നരയില്ലാത്ത ഇടതൂർന്ന തലമുടി സ്വന്തമാക്കാം; എണ്ണയും കോഴിമുട്ടയുടെ വെള്ളയും മതി

  1. Home
  2. Lifestyle

നരയില്ലാത്ത ഇടതൂർന്ന തലമുടി സ്വന്തമാക്കാം; എണ്ണയും കോഴിമുട്ടയുടെ വെള്ളയും മതി

HAIR


ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യങ്ങളിൽ പലപ്പോഴും മുടിയുടെ സംരക്ഷണം മറന്നു പോകും. ഫലമോ താരനും മുടി കൊഴിച്ചിലും. അൽപം കരുതലും സംരക്ഷണവും നൽകിയാൽ ഏത് മുടിയും മനോഹരമാക്കാം. വരണ്ടത്, എണ്ണമയമുള്ളത്, നീളൻ മുടി, ചുരുണ്ട മുടി തുടങ്ങി ഏത് തരം മുടിയും കുറഞ്ഞ സമയം കൊണ്ട് വീട്ടിലിരുന്ന് പരിപാലിക്കാനുള്ള ചില പൊടിക്കൈകൾ ഇതാ.

കരുത്ത് പകരാൻ മുട്ട
മുടിയിഴകളുടെ സംരക്ഷണം എപ്പോഴും വേരിൽ നിന്നാണ് നൽകേണ്ടത്. മുടിപ്പുറമേ പുരട്ടുന്ന ഷാമ്പൂപോലുള്ളവ മുടി വളർച്ച കൂട്ടില്ല. വളർച്ചയ്ക്ക് ഏറ്റവും നല്ലത് പ്രോട്ടീൻ ട്രീറ്റ്‌മെന്റാണ്. പേര് കേട്ട് പേടിക്കേണ്ട. നമ്മുടെ കോഴിമുട്ടയാണ് കഥയിലെ താരം. കോഴിമുട്ടയുടെ വെള്ള തലയിൽ തേച്ചു പിടിപ്പിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മാത്രം മതി. വിരലുകൾ ഉപയോഗിച്ച് വേണം മുട്ട തലയിൽ മസാജ് ചെയ്ത് പിടിപ്പിക്കാൻ. അരമണിക്കൂർ നേരം ഇത് മുടിയുടെ വേരിൽ തേച്ച് പിടിപ്പിക്കണം. മുട്ടയിലെ പ്രോട്ടീൻ മുടിവേരുകൾക്കിടയിലേക്ക് ഇറങ്ങി മുടിയ്ക്ക് ശക്തി കിട്ടാനാണ് ഇത്. തലമുടിക്ക് തിളക്കം കിട്ടുകയും തലമുടി സമൃദ്ധമായി വളരുകയും ചെയ്യും. മാസത്തിൽ ഒരു പ്രാവശ്യമെന്ന കണക്കിൽ ഇത് കൃത്യമായി ചെയ്യണം.

കൊഴിയാതിരിക്കാൻ ഹോട്ട് ഓയിൽ മസാജ്
കൈതോന്നിയും കറ്റാർവാഴയും ചെമ്പരത്തിയും കീഴാർനെല്ലിയും കാട്ടുനെല്ലിയുമൊക്കെ ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയോളം വരില്ല ഒരു ഹെയർ ഗ്രോത്ത് ടോണിക്കും ഷാമ്പുവും. ഇനി ഈ പറയുന്നതൊന്നും കിട്ടാനില്ലെങ്കിലും സാരമില്ല, എണ്ണമാത്രം മതി തലമുടി വളരാൻ. നന്നായി മസാജ് ചെയ്ത് തലയോട്ടിയിൽ പിടിപ്പിക്കണമെന്ന് മാത്രം.വെളിച്ചെണ്ണ, നല്ലെണ്ണ, ബദാ എണ്ണം, ഒലീവ് എണ്ണ ഇതിൽ ഏതെങ്കിലുമൊന്ന് മസാജിനായി ഉപയോഗിക്കാം.

