മഴ നനയുന്നത് മുടിക്ക് അത്ര നന്നല്ല; മഴയത്ത് കുളിക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം
മഴക്കാലത്ത് മുടിക്ക് പലതരം പ്രശ്നങ്ങൾ ഉണ്ടാകാം. ഉയർന്ന ഹ്യുമിഡിറ്റി, പെട്ടെന്ന് ശക്തിയായി പെയ്യുന്ന മഴ, അന്തരീക്ഷസ്ഥിതി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുടി പൊട്ടിപ്പോകുക, ജട കെട്ടുക, തലയോട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാകുക എന്നിവയെല്ലാം മഴക്കാലത്ത് ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്.
മുടിയും തലയും വൃത്തിയോടെ പരിപാലിക്കുക
മഴക്കാലത്ത് മുടിയിലും ഈർപ്പത്തിന്റെ അംശം കൂടുതലായിരിക്കും. ഈർപ്പം സൂക്ഷ്മജീവികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. സൂക്ഷ്മജീവി വളർച്ചയും അതെത്തുടർന്ന് തലയോട്ടിയിൽ ഫംഗസ് വളർച്ചയും താരനും ഉണ്ടാകാനിടയുണ്ട്. അതിനാൽ മഴക്കാലത്ത് വീര്യം കുറഞ്ഞ, ശരിയായ പിച്ച്മൂല്യമുള്ള ഒരു ഷാംപൂ ഉപയോഗിച്ച് നിരന്തരമായി തല കഴുകുക. കഴുകിയതിന് ശേഷം നന്നായി മുടി ഉണക്കാനും ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഫംഗസ് വളർച്ചയുണ്ടാകും. മുടി ഉണക്കാൻ മൈക്രോഫൈബർ തോർത്ത് ഉപയോഗിക്കാം. അധികം ബലം കൊടുക്കാതെ മുടി ഉണക്കുക.
കട്ടിയില്ലാത്ത കണ്ടീഷ്ണർ തിരഞ്ഞെടുക്കുക
അന്തരീക്ഷത്തിലെ ഈർപ്പത്തിൽ ഒരംശം മുടി ആഗിരണം ചെയ്യും. അത് മുടിയെ കനമുള്ളതും ഒട്ടിപ്പിടിക്കുന്നതും ആക്കും. ഈ സാഹചര്യത്തിൽ കണ്ടീഷ്ണർ കൂടി ഇട്ടാൽ മുടിക്ക് ഭാരം വർധിക്കാം ഇത് ഒഴിവാക്കാൻ കട്ടി കുറഞ്ഞ കണ്ടീഷ്ണർ തിരഞ്ഞെടുക്കാം.
മുറുക്കി കെട്ടാതിരിക്കുക
പോണിടെയിൽ ആയാലും ബൺ ആയാലും മുടി വലിയുന്ന രീതിയിൽ മുറുക്കി കെട്ടാതിരിക്കുക. മുടിയിൽ സമ്മർദ്ദം പ്രയോഗിച്ച് വലിച്ച് കെട്ടുമ്പോൾ ഹെയർ ഫോളിക്കുകളിൽ സമ്മർദ്ദം വരുന്നു. പ്രത്യേകിച്ച് നനഞ്ഞ മുടി വലിയുമ്പോൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. തലയോട്ടിയിലും മുടിവേരുകളിലുമുള്ള സമ്മർദ്ദം കുറയ്ക്കാൻ അയഞ്ഞ ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുക. മുടി കെട്ടാൻ ഉപയോഗിക്കുന്ന ബണ്ണുകളും സ്ക്രഞ്ചീസും വളരെ സോഫ്റ്റ് ആയിരിക്കണം.
മഴവെള്ളം മുടിയിൽ വീഴാതെ ശ്രദ്ധിക്കുക
മഴവെള്ളം അസിഡിക് ആണ്. മുടിയിലെ സ്വാഭാവിക എണ്ണകളെ നശിപ്പിക്കാൻ അസിഡിക് ആയ മഴവെള്ളത്തിന് കഴിയും. അതുകൊണ്ട് മുടിയിൽ മഴവെള്ളം തട്ടാതെ പരമാവധി ശ്രദ്ധിക്കുക. ഇനി അഥവാ നനഞ്ഞാൽ ശുദ്ധജലത്തിൽ തല കഴുകുക.
എണ്ണയോ, ജട പിടിക്കാതിരിക്കാനുള്ള സിറമോ ഉപയോഗിക്കുക
മഴക്കാലത്ത് ജട പിടിച്ച് മുടിയുടെ മാർദ്ദവം നഷ്ടപ്പെടുന്നത് സാധാരണയാണ്. ഉയർന്ന ആർദ്രത മുടിയിലെ ഹൈഡ്രജൻ ബോണ്ടുകളെ അസ്വസ്ഥമാക്കുന്നത് കൊണ്ടാണിത്. പ്രകൃതിദത്ത എണ്ണകളോ ആന്റി ഫ്രിസ് സിറമോ സിലിക്കൺ അടങ്ങിയ ഹെയർ ഓയിലുകളോ ഉപയോഗിക്കുന്നത് മുടി സ്മൂത്ത് ആക്കാനും ഈർപ്പം വലിച്ചെടുക്കുന്നത് തടയാനും സഹായിക്കും. ഇവ കുറഞ്ഞ അളവിൽ മുടിയിടെ അറ്റങ്ങളിൽ തേക്കുക.
കൃത്യമായ ഇടവേളകളിൽ മുടി വെട്ടുക
മുടിയുടെ അറ്റം പിളരുന്നതും തുടർന്ന് പൊട്ടിപ്പോകുന്നതും തടയാൻ കൃത്യമായ ഇടവേളകളിൽ മുടി വെട്ടേണ്ടത് ആവശ്യമാണ്. 6-8 ആഴ്ച കൂടുമ്പോൾ മുടി വെട്ടിയാൽ മുടിയുടെ അറ്റങ്ങളിലെ കേടുപാടുകൾ കുറയ്ക്കാം.
പോഷകസമ്പുഷ്ടമായ ആഹാരം
ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ശരീരത്തിലാണ് ഉണ്ടാകുക. ആവശ്യത്തിന് വൈറ്റമിനുകളും ധാതുക്കളും പ്രോട്ടീനും അടങ്ങിയ ആഹാരം ശീലമാക്കുക. ബയോട്ടിൻ, വൈറ്റമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ മുടിക്ക് ബലമേകും.
വെള്ളം കുടിക്കുക
തലയോട്ടിയുടെ ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.)