വിവാഹമാണ്, എന്നാൽ പ്രണയവും സെക്‌സുമില്ല; എന്താണ് ഫ്രണ്ട്ഷിപ്പ് മാരേജ്?, ട്രെൻഡായി പുതിയ റിലേഷൻഷിപ്പ്

  1. Home
  2. Lifestyle

വിവാഹമാണ്, എന്നാൽ പ്രണയവും സെക്‌സുമില്ല; എന്താണ് ഫ്രണ്ട്ഷിപ്പ് മാരേജ്?, ട്രെൻഡായി പുതിയ റിലേഷൻഷിപ്പ്

friendship-marriage


ഇപ്പോൾ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന റിലേഷൻഷിപ്പാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. പറഞ്ഞുവരുന്നത്, ജപ്പാനിൽ മാത്രം കണ്ടുവരുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'നെ കുറിച്ചാണ്. പ്രണയവും ലൈംഗികതയും ഇല്ലാതെ ഒരുമിച്ച് പങ്കാളികളായി ജീവിക്കുന്നതിനെയാണ് ഫ്രണ്ട്ഷിപ്പ് മാരേജ് എന്ന് വിളിക്കുന്നത്. ജപ്പാനിൽ ഏകദേശം 124 ദശലക്ഷമാണ് ജനസംഖ്യ. ഈ ജനസംഖ്യയുടെ ഒരു ശതമാനം പേരും ഇത്തരം ഫ്രണ്ട്ഷിപ്പ് മാരേജിലേക്ക് കടക്കുകയാണെന്ന് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലൈംഗിക ബന്ധത്തോട് താൽപ്പര്യമില്ലാത്ത, പരമ്പരാഗത വിവാഹത്തോട് വിമുഖതയുള്ള ആളുകളാണ് ഫ്രണ്ട്ഷിപ്പ് മാരേജിൽ ഏർപ്പെടുന്നത്. ഇത്തരം സൗഹൃദവിവാഹങ്ങളിൽ സ്വവർഗാനുരാഗികൾ, അല്ലാത്തവർ എന്ന വ്യത്യാസവുമില്ല. ഇത്തരം വിവാഹത്തിൽ സ്‌പെഷലൈസ് ചെയ്യുന്ന കോളറസ് എന്ന ഏജൻസിയാണ് ജപ്പാനിലെ പുതിയ ട്രെൻഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. 2015 ഓഗസ്റ്റ് മുതൽ 500ഓളം പേർ ഇത്തരം വിവാഹബന്ധം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് കോളറസ് പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാകുന്നു.

എന്താണ് ഫ്രണ്ട്ഷിപ്പ് മാരേജ്?
പങ്കാളികൾ നിയമപരമായി ഇണകളാണെങ്കിലും പ്രണയമോ ലൈംഗിക ബന്ധമോ ഇല്ലാത്ത ഒരു തരത്തിലുള്ള ബന്ധമാണ് ഫ്രണ്ട്ഷിപ്പ് മാരേജ്. അവർക്ക് ഒരുമിച്ചോ അല്ലാതെയോ ജീവിക്കാം. കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികളുണ്ടാക്കാൻ തീരുമാനിക്കാം. ഈ ബന്ധത്തിൽ, പരസ്പര ഉടമ്പടി ഉള്ളിടത്തോളം, രണ്ട് വ്യക്തികൾക്കും വിവാഹത്തിന് പുറത്തുള്ള മറ്റ് ആളുകളുമായി പ്രണയബന്ധം തുടരാൻ സ്വാതന്ത്ര്യമുണ്ട്.

ഈ ബന്ധം എങ്ങനെ മുന്നോട്ടുപോകും?
പരമ്പരാഗതമായി നിലനിൽക്കുന്ന വിവാഹമോ പ്രണയിച്ച് ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുന്ന രീതിയോ അല്ല ഇവിടെ നിലനിൽക്കുന്നത്. പകരം, ഈ ബന്ധത്തിന് കീഴിൽ, ദമ്പതികൾ സാധാരണയായി വിവാഹത്തിന് മുമ്പ് കണ്ടുമുട്ടും. ശേഷം ജീവിതത്തിൽ വേണ്ട എല്ലാ തീരുമാനങ്ങളും എടുക്കും. ചെലവുകൾ എങ്ങനെ വീതിക്കും, പാചകം, തുണി അലക്കൽ, എന്നിങ്ങനെയുള്ള ജീവിതകാര്യങ്ങളെക്കുറിച്ച് മണിക്കൂറുകളോളം ചർച്ച ചെയ്യും.

ഈ ബന്ധം അൺറൊമാന്റിക് ആണെന്ന് തോന്നുമെങ്കിലും, ഇത്തരം ചർച്ചകൾ 80 ശതമാനം ദമ്പതികളെയും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കോളറസ് പറയുന്നു. ഇങ്ങനെ ബന്ധം ആരംഭിച്ചവരിൽ കുറച്ചുപേർ കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നുമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.

ശരാശരി 32 വയസുള്ളവരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് എന്ന സമ്പ്രദായത്തിലേക്ക് കടക്കുന്നത്. പരമ്പരാഗത വിവാഹ രീതികൾ ഒഴിവാക്കാൻ ശ്രമിക്കുന്ന അലൈംഗിക വ്യക്തികൾക്കിടയിൽ ഈ പ്രവണത വലിയ രീതിയിൽ കണ്ടുവരുന്നു. മാത്രമല്ല, പരമ്പരാഗത വിവാഹ രീതികളോ പ്രണയ ബന്ധങ്ങളോ ഇഷ്ടപ്പെടാത്ത, എന്നാൽ സാമൂഹിക സമ്മർദ്ദങ്ങൾക്ക് വിധേയരായ ചില സ്വവർഗാനുരാഗികളും ഈ പുതിയ പ്രവണത സ്വീകരിക്കുന്നുണ്ട്. ഈ ബന്ധത്തിൽ ഏർപ്പെട്ട ചില ദമ്പതികൾ ഡിവോഴ്‌സിലേക്ക് എത്തിയിട്ടുണ്ടെന്നും ചില ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.