നാവിലെ കറുത്ത പാടുകൾ അകറ്റാം; ഇതാ ചില വീട്ടുവൈദ്യം

  1. Home
  2. Lifestyle

നാവിലെ കറുത്ത പാടുകൾ അകറ്റാം; ഇതാ ചില വീട്ടുവൈദ്യം

dark-spots-on-your-tongue


മനുഷ്യൻ്റെ നാവ് വെറുമൊരു ഇന്ദ്രിയം മാത്രമല്ല ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ സൂചകം കൂടിയാണ് എന്നാണ് അറിയപ്പെടുന്നത്. നാവിൽ നോക്കിയാൽ ഒരാളുടെ ആരോഗ്യസ്ഥിതി എന്താണെന്ന് അറിയാനാകുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് എതൊരസുഖവുമായി ചെല്ലുമ്പോഴും ഡോക്ടർമാർ നമ്മുടെ നാവ് കൂടി പരിശോധിക്കുന്നത്.
 

നാവിലുണ്ടാകുന്ന അസാധാരണ രൂപഘടനയ്ക്ക് പിന്നിൽ ഒരുപക്ഷേ എന്തെങ്കിലുമൊരു കാരണമുണ്ടാകാം. അത് ചുവന്നതാണെങ്കിൽ, നിങ്ങളുടെ ദഹനവ്യവസ്ഥയിൽ തീർച്ചയായും എന്തോ കുഴപ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്, മാത്രമല്ല ഇതിന് നീലകലർന്നതോ കറുത്ത പാടുകളോ ഉണ്ടെങ്കിൽ നിങ്ങളുടെ രക്തം ശരീര കോശങ്ങളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തുന്നില്ല എന്ന സൂചന നൽകുകയാകാം. ഇന്ന് നമുക്ക് കൂടുതൽ ആളുകളിലും സാധാരണയായുണ്ടാകുന്ന നാവിലെ കറുത്ത പാടുകളെ കുറിച്ചും അത് പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ ഒഴിവാക്കണമെന്നും നോക്കാം.

നാവിലെ കറുത്ത പാടുകൾ


നാവിൽ ചെറുതും ഇരുണ്ടതുമായ ഡോട്ടുകളുടെ രൂപത്തിലാണ് ഇവ പ്രത്യക്ഷമാവുന്നത്. അത് നിങ്ങളുടെ നാവിന്റെ മുഴുവൻ ഉപരിതലത്തിലോ, നിങ്ങളുടെ നാവിന്റെ അഗ്രത്തിലോ, വശത്തോ അല്ലെങ്കിൽ നിങ്ങളുടെ നാവിനു കീഴിലോ ആയി രൂപപ്പെടാം. ശിശുക്കളിൽ മുതൽ മുതിർന്നവരിൽ വരെ ഇതിൻ്റെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. അപൂർവ സന്ദർഭങ്ങളിൽ, നാവിലെ കറുത്ത പാടുകൾ പലരിലും വേദനയും അസ്വസ്ഥതകളും സമ്മാനിക്കാറുണ്ട്.

അണുബാധ മൂലമാണ് പ്രധാനമായും ഇത് ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു. അതല്ലെങ്കിൽ അസിഡിറ്റിയുള്ള ഭക്ഷണത്തോടുള്ള പ്രതികരണം, ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തോടുള്ള പ്രതികരണങ്ങൾ, ടൂത്ത് പേസ്റ്റിലെ രാസവസ്തുക്കളോടുള്ള അലർജി, വായ കഴുകൽ രീതി, കുറിപ്പടി മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാം.

നാവിലുണ്ടാകുന്ന ഇത്തരം ഡോട്ടുകളെ എളുപ്പത്തിൽ നീക്കം ചെയ്യാനായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല വീട്ടുവൈദ്യങ്ങൾ ധാരാളമുണ്ട്. അവയിൽ ചിലത് ഏതെല്ലാമെന്ന് അറിയാം.

വേപ്പ്

ബാക്ടീരിയകളേയും മറ്റ് അണുബാധയെ ചെറുക്കാൻ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ഫലപ്രദമായ ചേരുവയാണ് വേപ്പ്. ഇത് ഒരു പ്രകൃതിദത്ത സ്റ്റെയിൻ റിമൂവറാണ്. നിങ്ങൾ ആകെ ചെയ്യേണ്ടത് കുറച്ച് വേപ്പ് ഇലകൾ ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് വായ കഴുകുക മാത്രമാണ്. ദിവസത്തിൽ രണ്ടുതവണ വീതം ഒരാഴ്ച ഈ പ്രതിവിധി പരീക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ നാവിലെ കറുത്ത കറകളും ഡോട്ടുകളും കാലക്രമേണ നിറമുള്ളതായി മാറും.

