ഇഡലി ചിക്കൻ ഉണ്ടാക്കിയാലോ?, ഒരുതുള്ളി എണ്ണ വേണ്ട; സിംപിളാണ് കാര്യം

ഇപ്പോൾ വൈറലാകുന്ന ഒരു ചിക്കൻ വിഭവമാണ് 'ഇഡലി ചിക്കൻ'.( ചിലയിടങ്ങളിൽ ഇത് മറ്റുപേരുകളിലാവും അറിയപ്പെടുന്നത്). വലിയ കഷണങ്ങളാക്കി കട്ടുചെയ്ത തൊലിനീക്കിയ ഒരുകിലോ ചിക്കനാണ് ഇതിനായി വേണ്ടത്. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഒരു സ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, ചിക്കൻ മസാല എന്നിവയാണ് പ്രധാന ചേരുവകൾ.
ഇവയ്‌ക്കൊപ്പം പുളിയില്ലാത്ത മൂന്നോ നാലോ സ്പൂൺ കട്ട തൈരും വേണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റിൽ അരമുറി നാരങ്ങളുടെ നീരും പൊടികളും തൈരും ഉപ്പും എല്ലാം ചേർത്ത് യോജിപ്പിക്കുക. ഇതിനെ വരഞ്ഞുവച്ചിരിക്കുന്ന ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇത് ചിക്കനിൽ പിടിക്കാനായി രണ്ടുമണിക്കൂറോളം ഫ്രിഡ്ജിൽ വയ്ക്കണം. രണ്ടുമണിക്കൂർ കഴിഞ്ഞ് പുറത്തെടുക്കുന്ന ചിക്കൻ വാട്ടിയ വാഴയിലയിൽ നന്നായി പൊതിയുക. ഇതിനെ ഇഡലി പാത്രത്തിനുള്ളിൽ ഒരു തട്ടുമാത്രം വച്ചശേഷം അതിനുമുകളിൽ മറ്റൊരു സ്റ്റീൽ പാത്രത്തിനുള്ളിലാക്കി വച്ചശേഷം അടപ്പ് നന്നായി അടയ്ക്കുക. മീഡിയം ഫ്ലെയിമിൽ പതിനഞ്ചുമിനിട്ടുനേരം വേവിച്ചശേഷം തീ ഓഫുചെയ്ത് ഇഡലിപാത്രത്തിൽ നിന്ന് വാഴയിലയോടൊപ്പം ചിക്കൻ പുറത്തെടുക്കുക. ചിക്കൻ വച്ചിരുന്ന സ്റ്റീൽ പാത്രത്തിലുള്ള ഗ്രേവി കലർന്ന വെള്ളം അല്പംപോലും നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.
ഒരു പാൻ അടുപ്പത്തുവച്ച് ഗ്രേവി കലർന്ന വെള്ളം അതിലേക്ക് ഒഴിക്കുക. തുടർന്ന് വാഴയിലയിൽ നിന്ന് ചിക്കൻ പാനിലേക്ക് പതിയെ ഇടുക. ഗ്രേവി കലർന്ന വെള്ളം നന്നായി വറ്റുന്നതുവരെ ചിക്കൻ തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് വേവിക്കുക. നന്നായി വെന്തുകഴിയുമ്പോൾ തന്തൂരിചിക്കനെ വെല്ലുന്ന രൂപത്തിലും രുചിയിലുമാകും നമ്മുടെ ഇഡലി ചിക്കൻ.