കൊതുക് വില്ലനാണോ?; തുരത്താൻ ചില വഴികൾ നോക്കാം

ചെറുതാണെങ്കിലും ഭൂമിയിലെ മറ്റേത് പ്രാണികളെക്കാളും പെട്ടെന്ന് രോഗം പടർത്താൻ കൊതുകുകൾക്ക് കഴിവുണ്ട്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ എന്നിങ്ങനെ നിരവധി രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. കൊതുകിൽ നിന്നും രക്ഷ നേടാൻ കൊതുകുതിരി, കൊതുകു വല ഇങ്ങനെ നിരവധി കാര്യങ്ങൽ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ, കൊതുക് രോഗം പടർത്തുന്നതിന് മുൻപ് നമ്മൾ തന്നെ ചില പരിരക്ഷകൾ സ്വീകരിച്ചാൽ നല്ലതാണ്. ഇത്തരത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന അഞ്ച് വഴികൾ നോക്കാം.
സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ക്രീമുകൾ. കൊതുകുകളെ അകറ്റാൻ കഴിയുന്ന ക്രീമുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. കയ്യിൽ കിട്ടുന്ന ഏതെങ്കിലും ക്രീമുകൾ ഉപയോഗിക്കരുത്. നല്ല ഗുണമേന്മയുള്ള ഡേ ക്രീമും നൈറ്റ് ക്രീമും ഉപയോഗിക്കുന്നതാണ് നല്ലത്.
കൊതുക് കടിക്കാൻ സാധ്യത കൂടുതലുള്ളതിനാൽ ഫുൾ കൈ ഷർട്ട്, പാന്റ്, സോക്സ്, ഷൂസ് തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചാൽ ഒരു പരിധി വരെ കൊതുക് ശല്യത്തിൽ നിന്നും രക്ഷ നേടാം.
ചികിത്സയേക്കാൾ എപ്പോഴും നല്ലത് പ്രതിരോധമാണ്. അതിനാൽ, കൊതുക് പെരുകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക. വീടിന് ചുറ്റും, സമീപ സ്ഥലങ്ങളിലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. എപ്പോഴും വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
പ്രകൃതിദത്തമായി കൊതുകിനെ വീട്ടിൽ നിന്നും അകറ്റാൻ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് കർപ്പൂരം. ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. കൊതുകുകളെ കൊല്ലുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുവാൻ കർപ്പൂരം സഹായിക്കുന്നു. കൂടാതെ, കൊതുക് കടി കുറയ്‌ക്കാനും ഇത് ഉപകാരപ്പെടുന്നു. ഒരു ചെറിയ പാത്രത്തിൽ കുറച്ച് കർപ്പൂരമെടുത്ത് കത്തിക്കുക. വീടിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ച ശേഷം ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും മുറിയിൽ വെക്കുന്നത് നല്ലതാണ്.
നാരങ്ങ രണ്ടായി മുറിച്ച് ഓരോ കഷണത്തിലും ഒരു ഗ്രാമ്പു വീതം കുത്തി നിർത്തിയ ശേഷം മുറിയിൽ സൂക്ഷിച്ചാൽ കൊതുക് ശല്യം ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. നാട്ടിൻ പുറങ്ങളിൽ സമൃദ്ധമായി കണ്ടു വരുന്ന തുമ്പ ചെടി പറിച്ചു ചിരട്ടക്കനലിനു മുകളിൽ വച്ചു സന്ധ്യാനേരങ്ങളിൽ പുകച്ചാലും കൊതുക് ശല്യം ഉണ്ടാകില്ല.