എണ്ണ ഇനി താഴെ വീഴില്ല; കവറിൽ നിന്നും കുപ്പിയിലേക്ക് എണ്ണ ഒഴിക്കാൻ എളുപ്പവിദ്യ അറിയാം
വെളിച്ചെണ്ണ കവറുകളിൽ നിന്ന് കുപ്പിയിലാക്കുക എന്നത് അത്ര എളുപ്പമുള്ള ജോലി അല്ല. എണ്ണക്കവറിന്റെ ഒരറ്റം പൊട്ടിച്ച് ഒഴിക്കേണ്ട കുപ്പിയിലേക്ക് സസൂക്ഷ്മം എണ്ണ ഒഴിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധ വേണം. ശ്രദ്ധയോ നോട്ടമോ ഒന്ന് തെറ്റിയാൽ എണ്ണ അതിന്റെ വഴിയേ പോകും. എണ്ണ പോകും എന്നതിനേക്കാൾ താഴെ മുഴുവൻ എണ്ണ വീണ് വൃത്തികേടാകുമെന്നതും അത് വൃത്തിയാക്കാൻ പിന്നീട് വലിയൊരു യജ്ഞം തന്നെ വേണ്ടിവരുമെന്നതും കാരണം എണ്ണ കുപ്പിയിലേക്ക് മാറ്റുന്നത് എല്ലാവർക്കും മടിയുണ്ടാക്കുന്ന കാര്യമാണ്.
സ്പൂൺ
എന്നാൽ നിലത്ത് ഒരു തുള്ളി എണ്ണ വീഴാതെ കുപ്പിയിലേക്ക് എണ്ണ ഒഴിക്കാൻ വഴിയുണ്ടെങ്കിലോ, ചോർപ്പുകളൊന്നും കൂടാതെ. അതെ. അങ്ങനെയൊരു വഴിയുണ്ട്. അതിന് ആകെ വേണ്ടത് ഒരു സ്പൂൺ ആണ്. ആദ്യം എണ്ണ ഒഴിക്കേണ്ട കുപ്പി തയ്യാറാക്കി വെക്കുക. കുറച്ച് വലിയ വായുള്ള ഒരു സ്പൂണും എടുക്കുക. സ്പൂണിന്റെ വായ്ഭാഗം നമുക്ക് അഭിമുഖമായി വരുന്ന വിധത്തിൽ സ്പൂൺ കുപ്പിയിൽ വെക്കുക. ഇനി എണ്ണക്കവർ പൊട്ടിച്ച് ശ്രദ്ധാപൂർവ്വം എണ്ണം സ്പൂണിന്റെ വായ്ഭാഗത്തിലേക്ക് ഒഴിച്ചുകൊടുക്കുക. എണ്ണ ഒട്ടും പുറത്തേക്ക് പോകാതെ സ്പൂണിലൂടെ കുപ്പിയിലേക്ക് വീഴും. കവറിൽ എണ്ണ തീരുമ്പോൾ അവസാന തുള്ളിയും കിട്ടുന്ന വിധത്തിൽ കവർ സ്പൂണിലേക്ക് ചരിച്ച് വെക്കുകയും ചെയ്യാം. ശേഷം കവറും സ്പൂണും മാറ്റി സൂക്ഷിച്ച് കുപ്പിയുടെ അടപ്പിടുക. സംഗതി സിംപിൾ.
ശ്രദ്ധിക്കേണ്ട മറ്റുചില കാര്യങ്ങൾ കൂടി നോക്കാം
- വീട്ടിൽ ചോർപ്പ് ഉണ്ടെങ്കിൽ ചോർപ്പ് വഴി എണ്ണ കുപ്പിയിലേക്ക് മാറ്റുക തന്നെയാണ് നല്ല മാർഗ്ഗം.
- എണ്ണക്കവർ പൊട്ടിക്കുമ്പോൾ ഒരിക്കലും വലിയ ദ്വാരം ഉണ്ടാക്കാതിരിക്കുക. കവറിന്റെ ഒരറ്റത്ത് ചെറിയ ദ്വാരമുണ്ടാക്കുക. എണ്ണ നിയന്ത്രിത അളവിൽ വീഴാൻ അത് സഹായിക്കും.
- ഒരിക്കലും ധൃതിയിൽ ചെയ്യേണ്ട ഒരു ജോലിയല്ല എണ്ണ കുപ്പിയിലാക്കൽ. വളരെ ക്ഷമയോടെ, പതുക്കെ ചെയ്യേണ്ട കാര്യമാണത്. എണ്ണ നിയന്ത്രിച്ച് ഒഴിക്കാൻ അതിലൂടെ സാധിക്കും.
- എണ്ണ ഒഴിക്കേണ്ട കുപ്പിയുടെ താഴെയായി ഒരു പാത്രം വെക്കുകയാണ് മറ്റൊരു മാർഗ്ഗം. അബദ്ധവശാൽ എണ്ണ കുപ്പിയിൽ നിന്ന് പുറത്തുപോയാൽ അത് നിലത്തേക്ക് പടരാതിരിക്കാൻ വീണ്ടും ഉപയോഗിക്കാനും ഈ മാർഗ്ഗത്തിലൂടെ കഴിയും.
- പാത്രത്തിന് പകരം പേപ്പർ ടവ്വലും കുപ്പിക്ക് താഴെയായി വെക്കാം. കുപ്പിക്ക് ഗ്രിപ്പ് ലഭിക്കാനും താഴെ വീഴുന്ന എണ്ണ എളുപ്പത്തിൽ വൃത്തിയാക്കാനും ഇതിലൂടെ സാധിക്കും.