വരാനിരിക്കുന്നത് ലോക ചരിത്രത്തിൽ ഏറ്റവും ഉയർന്ന താപനില; കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളോ?

  1. Home
  2. Lifestyle

വരാനിരിക്കുന്നത് ലോക ചരിത്രത്തിൽ ഏറ്റവും ഉയർന്ന താപനില; കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളോ?

hot


പുതിയ കലാവസ്ഥാ മുന്നറിയിപ്പു നൽകി യുഎൻ. ലോകത്തു വൻ കാലാവസ്ഥാ വ്യതിയാനമാണു സംഭവിക്കാൻ പോകുന്നതെന്നായിരുന്നു യുഎന്നിന്റെ മുന്നറിയിപ്പ്. ലോകചരിത്രത്തിൽ ഏറ്റവും ഉയർന്ന താപനിലയായിരിക്കും വരുന്ന അഞ്ചുവർഷം രേഖപ്പെടുത്തുക. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ആഗോളതാപനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ശാസ്ത്രജ്ഞർ നടത്തിയത്. ഭൂമിയുടെ ശരാശരി താപനില അടുത്ത അഞ്ചു വർഷങ്ങളിൽ റെക്കോഡിലെത്തിയേക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല ഗവേഷകർ.

2027വരെയുള്ള കാലയളവിൽ വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ള നിലകളിൽനിന്ന് 1.5 ഡിഗ്രി സെൽഷ്യസ് (2.7 ഡിഗ്രി ഫാരൻഹീറ്റ്) ഉയരാനുള്ള സാധ്യത 66 ശതമാനമാണെന്നാണു ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. 1.5 ഡിഗ്രി സെൽഷ്യസ് ഒരു പ്രധാന കാലാവസ്ഥാ പരിധിയാണെന്നു ശാസത്രജ്ഞർ പറയുന്നു. 2015 ലെ പാരീസ് ഉടമ്പടിയിൽ, ദീർഘകാല താപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ പിന്തുടരാൻ രാജ്യങ്ങൾ യത്നിക്കുണ്ട്. തീവ്രമായ കൊടുങ്കാറ്റുകൾ, പവിഴപ്പുറ്റുകളുടെ നാശം, ഉരുകുന്ന മഞ്ഞ്, പ്രളയം, ഉഷ്ണതരംഗങ്ങൾ, വരൾച്ച എന്നിവയുൾപ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പാരീസ് ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ള 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധി ശാശ്വതമായി കവിയുമെന്ന് റിപ്പോർട്ട് അർഥമാക്കുന്നില്ലെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പ്രസ്താവനയിൽ പറഞ്ഞു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചൂടിനെയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ചൂടു വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 1.5 ഡിഗ്രി സെൽഷ്യസ് ലെവൽ എന്നതു ലംഘിക്കുമെന്ന് ഡബ്ല്യുഎംഒ മുന്നറിയിപ്പു നൽകുയാണെന്നും പെറ്റേരി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു കുറയ്ക്കുമെന്ന തീരുമാനങ്ങളിൽനിന്നു രാജ്യങ്ങൾ വീഴ്ച വരുത്തിയിട്ടുണ്ട്. ഇക്കാരണങ്ങൾകൊണ്ട് ഏകദേശം മൂന്നു ഡിഗ്രി സെൽഷ്യസ് വർധിക്കാനുള്ള സാഹചര്യമുണ്ടായി. കഴിഞ്ഞ എട്ടുവർഷം ഏറ്റവും ഉയർന്ന ചൂടാണ് ലോകത്തു രേഖപ്പെടുത്തിയത്. 

ഇപ്പോൾ, ഭൂമി ഒരു ലാ നിന കാലാവസ്ഥാ പാറ്റേണിന്റെ അവസാനത്തിൽ എത്തിയിരിക്കുകയാണ് (മൂന്നു വർഷം നീണ്ടുനിന്ന കോൾഡ് എഫക്ട് ഉള്ളതാണത്). ഇപ്പോൾ താപം വർധിപ്പിക്കുന്ന എൽ നിനോ പ്രതിഭാസത്തിലേക്കു ഭൂമി കടക്കുകയാണ്. തത്ഫലമായി, ഗ്രഹം കൂടുതൽ ചൂടാകുമെന്നു ഗവേഷകർ പ്രതീക്ഷിക്കുന്നു. നിലവിലെ ഏറ്റവും ചൂടേറിയ വർഷം 2016 ആയിരുന്നു. ശക്തമായ എൽ നിനോ പ്രതിഭാസത്തിനു ശേഷമാണ് അങ്ങനെ സംഭവിച്ചത്. വരാനിരിക്കുന്ന എൽ നിനോ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ 2024 ഇതുവരെയുള്ള ഏറ്റവും ചൂടേറിയ വർഷമായി മാറിയേക്കാമെന്ന് കാലാവസ്ഥശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.