ഒരു വർഷത്തിനിടെ നീക്കം ചെയ്തത് 2200 വ്യാജ ലോൺ ആപ്പുകൾ; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ

  1. Home
  2. Lifestyle

ഒരു വർഷത്തിനിടെ നീക്കം ചെയ്തത് 2200 വ്യാജ ലോൺ ആപ്പുകൾ; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ

google play


ഒരു വർഷക്കാലയളവിൽ നീക്കം ചെയ്ത വ്യാജ ലോൺ ആപ്പുകളുടെ കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ 2200 വ്യാജ ലോൺ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നീക്കം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. അതേസമയം, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 4000 ലോൺ ആപ്പുകളാണ് ഗൂഗിൾ റിവ്യൂ ചെയ്തത്. ഇതിൽ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്.

ലോൺ ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ കടുത്ത നിയന്ത്രണങ്ങളാണ് ഗൂഗിൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അല്ലെങ്കിൽ, ബാങ്ക് ഇതര സ്ഥാപനങ്ങളോ, അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നവർക്കോ മാത്രമേ ലോൺ ആപ്പുകൾ പ്രസിദ്ധീകരിക്കാൻ കഴിയുകയുള്ളൂ. ഇതിനോടൊപ്പം കർശന മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. അതേസമയം, ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ഉപഭോക്താക്കൾ കമ്പനിയെ കുറിച്ചുള്ള വിശദാംശങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ, ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകുന്ന പെർമിഷനുകളും കൃത്യമായി പരിശോധിക്കണം.

വ്യാജ ലോൺ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോർഡുകളുമായി കേന്ദ്രസർക്കാർ സഹകരിച്ച് വരികയാണ്. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ എസ്എംഎസ്, റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി ക്യാമ്പയിൻ എന്നിവയിലൂടെയെല്ലാം ജനങ്ങൾക്ക് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നുണ്ട്.