സ്ഥിരമായി ഉപയോഗിക്കുന്ന ബാത്ത് ടവൽ എത്ര തവണ കഴുകാറുണ്ട്?: അറിയാം
സ്ഥിരമായി ഒരേ ടവ്വൽ തന്നെയാണോ കുളിക്കാൻ ഉപയോഗിക്കാറുള്ളത്? അവ നിങ്ങൾ എത്ര തവണ കഴുകാറുണ്ട്?. ദിവസവും കുളിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഉപയോഗിക്കുന്ന ടവ്വൽ കഴുകുക എന്നത്. ബാത്ത് ടവ്വൽ മാത്രമല്ല, തൂവാലകളുടെ കാര്യത്തിലും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരേ ടവ്വൽ തന്നെ ദിവസങ്ങളോളം കഴുകാതെ പുനരുപയോഗിക്കുന്നത് ബാക്ടീരിയ, ഫംഗസ് എന്നിവയിലേക്കുള്ള വാതിൽ തുറന്നിടുന്നതിനു തുല്യമാണ്.
ഒരു ദിനചര്യ എന്നതിൽ ഉപരി വ്യക്തിശുചിത്വത്തിൻ്റെ ഭാഗമാണിത്. ശരീരത്തിലെ തന്നെ അഴുക്കുകളും ഈർപ്പവും എണ്ണ മയവുമാണ് ബാത്ത് ടവ്വലിൽ പറ്റിപിടിക്കുക. ഇത് ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയ്ക്കു വളരാൻ അനുയോജ്യമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു എന്നതിലുപരി ചർമ്മത്തിലെ മൃതകോശങ്ങൾ, വിയർപ്പ്, എണ്ണകൾ എന്നിവയും ബാത്ത് ടവ്വൽ ശേഖരിക്കുന്നു. അത് കഴുകാതെ വീണ്ടും ഉപയോഗിക്കുമ്പോൾ വിവിധ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
എത്ര തവണ ബാത്ത് ടവലുകൾ കഴുകണം?
ഉപയോഗിക്കുന്ന വസ്ത്രങ്ങളും ബാത്ത് ടവലുകളും, തൂവാലകളും ദിവസവും കഴുകുന്നതാണ് ഉചിതം. കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ദിവസവും കൂടുമ്പോൾ എങ്കിലും ടവലുകൾ കഴുകണം എന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. അതും സാധിച്ചില്ലെങ്കിൽ അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും കഴുകാൻ മറക്കരുത്. ചർമ്മത്തെ ഹാനികരമായി ബാധിക്കുന്ന ബാക്ടീരിയ, ഫംഗസ്, എന്നിവയിൽ നിന്ന് മുക്തമാണത് എന്ന് ഉറപ്പാക്കണം.
ടവൽ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദിവസവും ഡിറ്റർജൻ്റ് ഉപയോഗിച്ച് കഴുകുമ്പോൾ ചില സാഹചര്യങ്ങളിൽ ബാക്ടീരിയകൾ നശിച്ചില്ലെന്നു വരും. അതിനാൽ ചൂടു വെള്ളം ഉപയോഗിക്കാവുന്നതാണ്. ചൂടുവെള്ളത്തിൽ ആക്റ്റിവേറ്റഡ് ആയിട്ടുള്ള ബ്ലീച്ച് അടങ്ങിയ ഡിറ്റർജൻ്റ് ചേർത്ത് ഉപയോഗിക്കാം.
- നനവോടെ ടവലുകൾ സൂക്ഷിക്കരുത്. ഈർപ്പമുള്ള ടവൽ നേരെ വാഷിങ് മെഷിനിലും, ബാത്റൂമിലും വയ്ക്കരുത്. വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രം തൂക്കിയിടുക.
- ദീർഘനാൾ ഒരേ ടവൽ തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുവെള്ളത്തിൽ മുക്കുന്നതും സ്ഥിരമായി കഴുകുന്നതും അതിൻ്റെ ഇഴകളിൽ കേടുപാടുകൾ ഉണ്ടാക്കിയേക്കാം. അതിനാൽ ഏറെ നാൾ കഴിയുമ്പോൾ ബാക്ടീരിയകളെ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കാതെ വരുന്നു.
- നിങ്ങൾ ഉപയോഗിക്കുന്ന ടവൽ മറ്റൊരാളുമായി പങ്കിടരുത്. ഇത് ഇൻഫെക്ഷൻ സാധ്യതകൾ കൂട്ടും.