കൈ വിരലുകളുടെ ഞൊട്ട ഒടിച്ചാൽ എല്ലുകൾ തേയുമോ?; അറിയാം

  1. Home
  2. Lifestyle

കൈ വിരലുകളുടെ ഞൊട്ട ഒടിച്ചാൽ എല്ലുകൾ തേയുമോ?; അറിയാം

hand


കൈ വിരലുകളുടെ ഞൊട്ട ഒടിയ്ക്കുന്നത് പലർക്കുമുള്ള ശീലമാണ്. വെറുതേയിരിയ്ക്കുമ്പോഴോ അല്ലാത്തപ്പോഴോ യാദൃശ്ചികമായി ചെയ്യുന്ന ഒന്നാണ് വിരലിന്റെ ഞൊട്ടയൊടിയ്ക്കൽ. ചിലർക്ക് ഞൊട്ടയൊടിയ്ക്കുമ്പോൾ കേൾക്കുന്ന ശബ്ദം ഒരു രസമായിരിയ്ക്കും.

ഇത്തരത്തിൽ ഞൊട്ടയൊടിയ്ക്കുമ്പോൾ വിരൽ ഒടിയും എന്നെല്ലാം പറയുന്നവരുമുണ്ടാകും. വാസ്തവത്തിൽ ഞൊട്ടയൊടിയ്ക്കുമ്പോൾ എല്ലിനോ വിരലിനോ ദോഷം വരുമോ.

ശരീരത്തിലെ വിരൽ ഉൾപ്പെടെയുള്ള ജോയന്റുകൾ ചേരുന്നിടത്ത് ഒരു ഫ്ളൂയിഡ് കൂടിയുണ്ടാകും. ഇത് സൈനോവിൽ ഫ്ളൂയിഡ് എന്നാണ് അറിയുന്നത്. ഇത് ജോയന്റുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഈ ഫ്ളൂയിഡുകളിൽ പല വാതകങ്ങളും അടങ്ങിയിട്ടുണ്ട് നാം ഞൊട്ടയൊടിയ്ക്കുമ്പോൾ ഈ ഫ്ളൂയിഡിലെ പ്രഷർ കുറയുകയും ഇത് വായു കുമിളയായി മാറുകയും ചെയ്യുന്നു. ഇതാണ് ഞൊട്ടയൊടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമായി കേൾക്കുന്നത്. ഈ കുമിള വീണ്ടും ആ ഫ്ളൂയിഡിലേയ്ക്ക് അലിഞ്ഞു ചേരാൻ ഏതാണ്ട് 20 മിനിറ്റെടുക്കും. ഇതിനാൽ ഇത്രയും സമയം വീണ്ടും ഞൊട്ടയൊടിച്ചാൽ ശബ്ദമുണ്ടാകില്ല. ഇത് അലിഞ്ഞു ചേർന്നാൽ വീണ്ടും ശബ്ദമുണ്ടാകും. ഇത്തരം ഫ്ളൂയിഡ് ഉള്ളിടത്തെല്ലാം ഈ ശബ്ദം കേൾക്കാം. ഷോൾഡറിലും കഴുത്ത് തിരിയ്ക്കുമ്പോഴുമെല്ലാം ചിലപ്പോൾ ഈ ശബ്ദം കേൾക്കുന്നതിന്റെ കാരണം ഇതാണ്.

എല്ലുതേയ്മാനം
ഇത്തരം ശബ്ദം എല്ലുതേയ്മാനമുണ്ടാക്കുമോയെന്ന ഭയം പലർക്കുമുണ്ട്. ഇത്തരം സംശയം പലർക്കുമുണ്ട്. ഇതിനാൽ 50 വർഷമെടുത്ത് അമേരിക്കയിലെ ഡോണാൾഡ് എന്ന ഡോക്ടർ ഇതെക്കുറിച്ച് പഠനം നടത്തി. അദ്ദേഹത്തിന്റെ ഇടതു കയ്യിൽ അദ്ദേഹം തുടർച്ചയായി ഞൊട്ടയൊടിച്ചു. 365000 തവണ അദ്ദേഹം ഇതുപോലെ ഞൊട്ടയൊടിച്ചു. അതേ സമയം വലതു കയ്യിൽ ഇത് ചെയ്തില്ല. ഈ വർഷങ്ങൾക്ക് ശേഷം അദ്ദേഹം റിപ്പോർട്ടും നൽകി. രണ്ടു കൈകളിലേയും എല്ലുകൾ ഒരേ പോലെയാണ്. അതായത് ഞൊട്ടയൊടിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും എല്ലുകൾക്ക് സംഭവിച്ചിട്ടില്ല.

സന്ധിതേയ്മാനം
അതേ സമയം നമ്മുടെ സന്ധികളിലും മറ്റും തുടർച്ചയായി കേൾക്കുന്ന ചില ശബ്ദങ്ങൾ, ഉദാഹരണത്തിന് നാം പടികൾ കയറുമ്പോൾ കാൽമുട്ടിലുണ്ടാകുന്ന ചില ശബ്ദങ്ങളും മറ്റും എല്ലുതേയ്മാനം സംഭവിയ്ക്കുന്നതിന്റെ നേരത്തെയുള്ള ലക്ഷണങ്ങളായി എടുക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇതു പോലെ കഴുത്ത് തിരിയ്ക്കുമ്പോൾ കേൾക്കുന്ന ശബ്ദം, നട്ടെല്ലിൽ കേൾക്കുന്ന ശബ്ദം, കാൽമുട്ടുകളിൽ തുർച്ചയായി കേൾക്കുന്ന ശബ്ദം എല്ലാം സന്ധിതേയ്മാനം സംഭവിയ്ക്കുന്നതിന്റെ സാധ്യത കൂടിയാണെന്ന് പറയാം. അതായത് വലിയ ഭാരം താങ്ങുന്ന സന്ധിഭാഗങ്ങളിൽ വരുന്ന ശബ്ദം.

വേദനയുണ്ടാകുന്നുവെങ്കിൽ
അതേ സമയം ഞൊട്ടയൊടിയ്ക്കുമ്പോൾ ശബ്ദം കേൾക്കുന്നതിന് പകരം വേദനയുണ്ടാകുന്നുവെങ്കിൽ, ഇതുപോലെ ഞൊട്ടയൊടിയ്ക്കുമ്പോൾ വേദന കൂടുതലായി ഉണ്ടെങ്കിൽ ഇത് റ്യുമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളുടെ സൂചന കൂടിയാകാം. ഇതിനാൽ ഇത് ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്. ഇത്തരക്കാർ ഞൊട്ടയൊടിയ്ക്കുമ്പോൾ വീക്കം കൂടുകയും ഇത് സന്ധികൾക്ക് ദോഷം വരുത്തുകയും ചെയ്യുന്നു.