എന്നാൽ നല്ല ചൂട് കഞ്ഞി കുടിച്ചാലോ; ഈ ഗുണങ്ങളെല്ലാം കൂടെ പോരും

  1. Home
  2. Lifestyle

എന്നാൽ നല്ല ചൂട് കഞ്ഞി കുടിച്ചാലോ; ഈ ഗുണങ്ങളെല്ലാം കൂടെ പോരും

kanji


ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമുണ്ടെങ്കിൽ അത്താഴം സുഭിഷമായി എന്നു കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. രാത്രി മാത്രമല്ല, രാവിലെയും, പാടത്തെ പണിയ്ക്കു ശേഷവുമെല്ലാം കഞ്ഞി കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാലിന്ന് പ്രഭാത ഭക്ഷണത്തിന് പൊറോട്ടയും ദോശയും പുട്ടും ഇഡ്ഡലിയുമൊക്കെ നിർബന്ധമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ തലേന്ന് ഉണ്ടാക്കുന്ന ചോറിൽ വെള്ളമൊഴിച്ച് ഒരു രാത്രി സൂക്ഷിച്ചതിന് ശേഷം കിട്ടുന്ന പഴംകഞ്ഞി രാവിലെ കഴിക്കാൻ കിട്ടിയാൽ നമ്മളിൽ പലരും ആസ്വദിക്കും എന്ന് പറഞ്ഞാലോ ഒട്ടും അതിശയോക്തി ആവുകയുമില്ല. കാരണം ഇന്നത്തെ ന്യൂ ജൻ കാലത്ത് വിവിധ വെറൈറ്റികളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ വരെ താരമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ കഞ്ഞിയും പഴങ്കഞ്ഞിയും എല്ലാം.

ഒരു ദിവസം ആരംഭിക്കുന്നത് പഴംകഞ്ഞി കുടിച്ചാണെങ്കിൽ അന്നത്തെ ദിവസം പിന്നെ മറ്റൊന്നും കഴിച്ചില്ലെങ്കിൽ പോലും എനെർജിയോടെ ഇരിക്കാൻ പറ്റുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനാൽ തന്നെയാണ്, പണ്ടു കാലത്ത് പാടത്തും പറമ്പിലും എല്ലു മുറിയെ പണിയെടുത്തിരുന്ന ഒരു തലമുറയുടെ കാലത്ത് കഞ്ഞിയും പഴങ്കഞ്ഞിയുമെല്ലാം ആസ്വാദ്യകരമായ ഭക്ഷണമായതും. വിളർച്ച, ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ, മലബന്ധം എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും ഹൃദ്രോഗത്തെ തടയാനും പഴങ്കഞ്ഞി വളരെ നല്ലതാണ്. പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, സെലീനിയം തുടങ്ങിയവയുടെ കലവറ കൂടിയാണ് പഴങ്കഞ്ഞി.

കഞ്ഞിയുടെ വെള്ളത്തിനുമുണ്ട് ഏറെ പ്രത്യേകതകൾ. കഞ്ഞിവെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നതിൽ യാതൊരു സംശയവുമില്ല. ആരോഗ്യ ഗുണങ്ങളോടൊപ്പം തന്നെ പല സൗന്ദര്യപ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. ഊർജസ്വലത ഇല്ലാതിരിക്കുന്നവർക്ക് ശരീര ക്ഷീണം മാറ്റി ഊർജം തിരികെ ലഭിക്കാൻ ഈ ഭക്ഷണം ഏറെ സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിൻ ബി-യും സൂക്ഷ്മജീവികളും ശരീരത്തിലെ അമ്ലത കുറയ്ക്കും. ഇത് കുടൽവ്രണം ശമിക്കാൻ സഹായിക്കുന്നു. പഴംകഞ്ഞിയിലുള്ള ലാക്ടിക് അമ്ലം പ്രസവിച്ച സ്ത്രീകളുടെ പാലുത്പാദനം കൂട്ടും.

ഇതിലുള്ള നല്ല ബാക്ടീരിയകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകവഴി മലബന്ധവും മാറ്റുന്നുണ്ട്. 'കൊളാജൻ' എന്ന ഘടകത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ പഴംകഞ്ഞിയുടെ ഉപയോഗം ചർമ്മത്തിന്റെ അഴക് വർധിപ്പിക്കുകയും അലർജി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യുന്നു. പൊട്ടാസ്യം ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും പഴംകഞ്ഞി ഉത്തമമാണ്. ഓരോ ദിവസവും വ്യത്യസ്ത ഇനം കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് വിവിധ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. കഞ്ഞിയിൽ ഉള്ള മറ്റൊരു പ്രധാന ഐറ്റമാണ് കർക്കിടക കഞ്ഞി. സാധാരണ കഞ്ഞിയിൽ നിന്നും വ്യത്യസ്തമായി നമ്മളുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഔഷധങ്ങൾ ഇതിൽ ചേർക്കുന്നുണ്ട്. ചിലർ ഉലുവ മാത്രം ഇട്ട് ഈ കഞ്ഞി തയ്യാറാക്കാറുണ്ട്. ചിലർ ജീരകം ചേർത്തും, അതുപോലെതന്നെ, ചിലർ നാളികേരം ചേർത്തുമെല്ലാം തന്നെ ഓരോ ദിവസവും വ്യത്യസ്ത കഞ്ഞികൾ തയ്യാറാക്കുന്നു. ഇത്തരം കഞ്ഞി തയ്യാറാക്കുമ്പോൾ മട്ട അരിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞിയും മറ്റൊരു താരം തന്നെയാണ്. പറഞ്ഞു വരുന്നത് പണ്ട് നമ്മൾ പറയും പോലെ കഞ്ഞിയെന്നത് മലയാളികൾക്ക് ഗൃഹാതുരത ഉണർത്തുന്ന വെറുമൊരു ഭക്ഷണം മാത്രമല്ല എന്നാണ് . കാലത്തിനനുസരിച്ച് വിവിധ രുചികളിലും , രൂപത്തിലും എത്തുന്ന , എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന കഞ്ഞി അന്നും ഇന്നും എന്നും ഇനി ട്രെൻഡിങ് തന്നെ ആയിരിക്കും.