കറിവേപ്പിലയും തുളസിയും ഇനി തഴച്ചു വളരും; ഈ വിദ്യകൾ പരീക്ഷിക്കൂ
മിക്കവാറും വീടുകളിൽ കറിവേപ്പിലയും തുളസിയും ഉണ്ടാകും. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഇവ നല്ല ഔഷധങ്ങളാണ്. ഫ്ളാറ്റുകളിൽ പോലും ഇത്തരം സസ്യങ്ങളുടെ സാന്നിധ്യം കണ്ടു വരാറുണ്ട്. പലപ്പോഴുമുള്ള പ്രശ്നം ഇത്തരം സസ്യങ്ങൾ വേണ്ട വിധത്തിൽ വളരില്ല എന്നതാണ്. വളർച്ച മുരടിയ്ക്കുന്നതും ഇലകളിൽ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്നം.കറിവേപ്പു കറികളിൽ അവശ്യ വസ്തുവാണ്. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്ട്രോൾ, പ്രമേഹം അടക്കം പല രോഗങ്ങൾക്കും ഗുണകരം.
തുളസിയും ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. കോൾഡിനും മറ്റുമുള്ള നല്ലൊന്നാന്തരം ഔഷധം. അയേണിന്റെ കലവറ. കോൾഡിനു തയ്യാറാക്കുന്ന കുരുമുളകു കാപ്പിയിലെ പ്രധാന ചേരുവകളിൽ ഒന്നു കൂടിയാണിത്.
തുളസി ഉണങ്ങിപ്പോകുന്നതും വളരാത്തതുമെല്ലാം അധ്യാത്മികമായി കണക്കാക്കിയാൽ ദുശകുനങ്ങളും ദുസൂചനകളുമാണെന്നു പറയാം.
ഇത്തരം സസ്യങ്ങൾ അൽപം ശ്രദ്ധ നൽകിയാൽ നല്ല രീതിയിൽ വളർന്നു വരും. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,
കഞ്ഞിവെള്ളം
കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിച്ചത്, അതായത് തലേന്നുള്ള കഞ്ഞിവെള്ളം ഇലകളിൽ തളിച്ചു കൊടുക്കുന്നതും കടയ്ക്കൽ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാൻ സഹായിക്കും.
മത്തി
മത്തി പോലുളള മീനുകളുടെ വേസ്റ്റുകൾ, അതായത് ഇവയുടെ തലയും മറ്റും കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാൻ സഹായിക്കുന്ന നല്ല വഴിയാണ്.
മുട്ടത്തൊണ്ട്
മുട്ടത്തൊണ്ട് കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് ഇതിന്റെ കടയിൽ നിന്നും ലേശം മാറി മണ്ണിൽ കുഴിച്ചിളക്കി ഇടുക. ഇത് വളരാൻ സഹായിക്കുന്ന നല്ലൊരു വഴിയാണ്.
- കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും
കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല, ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോൾ പുതിയ മുള വരും. ഇത് കൂടുതൽ പച്ചപ്പോടെ വളരാനും സഹായിക്കും. ഇതുപോലെ ഒടിച്ചെടുക്കുമ്പോൾ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കിൽ ഇത് വളർച്ച മുരടിപ്പിയ്ക്കും.
- കറിവേപ്പിന്റെ കുരു
ഇതുപോലെ കറിവേപ്പിന്റെ കുരു മുളപ്പിച്ച് ചെടിയുണ്ടാക്കുന്നത് കൂടുതൽ നന്നായി വളരും. ഇതിന് നാരായ വേര് എന്നൊരു വേരുണ്ട്. ഇതാണ് വളർച്ചയുണ്ടാക്കുന്നത്. തൈ വാങ്ങി വച്ചു വളർത്തുന്നതിനേക്കാൾ കുരു മുളപ്പിച്ച് കറിവേപ്പു വളർത്തുന്നതാണ് കൂടുതൽ നല്ലതെന്നർത്ഥം. ചെടിയുടെ അടിയിൽ നിന്നുള്ള വേരിൽ നിന്നും വളരുന്ന കറിവേപ്പു സസ്യമുണ്ടാകും. ഇത്തരം സസ്യങ്ങൾ വളരാൻ ഏറെ ബുദ്ധിമുട്ടുമാണ്.
- കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം
കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം കറിവേപ്പിന്റെ വളർച്ചയ്ക്കു പറ്റിയ വളങ്ങളാണ്. ഇത് വെളളത്തിൽ കലർത്തി കടയ്ക്കൽ ഒഴിയ്ക്കാം. ഇതുപോലെ ചാരം കടയ്ക്കൽ ഇടുന്നത് ഇതിന്റെ ഇലകളെ സംരക്ഷിയ്ക്കാൻ നല്ലതാണ്. ചാരം തൊട്ടു താഴെ ഇടാതെ ലേശം നീക്കി വേണം, ഇടാൻ
തുളസി
തുളസി കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ഒന്നല്ല. പെട്ടെന്നു മുളയ്ക്കാൻ സാധിയ്ക്കുന്ന ഒന്നാണിത്. വിത്തുകളിൽ നിന്നും ചെറുസസ്യമായി മുളയ്ക്കും.
തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാൻ കൂടുതൽ നല്ലത്.
ധാരാളം വെള്ളവും തുളസി വളരുവാൻ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും.
ജലാംശം നില നിർത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളർച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലർത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാൻ നല്ലത്.ഇതുപോലെ ഇടയ്ക്കിടെ കടയ്ക്കലെ മണ്ണ് ഇളക്കിയിടുകയും വേണം. ഇതുപോലെ തുളസിയ്ക്കു മഞ്ഞപ്പോ വാട്ടമോ ഉണ്ടെങ്കിൽ ലേശം കുമ്മായം കടയ്ക്കൽ നിന്നും നീക്കി ഇട്ടു കൊടുക്കാം. മണ്ണിൽ കലർത്തി ഇടുക. അതേ സമയം കടയ്ക്കലേക്ക് ആകുകയും ചെയ്യരുത്. നല്ലപോലെ നനയ്ക്കുകയും വേണം. ഇത് ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കും.
തുളസിയിൽ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോൾ ഈ ഭാഗം . അതായത് തുളസിക്കതിർ നുള്ളിയെടുക്കണം. ഇത് ചെടിയുടെ വളർച്ച വീണ്ടും വർദ്ധിയ്ക്കാൻ ഇടയാക്കും.
ഒരുപാട് തുളസികൾ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളർച്ച മുരടിക്കാനേ ഇട വരുത്തൂ. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതൽ ഒരുമിച്ചു നടരുത്.
തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതിൽ കീടനാശിനികൾ തളിയ്ക്കേണ്ട ആവശ്യം സാധാരണ ഗതിയിൽ ഉണ്ടാകാറില്ല. ആവശ്യമെങ്കിൽ നാടൻ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും.കപ്പലണ്ടിപ്പിണ്ണാക്ക് തുളസിയുടെ വളർച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇതു കലക്കി കടയ്ക്കൽ ഒഴിച്ചു നൽകാം.
പഴത്തൊലി അൽപം വെള്ളത്തിൽ ഇട്ട് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ഈ വെള്ളം ഒഴിയ്ക്കുന്നതു ചെടികളുടെ വളർച്ചയെ സഹായിക്കും. ഈ വെള്ളം കറിവേപ്പിനും വേണമെങ്കിൽ തുളസിയ്ക്കും നല്ലതാണ്.