മായമില്ലാത്ത ശർക്കര ഇനി വീട്ടിൽ തയാറാക്കിയാലോ?; ദാ ഇങ്ങനെ ചെയ്‌തോളൂ

  1. Home
  2. Lifestyle

മായമില്ലാത്ത ശർക്കര ഇനി വീട്ടിൽ തയാറാക്കിയാലോ?; ദാ ഇങ്ങനെ ചെയ്‌തോളൂ

jaggery


പഞ്ചസ്സാരയെക്കാൾ നല്ലതെന്ന് കരുതി നമ്മൾ ചായയിലും, പായസത്തിലും, പലഹാരത്തിലും ചേർക്കുന്ന ശർക്കരയിലും മായമുണ്ട്. എന്നാൽ, ഇതേ ശർക്കര, മായം ചേർക്കാതെ നമുക്ക് വീട്ടിൽ തന്നെ തയാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

ശർക്കര തയാറാക്കാം
ഒട്ടനവധി ഔഷധ ഗുണങ്ങളുള്ള ശർക്കര നമുക്ക് വീട്ടിൽ തന്നെ തയാറാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ ആവശ്യത്തിന് കരിമ്പ് എടുക്കുക. കരിമ്പ് നന്നായി അടിച്ച് ജ്യൂസ് എടുക്കണം. ഈ ജ്യൂസ് നന്നായി അരിച്ചെടുത്തതിന് ശേഷം ഒരു കട്ടിയുള്ള പാത്രത്തിലേയ്ക്ക് മാറ്റുക. അതിനുശേഷം ചെറുതീയിൽ വെച്ച് നന്നായി ചൂടാക്കുക. ചൂടാക്കുമ്പോൾ മുകളിലായി പതകൾ പൊന്തുന്നത് കാണാം. ഇവ സ്പൂൺ ഉപയോഗിച്ച് കോരിമാറ്റേണ്ടതാണ്. ഈ സമയമെല്ലാം കൈവിടാതെ ഇളക്കി കൊടുക്കാൻ മറക്കരുത്.

അവസാനം കരിമ്പിൻ ജ്യൂസ് നിറം മാറി, നല്ലപോലെ കുറുകി വരാൻ ആരംഭിക്കും. കുറുകി വന്നതിന് ശേഷം പാകമായോ എന്നറിയാൻ, തയാറാക്കി കൊണ്ടിരിക്കുന്നതിൽ നിന്നും കുറച്ച് ശർക്കരപാവ് എടുത്ത് കൈ കൊണ്ട് ഉരുട്ടി നോക്കുക. നല്ലപോലെ ഉരുണ്ട് വരുന്നുണ്ട് എന്ന് കണ്ടാൽ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. അതിനുശേഷം എണ്ണതടവിയ ഏതങ്കിലും പാത്രത്തിലേയ്‌ക്കോ, അല്ലെങ്കിൽ, മോൾഡിലേയ്‌ക്കോ ഈ മിശ്രിതം ഒഴിക്കുക. നല്ലപോലെ തണുത്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്
വീട്ടിൽ തന്നെ ശർക്കര തയാറാക്കുമ്പോൾ കരിമ്പിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക. വീട്ടിൽ തന്നെ കരിമ്പിൻ ജ്യൂസ് തയാറാക്കി എടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, പുറത്തുനിന്നും കരിമ്പിൻ ജ്യൂസ് വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങുമ്പോൾ ജ്യൂസിൽ മായമില്ലെന്ന് ഉറപ്പ് വരുത്തുക. അതുപോലെ, ശർക്കര തയാറാക്കുമ്പോൾ കൈവിടാതെ ഇളക്കി കൊടുക്കാൻ മറക്കരുത്. നല്ല ക്ഷമയോടെ തയാറാക്കിയാൽ മാത്രമേ നല്ല കരിമ്പിൻ ജ്യൂസ് നിങ്ങൾക്ക് തയാറാക്കി എടുക്കാൻ സാധിക്കൂ.