ്റമിൻസും മിനറൽസും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. പഴങ്ങൾ കഴിക്കുമ്പോൾ രാവിലെ വെറും വയറ്റിൽ സിട്രിക് പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇവ അസിഡിറ്റി ഉണ്ടാക്കും.

നട്സും ഡ്രൈ ഫ്രൂട്സും
തലേദിവസം രാത്രി കുതിർത്ത നട്സ് പിറ്റേന്ന് എടുത്ത് കഴിക്കുന്നത്, പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുന്നത് ഇതിന്റെ ഗുണങ്ങൾ പൂർണ്ണമായും നിങ്ങൾക്ക് ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കഴിക്കുന്നതിനും ചില രീതികൾ ഉണ്ട്.

അമിതമായി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, മൂന്നോ നാലോ നട്സ് അല്ലെങ്കിൽ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തിൽ സ്ഥിരമായി കഴിച്ചാൽ നല്ല ചർമ്മ കാന്തി ലഭിക്കുന്നതിനും ശരീരത്തിൽ അയേണിന്റെ അളവ് കൂടുന്നതിനും ഇത് സഹായിക്കും.
ദഹനപ്രശ്നങ്ങൾ മാറ്റി എടുക്കുന്നതിനും ശരീരത്തിലേയ്ക്ക് ഫൈബർ കൃത്യമായി എത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

കഴിക്കാൻ പാടില്ലാത്തവ
രാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ട്. അവയാണ് ചായ, കാപ്പി, സിട്രിക് പഴങ്ങൾ, നല്ല എരിവുള്ള ഭക്ഷണങ്ങൾ, തണുത്തവെള്ളം, വേവിക്കാത്ത പച്ചക്കറികൾ എന്നിവ.

രാവിലെ തന്നെ വെറും വയറ്റിൽ ചായ, കാപ്പി എന്നിവ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്. അതുപോലെ, എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ അത് വയറ്റിൽ എരിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇതുപോലെ തന്നെയാണ് തണുത്ത വെള്ളവും. തണുത്തവെള്ളം കുടിച്ചാൽ ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

രാവിലെ തന്നെ വേവിക്കാത്ത പച്ചക്കറികൾ കഴിക്കുന്നത് വയറ്റിൽ ദഹിക്കാതെ കിടക്കുന്നതിനും ഇത് വയറുവേദന പോലെയുള്ള മറ്റ് ശാരീരിക അസ്വസ്ഥതകളിലേയ്ക്ക് നയിക്കുകയും ചെയ്യും. സിട്രസ്സ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവയും വെറും വയറ്റിൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

രാവിലെ പ്രഭാത ഭക്ഷണം പല്ല് തേച്ച് ഉടനെ തന്നെ കഴിക്കരുത്. നിങ്ങൾ എഴുന്നേറ്റ് വരുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളം അല്ലെങ്കിൽ പഴങ്ങൾ, അല്ലെങ്കിൽ നട്‌സ് എന്നിവ കഴിക്കുന്നവരാണെങ്കിൽ ഇവ കഴിച്ച് കഴിഞ്ഞ് 15 മുതൽ 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമേ പ്രഭാത ഭക്ഷണം കഴിക്കാൻ പാടുള്ളൂ. ഇതാണ് ദഹനത്തിനും പോഷകങ്ങൾ ലഭിക്കുന്നതിനും നല്ലത്.