മസാജിനായി ഉപയോഗിക്കുന്ന എണ്ണ എപ്പോഴും സെക്കന്റ് ബോയിലിംഗിലൂടെ (ചൂടുവെള്ളത്തിന് മുകളിൽ വച്ച് ചൂടാക്കി എടുക്കുന്ന രീതി ) വേണം ചൂടാക്കാൻ. എണ്ണ തിളച്ചു പോവാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇളം ചൂടോട് കൂടിയ എണ്ണ തലയോട്ടിയിലേക്ക് കൈവിരലുകൾ ഉപയോഗിച്ച് തേച്ചു പിടിപ്പിക്കണം. മസാജ് ചെയ്യുമ്പോൾ തലയുടെ പിൻഭാഗത്ത് നിന്നും മുന്നിലേയ്ക്ക് മൃദുവായി വേണം ചെയ്യാൻ. അരമണിക്കൂർ കഴിയുമ്പോൾ സ്റ്റീം നൽകുക. ഇതിനായി ചൂടുവെള്ളത്തിൽ മുക്കിയ കട്ടിയുള്ള തുണിയോ ടർക്കിയോ മുടിയിൽ അഞ്ച് മിനിറ്റ് ചുറ്റി വയ്ക്കാം.

എണ്ണ കൂടുതൽ ഉപയോഗിച്ചാൽ നീരിറക്കമോ അസുഖങ്ങളോ ഉണ്ടാകുന്നവർക്ക് അരമണിക്കൂർ എന്ന സമയ പരിധി ആവശ്യാനുസരണം കുറയ്ക്കാം. ശേഷം മുടി ഷാംപുവോ താളിയോ ഉപയോഗിച്ച് കഴുകി കെട്ടി വെയ്ക്കാതെ ഉണക്കാം. അകാലനര, മുടി കൊഴിച്ചിൽ, താരൻ അറ്റം പിളരൽ തുടങ്ങി മുടിയുടെ ഒട്ടു മിക്ക പ്രശ്നങ്ങളെയും തടുക്കാൻ ഈ 'ഹോട്ട്'ഓയിൽ മസാജിന് കഴിയും. ആഴ്ചയിൽ ഒരു തവണ ഹോട്ട് ഓയിൽ ശീലിക്കുന്നത് മുടിയിഴകളെ ആരോഗ്യ പൂർണമാക്കും.

താരന് വിട
മുടികൊഴിച്ചിലിനൊപ്പം മുടിയുടെ വളർച്ച തടയുന്നതിനാൽ തന്നെ താരനെ പടിക്കുപുറത്ത് നിർത്താൻ എപ്പോഴും ശ്രദ്ധിക്കണം. എണ്ണമയമുള്ള താരൻ, ഇല്ലാത്ത താരൻ എന്നിങ്ങനെ രണ്ടുണ്ട് താരൻ. ഇതിൽ എണ്ണമയമുള്ള താരനാണ് അപകടകാരി.

താരൻ അകറ്റാൻ

  • തലയോട്ടിയിൽ കറ്റാർവാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.
  • എണ്ണ തേച്ചതിന് ശേഷം ചെറുപയർ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക.
  • തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുക.
  • അല്പം ചെറുനാരങ്ങാനീര് വെള്ളത്തിലോ തൈരിലോ ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക.
  • വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേർത്ത് തലയിൽ തേക്കുന്നത് താരനകറ്റാൻ സഹായിക്കും.
  • തൈര് തലയിൽ തേച്ചു പിടിപ്പിച്ച് പത്തു മിനുറ്റിന് ശേഷം കുളിക്കുക.
  • പുളിച്ച കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുക.


കുടിച്ചോ കുടിച്ചോ വെള്ളം കുടിച്ചോ!

ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളർച്ചയ്ക്കും വെള്ളം വേണം. മുടി വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതും വെള്ളം തന്നെ. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കൂടുതൽ കുടിക്കുന്നതിലൂടെ ശരീരത്തിൽ മുടി വളർച്ചയ്ക്കാവശ്യമായ വിറ്റാമിനുകൾ ഉത്പ്പാദിപ്പിക്കപ്പെടുന്നു. മുടി വളർച്ച ത്വരിതഗതിയിലാക്കുന്നു. മുടിയുടെ വേരുകൾക്ക് ബലം നൽകുന്നതിനും വെള്ളം സഹായിക്കുന്നു. ഇതു കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതും മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറെ ആവശ്യമാണ്. ധാരാളം ഇലക്കറികളും പഴവർഗങ്ങളും കടല, പയർ, പരിപ്പ് തുടങ്ങിയ ധാന്യങ്ങൾ, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അകാല നരയകറ്റാം
മുടി നരയ്ക്കുന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ സ്ഥിരമാണ്. ഇതിനെ പ്രതിരോധിയ്ക്കാനാണ് പലരും മുടി കളർ ചെയ്യുന്നതടക്കമുള്ള കലാപരിപാടികൾ മുടിയിൽ ചെയ്യാറുണ്ട്. എന്നാൽ ഇതൊരു ശാശ്വത പരിഹാരമല്ല. തലമുടി നരയ്ക്കാതിരിക്കാൻ ചില വിദ്യകളിതാ!

  • നാലോ അഞ്ചോ നെല്ലിക്ക കുഴമ്പാക്കി തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. രണ്ടാഴ്ച കൂടുമ്പോൾ ഇത് ആവർത്തിക്കുക.
  • വെളിച്ചെണ്ണയിൽ കറിവേപ്പിലയിട്ട് ചൂടാക്കുക. ഈ എണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. ദിവസവും ഇത്തരത്തിൽ ചെയ്താൽ അകാല നര ഇല്ലാതാകുന്നു.
  • രണ്ട് ടീസ് പൂൺ ഹെന്ന ഒരു ടീസ് പൂൺ ഉലുവപൊടിയിൽ ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയുക. കറ്റാർവീഴ നീര് ഉപയോഗിച്ച് ഇതിന് ശേഷം തല വൃത്തിയാക്കാം.
  • ശുദ്ധമായ പശുവിൻ പാലിൽ നിന്നെടുത്ത വെണ്ണ അകാല നരയ്ക്ക് ഉത്തമപ്രതിവിധിയാണ്. വെണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.

വിണ്ടു കീറൽ ഇല്ലാതാക്കാം
തലമുടിയുടെ അറ്റം വിണ്ടുകീറുന്നത് വളർച്ചയെ കാര്യമായി ബാധിക്കും. ഇത് പരമവധി ഇല്ലാതാക്കുകയാണ് തലമുടി സംരക്ഷണത്തിൽ ആദ്യ ചെയ്യേണ്ടത്. ഇതിനായി

  • കൃത്യമായ ഇടവേളകളിൽ മുടി വെട്ടുക.
  • പല്ലകലമുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക.
  • തല കഴുകുവാൻ ചൂടുവെള്ളം ഉപയോഗിക്കരുത്.
  • മുടി ഉണങ്ങാൻ ഹെയർ ഡ്രയർ ഉപയോഗിക്കാതിരിക്കുക. ഇത് മുടിയെ കൂടുതൽ വരണ്ടതാക്കി മാറ്റും. കൂടാതെ മുടി കൂടിപ്പിടിക്കാനും പൊട്ടിപ്പോകാനും ഇടയാക്കുന്നു.
  • രണ്ടു ദിവസം കൂടുമ്പോൾ ചെമ്പരത്തിത്താളിയോ, പയറുപൊടിയോ, മൈൽഡ് ഷാമ്പുവോ ഉപയോഗിച്ച് മുടി വൃത്തിയാക്കുക.