കൈതച്ചക്ക

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പോഷകഘടകം അടങ്ങിയിട്ടുണ്ട്, ഇത് കറുത്ത പാടുകളെ ഇല്ലാതാക്കുകയും നാവിന്റെ ചർമ്മത്തിലുണ്ടാകുന്ന കുത്തുകളിൽ നിന്ന് മുക്തി നൽകുകയും ചെയ്യുന്നു. നാവിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ സ്ഥിരമായി കുറച്ചു പൈനാപ്പിൾ വായിലിട്ടു ചവയ്ക്കുക. ഇത്തരം ഡോട്ടുകൾ താനെ മങ്ങാൻ തുടങ്ങുന്നത് നിങ്ങൾ ശ്രദ്ധിക്കും.

കറ്റാർ വാഴ

വടുക്കളിലെ കൊളാജൻ ഘടനയെ മെച്ചപ്പെടുത്തുന്നതിലൂടെ കറുപ്പ് നിറവും പാടുകളും വേഗത്തിൽ സുഖപ്പെടുത്താൻ കറ്റാർ വാഴ സഹായിക്കുന്നു. കറുത്ത കുത്തുകളെ നീക്കം ചെയ്യാനായി നാവിൽ കുറച്ചു കറ്റാർ വാഴ ജെൽ പുരട്ടുക. കുറച്ചു കയ്പ്പ് രുചി ഉണ്ടാകുമെങ്കിലും ഇത് ഫലപ്രദമായി പ്രവർത്തിക്കും. അതല്ലെങ്കിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് പതിവാക്കുക. ഇത് ആരോഗ്യത്തിനും ഗുണം ചെയ്യുതാണ്.

കറുവാപ്പട്ടയും ഗ്രാമ്പൂവും

നാവിലെ കറുത്ത ഡോട്ടുകളെ കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മറ്റൊരു മാർഗമാണ് കറുവപ്പട്ടയും ഗ്രാമ്പുവിൻ്റെയും ഉപയോഗമാണ്. രണ്ട് കറുവപ്പട്ട യും 4 ചെറിയ ഗ്രാമ്പൂവും എടുക്കുക. ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം ഈ വെള്ളം തണുപ്പിക്കുക. തണുത്തുകഴിഞ്ഞാൽ, കറുത്ത ഡോട്ടുകളെ കുറയ്ക്കുന്നതിനായി ദിവസത്തിൽ രണ്ടുതവണ ഈ വെള്ളം നാവിൽ പുരട്ടുക. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭ്യമാകും.

വെളുത്തുള്ളി

വെളുത്തുള്ളി നാവിൽ പ്രയോഗിച്ചാൽ വളരെ എളുപ്പത്തിൽ കറുത്ത കുത്തുകളെ നീക്കം ചെയ്യാൻ കഴിയും. ഒരു അല്ലി വെളുത്തുള്ളി എടുത്ത് ഇരുണ്ട പാടുകളിൽ ഒരു മിനിറ്റ് നേരം തടവുക. ഒരു മാസത്തേക്ക് ഇത് ദിവസവും ചെയ്താൽ എളുപ്പത്തിൽ ഫലം കാണും.

ഇവ പരീക്ഷിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം കൂടി പാലിക്കേണ്ടതുണ്ട്. ശരീരത്തിൻ്റെ ദൈനംദിന ആവശ്യകതകൾക്ക് അനുസരിച്ച് പോഷകങ്ങളടങ്ങിയ പഴങ്ങളും പച്ചക്കറികളുമുൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നതിനോടൊപ്പം പ്രതിദിനം 2 ലിറ്റർ വെള്ളം കുടിക്കുന്നതും ശീലമാക്കണം. ആസിഡിക് സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം, തുടങ്ങിയവയുടെ ഉപയോഗം കുറച്ചുനാളത്തേക്ക് കുറയ്ക്കേണ്ടതുണ്ട്. ഇത്തരം വീട്ടുവൈദ്യങ്ങളുടെ ഉപയോഗ ശേഷവും നാവിൽ ഉണ്ടാകുന്ന ഡോട്ടുകൾ കുറയുന്നില്ലെങ്കിൽ ഒരു ദന്തരോഗ വിദഗ്ദ്ധനെ സമീപിച്ച് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. പല സാഹചര്യങ്ങളിലും ഇത് ഓറൽ ക്യാൻസർ അടക്കമുള്ള കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം.