മദ്യം മുതൽ മധുരം വരെ: ഫാറ്റി ലിവർ മോശമാക്കുന്ന വിഭവങ്ങൾ ഇവയാണ്

  1. Home
  2. Lifestyle

മദ്യം മുതൽ മധുരം വരെ: ഫാറ്റി ലിവർ മോശമാക്കുന്ന വിഭവങ്ങൾ ഇവയാണ്

liver


മുപ്പതുകളിലും നാൽപ്പതുകളിലും ഉള്ളവർക്ക് തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ദുസ്സൂചനകൾ നൽകുന്ന രോഗമാണ് ഫാറ്റി ലിവർ ഡിസീസ്. കരളിൽ അമിതമായി കൊഴുപ്പടിയുന്ന ഈ രോഗം പലപ്പോഴും മോശം ജീവിതശൈലിയുടെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്. അമിതവണ്ണം, ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം, അമിത മദ്യപാനം, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ഫാറ്റി ലിവറിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്. ചികിത്സിക്കാതിരുന്നാൽ ഫാറ്റി ലിവർ കരൾവീക്കം, ഫൈബ്രോസിസ്, കരളിലെ അർബുദം, കരൾ സ്തംഭനം പോലുള്ള രോഗസങ്കീർണതകളിലേക്ക് നയിക്കാം. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഫാറ്റി ലിവർ വർധിപ്പിക്കുന്നു. 

ഇനി പയുന്ന ചില ഭക്ഷണങ്ങൾ ഫാറ്റി ലിവർ രോഗം മോശമാക്കുന്നതാണ്. 

മദ്യം
എളുപ്പം ദഹിക്കാനോ വിഘടിക്കാനോ ബുദ്ധിമുട്ടുള്ള പാനീയമാണ് മദ്യം. കരൾ ഉൽപാദിപ്പിക്കുന്ന എൻസൈമുകളുടെ ഉൽപാദനവും മദ്യം നിയന്ത്രിക്കും. ഫാറ്റി ലിവർ രോഗം നിയന്ത്രിക്കാനായി കഴിക്കുന്ന മരുന്നുകളെ നിർവീര്യമാക്കാനും മദ്യത്തിന്റെ ഉപയോഗം കാരണമാകും. ഫാറ്റി ലിവർ പോലെ കരളിനെ ബാധിക്കുന്ന പ്രശ്നമുള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കേണ്ടതാണ്. 

മധുരം
ഏതു തരത്തിലുമുള്ള മധുരത്തിന്റെ അമിതമായ ഉപയോഗം ഫാറ്റി ലിവർ രോഗത്തെ കൂടുതൽ മോശമാക്കുന്നു. സോഡ ചേർന്ന മധുരപാനീയങ്ങൾ, മധുരം ചേർത്ത പായ്ക്ക് ചെയ്ത ജ്യൂസുകൾ, ഷുഗർ കാൻഡികൾ, കേക്ക്, പേസ്ട്രി എന്നിവയെല്ലാം ഫാറ്റി ലിവർ രോഗികൾ പൂർണമായും വർജ്ജിക്കണം. 

സാച്ചുറേറ്റഡ് കൊഴുപ്പും ട്രാൻസ് കൊഴുപ്പും
കൊഴുപ്പുള്ള മാംസം, ഫുൾ ഫാറ്റ് ഡയറി ഉൽപന്നങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, സംസ്‌കരിച്ച സ്നാക്സ്, ബേയ്ക്ക് ചെയ്ത ഭക്ഷണം എന്നിങ്ങനെ സാച്ചുറേറ്റഡ് കൊഴുപ്പും ട്രാൻസ് കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കരളിൽ നീർക്കെട്ട് വർധിപ്പിക്കുകയും കരൾ നാശത്തിനു കാരണമാകുകയും ചെയ്യും. 

കോൺ സിറപ്പ്
ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് ചേർന്ന ഭക്ഷണ പാനീയങ്ങളും ഫാറ്റി ലിവർ രോഗികൾ ഒഴിവാക്കേണ്ടതാണ്. ചിലതരം സംസ്‌കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയിൽ ഇത് ചേർന്നിരിക്കുന്നു. 

വറുത്തത്തും പൊരിച്ചതുമായ ഭക്ഷണം
ഫാസ്റ്റ് ഫുഡ്, പായ്ക്ക് ചെയ്ത സ്നാക്സ്, വറുത്തതും പൊരിച്ചതുമായ മറ്റ്  വിഭവങ്ങൾ എന്നിവ കണ്ടാൽ ആർക്കും കഴിക്കാൻ തോന്നും. അത്രയ്ക്ക് രുചിയാണ് ഈ വിഭവങ്ങൾക്ക് പൊതുവേ. എന്നാൽ ഇവയിലെ അനാരോഗ്യകരമായ കൊഴുപ്പ് കരൾ രോഗികൾക്ക് നല്ലതല്ല. അനാവശ്യായ ഭാരവർധനവിനും കൊളസ്ട്രോളിനും ഹൃദ്രോഗത്തിനും അവ കാരണമാകാം. 

ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ
ഉയർന്ന രക്തസമ്മർദം ഉള്ളവർ മാത്രമല്ല ഫാറ്റി ലിവർ രോഗികളും ഉയർന്ന തോതിൽ സോഡിയം അടങ്ങിയ ഭക്ഷണത്തെ ഭയക്കണം. കരളിലെ നീർക്കെട്ടിന് ഇവ കാരണമാകാം. ഉപ്പ് ചേർത്ത സ്നാക്സുകൾ, കാനിലടച്ച സൂപ്പ്, സംസ്‌കരിച്ച മാംസം എന്നിവയിലെല്ലാം അമിതമായി ഉപ്പ് ചേർന്നിരിക്കുന്നതിനാൽ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. 

റിഫൈൻ ചെയ്ത ധാന്യങ്ങൾ
വൈറ്റ് ബ്രഡ്, വൈറ്റ് റൈസ്, പാസ്ത എന്നിങ്ങനെ റിഫൈൻ ചെയ്ത ധാന്യങ്ങൾ ഉപയോഗിച്ച് നിർമിച്ച ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ തോത് വർധിപ്പിക്കുകയും കരളിൽ കൊഴുപ്പടിയാൻ കാരണമാകുകയും ചെയ്യും. ക്വിനോവ, മില്ലറ്റുകൾ, ബ്രൗൺ  റൈസ് പോലുള്ള ഹോൾ ഗ്രെയ്നുകൾ ഇതിനു പകരം കഴിക്കേണ്ടതാണ്.