ഒരു കിലോ ഉള്ളിയുടെ തൊലി കളയാൻ രണ്ട് മിനിട്ട് മതിയോ?; ചില ടിപ്‌സ് അറിയാം
അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ചെറിയുള്ളി. തോരൻ, സാമ്പാർ, തീയൽ തുടങ്ങി മിക്ക വിഭവങ്ങളിലും നമ്മൾ ഉള്ളിയിടാറുണ്ട്. ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. ചെറിയുള്ളി ഇത്രയും കേമനാണെങ്കിലും അതിന്റെ തൊലി കളയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കവർക്കും മടിയുള്ള ഒരു ജോലി കൂടിയാണിത്. എളുപ്പത്തിൽ ചെറിയുള്ളിയുടെ തൊലി കളയാൻ ചില ടിപ്സുണ്ട്.
ചെറിയുള്ളിയുടെ മുകൾ ഭാഗവും താഴ് ഭാഗവും മാത്രം മുറിക്കുക. ശേഷം ചൂടുവെള്ളത്തിൽ രണ്ട് മിനിട്ട് ഉള്ളിയിട്ടുവയ്ക്കുക. ശേഷം കൈകൊണ്ട് പ്രസ് ചെയ്ത് കൊടുത്താൽ തൊലി ഇളകിവരുന്നത് കാണാം. ഇനി ഇത് വായു കടക്കാത്ത കുപ്പിയിലോ മറ്റോയിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
വെളുത്തുള്ളിയും വളരെ എളുപ്പത്തിൽ തൊലി കളയാം. നേരത്തെ ചെയ്തപോലെ തന്നെ ഉള്ളിയുടെ മേൽഭാഗവും താഴ് ഭാഗവും കളയാം. ഇനി ഇതിനുമുകളിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ച് എല്ലാ ഭാഗത്തും ആക്കുക. ഇനി ഒരു മൂന്നോ നാലോ മണിക്കൂർ വെയിലത്ത് വച്ചുകൊടുക്കുക. ശേഷം എടുത്ത് ഉടൻ തന്നെ കൈകൊണ്ട് നന്നായി തിരുമ്മിക്കൊടുക്കുമ്പോൾ തൊലിയൊക്കെ പോകുന്നത് കാണാം. എത്ര കിലോ ഉള്ളിയും ഇത്തരത്തിൽ എളുപ്പത്തിൽ തൊലി കളയാൻ സാധിക്കും.