ഗ്യാസ്ട്രബിൾ ആണോ പ്രശ്‌നം; ഈ ഭക്ഷണങ്ങൾ നിയന്ത്രിക്കാം

ഭക്ഷണം കഴിച്ചയുടൻ നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും പതിവാണോ? ദഹനപ്രശ്നം, പുളിച്ചുതികട്ടൽ, മലബന്ധം എന്നിവ മൂലം ബുദ്ധിമുട്ടാറുണ്ടോ? ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ ഭക്ഷണരീതിയും ക്രമീകരിക്കേണ്ടതുണ്ട്.
ദഹനപ്രശ്നമുള്ളവർ ഭക്ഷണത്തിന്റെ കാര്യത്തിൽ അതിയായ ശ്രദ്ധ പുലർത്തണം.ചില ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യേണ്ടിവരും. അത്തരത്തിൽ ഗ്യാസ്ട്രബിൾ മൂലം ബുദ്ധിമുട്ടുന്നവർ നിയന്ത്രിക്കേണ്ട ആഹാരസാധനങ്ങളെ അറിഞ്ഞുവെക്കാം.
പച്ചക്കറികൾ പൊതുവേ വയറിന് പ്രശ്നങ്ങളുണ്ടാക്കാറില്ല. എന്നാൽ ചില പച്ചക്കറികൾ ദഹനസംബന്ധമായ പ്രയാസങ്ങൾ വരുത്തിവെക്കും. കാബേജ്, ബ്രൊക്കോളി, കോളിഫ്ളവർ എന്നിവയെല്ലാം ഈ കൂട്ടത്തിൽ പെടുന്നവയാണ്. ഇത് കഴിവതും രാത്രിഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്.
പരിപ്പ്, ബീൻസ്, രാജ്മ, ചന്ന എന്നിങ്ങനെയുള്ള പരിപ്പ്- പയർ വർഗങ്ങളെല്ലാം ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായവയാണ്. എന്നാൽ ഇവ ശരീരത്തിന് ഏറെ ഗുണകരമാകുന്ന ഭക്ഷണങ്ങളായതിനാൽ തന്നെ ഇവ കഴിക്കാതിരിക്കരുത്. എന്നാൽ പതിവായി കഴിക്കുന്ന അളവ് കുറച്ചാൽ മതിയാകും.
ഗ്യാസ് പ്രശ്നമുള്ളവരിൽ പലപ്പോഴും ഈ പ്രശ്നങ്ങൾ കൂട്ടുന്നതിൽ പാലുത്പന്നങ്ങൾ കാരണമായേക്കും. ഇത് കണ്ടെത്തി ആ വിഭവങ്ങൾ കുറയ്ക്കുന്നതും ഗുണം ചെയ്യും. സോഡ അല്ലെങ്കിൽ അതിന് സമാനമായ ബോട്ടിൽഡ് പാനീയങ്ങളും ഗ്യാസ് പ്രശ്നങ്ങൾ കൂട്ടും. അതിനാൽ ഇത്തരം പാനീയങ്ങൾ കഴിയുന്നതും ഒഴിവാക്കുക. കൃത്രിമമധുരം അടങ്ങിയ സോഫ്റ്റ് ഡ്രിംഗ്സ്, ബേക്ക്ഡ് ഫുഡ്സ്, പലയിനം മിഠായികൾ എന്നിവയും ഒഴിവാക്കണം.
കാര്യമായ അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ദഹനപ്രശ്നങ്ങൾ കൂട്ടും. കാരണം ഇവ ദഹിക്കുന്നതിന് കൂടുതൽ സമയമെടുക്കും. പ്രോസസ്ഡ് ഫുഡ്സ്, ചിപ്സ് ,പേസ്ട്രികൾ, ഫ്രൈഡ് ഫുഡ്സ് എന്നിവയെല്ലാമാണ് നിർബന്ധമായും ഒഴിവാക്കേണ്ടതാണ. ബദാം, അവക്കാഡോ പോലുള്ള ഭക്ഷണങ്ങൾ പോലും മിതമായ അളവിലല്ല കഴിക്കുന്നതെങ്കിലും ഗ്യാസ് പ്രശ്നങ്ങൾവരും.