ഫ്രീസറിൽ ഐസ് കട്ടപിടിച്ച് കുഴപ്പമാകുന്നോ?; ഫ്രിഡ്‌ജ് ഓഫ് ചെയ്യണ്ട, ഇതാ പരിഹാരം

അമിതമായി ഐസ് അടിയാതിരിക്കാൻ നാം ഫ്രിഡ്‌ജ് ഡീഫ്രോസ്‌റ്റ് ചെയ്യാറുണ്ട്. ഫ്രിഡ്‌ജിനടിയിലെ വെള്ളം കെട്ടിക്കിടക്കുന്നതിൽ കൊതുക് മുട്ടയിടുന്നതും ഒരു പ്രശ്‌നമാണ്. ഇവ രണ്ടുമല്ലാതെ മൂന്നാമതൊരു പ്രശ്‌നമുണ്ട്. അത് ഫ്രീസറിൽ ആവശ്യത്തിലധികം ഐസ് വന്നടിയുന്നതാണ്. ഐസ് നിറഞ്ഞാൽ അത് ഇളക്കി കളയുക എന്നത് സാധാരണ ശ്രമകരമായ ജോലിയാണ്. ഫ്രിഡ്‌ജ് ഓഫ് ചെയ്‌ത് തണുപ്പ് കളയാതെ എങ്ങനെ കട്ടപിടിച്ച ഐസ് നീക്കാമെന്ന് നോക്കാം.
ഫ്രിഡ്‌ജിലെ ഫ്രീസറിലുള്ള തെർമോസ്‌റ്റാറ്റ് കേടാകുമ്പോഴാണ് പലപ്പോഴും ഐസ് ഇത്തരത്തിൽ വല്ലാതെ കട്ടപിടിക്കുക. തണുപ്പ് തനിയെ കുറയ്‌ക്കുന്നതിന് ഫ്രിഡ്‌ജിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഈ തെർമോസ്‌റ്റാറ്റ് കേടായാൽ എത്രയും വേഗം അത് മാറ്റിവയ്‌ക്കണം. ഇത്തരത്തിൽ ഐസ് കട്ടപിടിക്കുന്നത് പരിഹരിക്കാം. ഏതെങ്കിലും ഭക്ഷ്യവസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ ഫ്രീസറിൽ കിടന്നാലും ഇത്തരത്തിൽ ഐസ് വന്ന് കട്ടപിടിക്കാം. കൃത്യമായി അകം വൃത്തിയാക്കണം.
ഫ്രീസറിനുള്ളിൽ അമിതമായി വസ്‌തുക്കൾ വയ്‌ക്കുന്നതും കുറയ്ക്കണം. ഇത് തണുപ്പ് ഏറാനും ഐസ് കട്ടപിടിക്കാനും ഇടയാക്കും. ഫ്രീസർ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.ഇതുവഴി കട്ടിയായ ഐസ് രൂപം കൊള്ളുന്നത് തടയാനാകും. ഫ്രീസറിനകം ഇടയ്‌ക്കിടെ വൃത്തിയാക്കാൻ ഇത്തിരി ചൂടുവെള്ളവും ബേക്കിംഗ് സോഡയും ഉപയോഗിക്കുക. ഇതിലൂടെ ഐസ് മാറ്റുക മാത്രമല്ല ഫ്രീസറിലെ കറയടക്കം നീക്കാനുമാകും.