കറിയുണ്ടാക്കുമ്പോൾ വെളുത്തുള്ളി ഇല്ലേ?; എന്നാൽ പകരക്കാരായി ഇവയെ ഉപയോഗിക്കൂ

  1. Home
  2. Lifestyle

കറിയുണ്ടാക്കുമ്പോൾ വെളുത്തുള്ളി ഇല്ലേ?; എന്നാൽ പകരക്കാരായി ഇവയെ ഉപയോഗിക്കൂ

garlic


നമ്മുടെ കറികളിലെ പ്രധാന ചേരുവകളിൽ ഒന്നാണ് വെളുത്തുള്ളി. വിഭവങ്ങളുടെ രുചി വർധിപ്പിക്കാൻ മാത്രമല്ല, അതിന്റെ മണവും ഗുണവും മെച്ചപ്പെടുത്താനും വെളുത്തുള്ളിയ്ക്കു കഴിയും.മീനും ഇറച്ചിയും പോലുള്ളവ വറക്കാനും റോസ്റ്റ് ചെയ്യാനും സോസുകളിലും സൂപ്പുകളിലും തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്രയും വിഭവങ്ങളിലിത് ഉപയോഗിച്ച് വരുന്നു. രുചി വർധിപ്പിക്കുമെന്ന് മാത്രമല്ല, നിരവധി ആരോഗ്യപരമായ ഗുണങ്ങളും പ്രദാനം ചെയ്യാൻ വെളുത്തുള്ളിയ്ക്കു കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന വസ്തുവിൽ, ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട് മാത്രമല്ല പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. എന്നാൽ കറിയുണ്ടാക്കുന്ന സമയത്ത് വെളുത്തുള്ളി ഇല്ലെങ്കിൽ എന്ത് ചെയ്യും? ഇനി അക്കാര്യമോർത്ത് ആശങ്കപ്പെടേണ്ടതില്ല. വീട്ടിലുള്ള മറ്റുചില വസ്തുക്കൾ ഉപയോഗിച്ച് വെളുത്തുള്ളിയുടെ കുറവിനെ ഒരു പരിധി വരെ മറികടക്കാം.

ഉള്ളിത്തണ്ട് 
വെളുത്തുള്ളിയ്ക്കു ഒപ്പം നില്ക്കാൻ കഴിയില്ലെങ്കിലും പകരക്കാരനായി അവതരിപ്പിക്കാവുന്ന ഒന്നാണ് ഉള്ളിത്തണ്ട്. വെളുത്തുള്ളിയുടെ ഗന്ധത്തിനു സമാനമല്ലെങ്കിലും ഇതിന്റെ ഫ്രഷ്‌നെസ്സും മണവും കറികളെ കൂടുതൽ രുചികരമാക്കുന്നു. വെളുത്തുള്ളിയ്ക്കു പകരം ഉള്ളിത്തണ്ട് ഉപയോഗിക്കുമ്പോൾ നല്ലതുപോലെ ചെറുതാക്കിയരിഞ്ഞു ചേർക്കാം. കറിയുടെ അവസാനഘട്ടത്തിൽ മാത്രം ഇത് ചേർക്കാൻ കൂടി ശ്രദ്ധിക്കണം. 

കായം 
വെളുത്തുള്ളിയ്ക്കു പകരക്കാരനായി ഉപയോഗിക്കാവുന്ന മറ്റൊരു വസ്തുവാണ് കായം. മനസിൽ വെയ്ക്കേണ്ടേ ഒരു കാര്യം ഇതിനും വെളുത്തുള്ളിയുടെ മണവും രുചിയും നല്കാൻ കഴിയുകയില്ലെങ്കിലും വേറിട്ടൊരു സ്വാദ് കറിയ്ക്ക് സമ്മാനിക്കാൻ കഴിയും. കായം പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യൻ വിഭവങ്ങളിലാണ്. വെളുത്തുള്ളിക്ക് പകരമായി കായം ഉപയോഗിക്കുമ്പോൾ പൊടി രൂപത്തിലുള്ളത് തന്നെ കറികളിൽ ചേർക്കാൻ ശ്രമിക്കണം. വളരെ കുറച്ചു മാത്രം, അതായത് കാൽ ടീസ്പൂൺ മാത്രം മതിയാകും. ചൂടായ എണ്ണയിലേയ്ക്കോ നെയ്യിലേയ്‌ക്കോ ഇട്ടതിനു ശേഷം കറികളിൽ ചേർക്കാം. കറി തയാറാക്കുന്ന ആദ്യഘട്ടത്തിൽ തന്നെ ഇങ്ങനെ ചെയ്യാവുന്നതാണ്. എങ്കിൽ മാത്രമേ കായത്തിന്റെ ഗന്ധവും രുചിയും പൂർണതോതിൽ കറികൾക്ക് ലഭിക്കുകയുള്ളൂ. 

വെളുത്തുള്ളി പൊടി 
വെളുത്തുള്ളിയ്ക്കു പകരമായി വെളുത്തുള്ളി പൊടി കറികളിൽ ചേർക്കാം. ഫ്രഷ് വെളുത്തുള്ളി ചേർക്കുമ്പോൾ കിട്ടുന്ന ഗുണത്തിനും മണത്തിനുമൊപ്പം തന്നെ നില്ക്കാൻ ഇതിനു കഴിയും. എങ്കിലും വെളുത്തുള്ളി കറികൾക്ക് സമ്മാനിക്കുന്ന ഒരു ഘടന നല്കാൻ വെളുത്തുള്ളിയുടെ പൊടിയ്ക്കു സാധിക്കുകയില്ല. കറികളിൽ ചേർക്കുമ്പോൾ നമ്മുടെ രുചിയ്ക്കു എത്രത്തോളം വെളുത്തുള്ളിയുടെ ഗന്ധം ആവശ്യമുണ്ടോ അത്രയും തന്നെ വെളുത്തുള്ളി പൊടി ചേർക്കാൻ ശ്രദ്ധിക്കണം. എന്നാൽ ഓർമയിൽ വയ്ക്കേണ്ടേ ഒരു കാര്യം, ഫ്രഷ് വെളുത്തുള്ളിയെ അപേക്ഷിച്ച് മണം കൂടുതലായിരിക്കും വെളുത്തുള്ളിയുടെ പൊടിയ്ക്ക്. അതുകൊണ്ടു  കുറച്ചു മാത്രമിട്ടതിനു ശേഷം ആവശ്യമെങ്കിൽ പിന്നീട് ചേർത്ത് കൊടുത്താൽ മതിയാകും.