നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കണോ?; ദാ ഇതാണ് ശരിയായ മാർഗ്ഗം

  1. Home
  2. Lifestyle

നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കണോ?; ദാ ഇതാണ് ശരിയായ മാർഗ്ഗം

GOLD JEWELLERY


സ്വർണ്ണാഭരണങ്ങൾ ഇടക്കിടക്ക് വൃത്തിയാക്കേണ്ടതിന്റെ കാരണം അവയുടെ പതിവായ ഉപയോഗം കൊണ്ടുതന്നെയാണ്. വിയർപ്പും അഴുക്കുമെല്ലാം പിടിച്ച് ഇവയുടെ ഭംഗി കുറഞ്ഞു വന്നേക്കാം. ഇത് കൂടാതെ പെർഫ്യൂം, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുടെ ഉപയോഗവും സ്വർണ്ണത്തിന്റെ ഭംഗി നഷ്ടപ്പെടുത്തിയേക്കാം.

പതിവായി ഉപയോഗിക്കുന്ന ആഭരണങ്ങളായ മാല, വള, കമ്മൽ, മോതിരം, ബ്രേസ്ലെറ്റ്, മറ്റ് ആഭരണങ്ങൾ എന്നിവയൊക്കെ വൃത്തിയാക്കാൻ ആദ്യം വേണ്ടത് സോപ്പ് വെള്ളം ആണ്. ഇത് ആഭരണങ്ങളിൽ അഴുക്കും എണ്ണമയവുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും.

ചെറുചൂടുള്ള വെള്ളത്തിൽ ഏതെങ്കിലും വീര്യം കുറഞ്ഞ സോപ്പ് പതപ്പിച്ചെടുക്കുക. പകരം വെള്ളത്തിൽ മൈൽഡ് ഡിറ്റർജന്റ് അല്ലെങ്കിൽ ഡിഷ്വാഷിങ് ലിക്വിഡ് എന്നിവയും ഉപയോഗിക്കാം. വൃത്തിയാക്കേണ്ട ആഭരണങ്ങൾ ഈ സോപ്പുവെള്ളത്തിൽ മുക്കി വെയ്ക്കുക. ഏകദേശം പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെയെങ്കിലും ഇത് വെള്ളത്തിൽ മുക്കി വെയ്ക്കണം.

ഇനിയാണ് ഒരു ടൂത്തബ്രഷിന്റെ സഹായം തേടേണ്ടത്. സോഫ്റ്റ് ബ്രിസിലുകൾ ഉള്ള ഒരു ടൂത്തബ്രഷിന്റെ സഹായത്തോടെ ആഭരണങ്ങളിൽ ബ്രഷ് ചെയ്യുക. ആഭരങ്ങളുടെ വിടവുകളിലും കട്ട് ഉള്ള ഭാഗങ്ങളിലുമെല്ലാം ബ്രഷ് ചെയ്ത് അഴുക്ക് നീക്കം ചെയ്യാം.

അതിനു ശേഷം ആഭരണങ്ങൾ തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം. ഇനി ഒരു ഉണങ്ങിയ ടവൽ ഉപയോഗിച്ച് വെള്ളം ആഭരണങ്ങളിൽ നിന്ന് ഒപ്പി ഉണക്കിയെടുക്കുക. ശേഷം ആഭരണങ്ങൾ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക.

ആഭരണങ്ങൾ വൃത്തിയാക്കുമ്പോൾ ഒരിക്കലും കഠിനമായി ബ്രഷ് ചെയ്യേണ്ടതില്ല. 15 - 20 മിനിറ്റ് സോപ്പ് വെള്ളത്തിൽ ഇട്ട് വെയ്ക്കുമ്പോൾ തന്നെ അഴുക്കൊക്കെ ഇളകിയിട്ടുണ്ടാകും. പിന്നെ വളരെ മൃദുവായി ബ്രഷ് ചെയ്താൽ മതിയാകും.

മുക്കിവെക്കാനെടുക്കുന്ന വെള്ളം അധികം തിളച്ച വെള്ളമാകരുത്. എന്നാൽ നല്ല തണുത്ത വെള്ളവും വേണ്ട. ചെറുചൂടുള്ള വെള്ളം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ആഭരണങ്ങൾ വൃത്തിയാക്കാൻ ക്ലോറിൻ വെള്ളം ഉപയോഗിക്കാതിരിക്കുക. ഇത് ആഭരണങ്ങളുടെ നിറം നഷ്ടപ്പെടുത്താനും കേടുപാടുകൾ ഉണ്ടാക്കാനും കാരണമായേക്കാം.

മുത്തുകൾ, കല്ലുകൾ എന്നിവയൊക്കെ പതിപ്പിച്ച ആഭരണങ്ങൾ സോപ്പ് വെള്ളത്തിൽ മുക്കിവെയ്‌ക്കേണ്ടതില്ല. ഇവ വൃത്തിയാക്കാൻ മൃദുലമായ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.