പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഈ ഏഴ് കാര്യങ്ങൾ സഹായിച്ചേക്കും
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്നത് വിദ്യാർഥികൾ പൊതുവെ പറയുന്ന ഒരു പ്രശ്നമാണ്. ഇത് അവരുടെ ക്ലാസിലെയും പരീക്ഷകളിലെയും പ്രകടനത്തെ മോശമായി ബാധിക്കാറുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1) സ്ഥലവും സമയവും
പഠന സ്ഥലവും പഠിക്കാൻ തിരഞ്ഞെടുക്കുന്ന സമയവയും പ്രധാനമാണ്. ശാന്തമായ ഒരു അന്തരീക്ഷമാണ് പഠിക്കാൻ ഏറ്റവും അനുയോജ്യം. ശ്രദ്ധ പതറുന്ന കാര്യങ്ങൾ ചുറ്റുപാടും ഉണ്ടെങ്കിൽ അത്തരം സ്ഥലങ്ങൾ ഒഴിവാക്കുക. ചില കുട്ടികൾ പരീക്ഷാ നാളുകളിൽ പഠനത്തിനായി കൂടുതൽ സമയം ഉപയോഗിക്കാറുണ്ട്. ഇതിന് പകരമായി നിലവിലുള്ള സമയത്തെ തന്നെ ഫലപ്രദമായി വിനിയോഗിക്കുക. എല്ലാ ദിവസവും ഒരേ സമയം പഠിക്കാനായി തിരഞ്ഞെടുക്കുക
2) ടൈം ടേബിൾ
ഓരോ വിഷയം പഠിക്കാനും പ്രത്യേക സമയം തയ്യാറാക്കി അത് പിന്തുടരുക. ഇത് പഠനം എളുപ്പമാക്കാനും റിവിഷൻ എളുപ്പമാക്കാനുമൊക്കെ സഹായിക്കും.
3) ഇടവേളകൾ
പഠിക്കാൻ ഉദ്ദേശിച്ച ഒരു വിഷയം പഠിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ അടുത്ത വിഷയം എടുത്ത് പഠിക്കാൻ ഇരിക്കരുത്. ഇടവേള ആവശ്യമാണ്. മടുപ്പ് ഒഴിവാക്കി മനസിനെ ഫ്രഷ് ആക്കാനും പുതിയ വിഷയം കൂടുതൽ ശ്രദ്ധയോടെ പഠിക്കാനും ഇടവേളകൾ അനിവാര്യമാണ്.
4) ഉറക്കം വേണം
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണ്. നല്ല ഉറക്കം കിട്ടിയാൽ അത് ഉന്മേഷത്തോടെ പഠിക്കാൻ കുട്ടികളെ സഹായിക്കും.
5) ആഹാരശീലം
ചില കുട്ടികളെങ്കിലും ആഹാരവും വെള്ളവും പോലും ഉപേക്ഷിച്ച് പഠിക്കാനായി സമയം ചെലവിടുന്നത് കാണാറുണ്ട്. അത് ആരോഗ്യം മോശമാക്കുകയേയുള്ളൂ. അതിനാൽ കൃത്യ സമയത്ത് ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
6) പഠന സാമഗ്രികൾ
പഠനത്തിന് സഹായിക്കുന്ന വസ്തുക്കൾ ഉപയോഗപ്പെടുത്തുക. ചാർട്ടുകൾ, ഡയഗ്രം, ഫ്ലാഷ് കാർഡ് എന്നിവയൊക്കെ ഉപയോഗപ്പെടുത്തി പഠിക്കുന്നത് പഠനം രസകരമാക്കും.
7) മൾട്ടി ടാസ്കിങ് വേണ്ട
ഒരേ സമയം പല കാര്യങ്ങൾ പഠന സമയത്ത് ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയെ തടസ്സപ്പെടുത്തും. ഒരേ സമയം തന്നെ പല വിഷയങ്ങൾ എടുത്ത് പഠിക്കുന്ന ശീലം ഒരിക്കലും സഹായകരമായിരിക്കില്ല
8) ശ്രദ്ധ കേന്ദ്രീകരിക്കാൻ
പഠനത്തിൽ മാത്രമല്ല, എന്ത് കാര്യം ചെയ്താലും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബ്രീത്തിങ്, മെഡിറ്റേഷൻ എന്നിവ ശീലമാക്കാം.
9) വിജയം സ്വപ്നം കാണാം
പരീക്ഷകളിൽ ഉന്നത വിജയം നേടുന്നത് ഭാവനയിൽ കാണുന്നത് നിങ്ങളെ കൂടുതൽ പ്രചോദിതരാക്കി പഠിക്കാൻ സഹായിക്കും.
പഠിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
1) പാഠഭാഗങ്ങൾ വെറുതെ വായിച്ച് വിടുന്നതിന് പകരം ആഴത്തിൽ ഓരോ വിഷയവും മനസിലാക്കാൻ ശ്രദ്ധിക്കുക. പ്രധാന പോയിന്റുകൾ നോട്ട് ചെയ്യുക. ഇക്വേഷൻസ് എഴുതി പഠിക്കുക. കാണാപാഠം പഠിക്കുന്ന രീതി നല്ലതല്ല
2) വലിയ പാഠഭാഗങ്ങൾ ഓരോന്നും ചെറിയ ഭാഗങ്ങളാക്കി തിരിച്ച് പഠിക്കാൻ ശ്രമിക്കുക. ഇത് പഠനം എളുപ്പമാക്കാനും കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാനും സഹായിക്കും.
3) പഠന സമയത്ത് ഇടവേള എടുക്കുന്നത് പ്രധാനമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ പ്രധാനമാണ് ഒരല്പ നേരം നിങ്ങൾക്കായി മാറ്റി വെയ്ക്കുന്നതും. സെൽഫ് കെയർ ഓരോരുത്തർക്കും വേണ്ടപ്പെട്ടതാണ്. എക്സർസൈസ് ചെയ്യാനും, പ്രിയപ്പെട്ടവരുടെ സമയം പങ്കിടാനുമൊക്കെ ഒരല്പ നേരം മാറ്റി വെയ്ക്കാം.