നഖത്തിന്റെ ശുചിത്വം അത്യാവശ്യം; ഒളിഞ്ഞിരിക്കുന്നത് 32 തരം ബാക്ടീരിയ

  1. Home
  2. Lifestyle

നഖത്തിന്റെ ശുചിത്വം അത്യാവശ്യം; ഒളിഞ്ഞിരിക്കുന്നത് 32 തരം ബാക്ടീരിയ

nails


നഖത്തിനടിയിൽ 32 വ്യത്യസ്ത തരം ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നതായി 2021ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കാൻ പ്രാപ്തിയുള്ളവയാണ് ഈ അണുക്കളെന്നതിനാൽ നഖത്തിന്റെ ശുചിത്വം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

നഖങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വെട്ടി സൂക്ഷിക്കേണ്ടതാണ്. നേർനേഖയിൽ വെട്ടിയ ശേഷം വശങ്ങൾ ഉരച്ച് ഉരുട്ടിയെടുക്കേണ്ടതാണ്. ചർമ്മവുമായി ചേർത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകൾ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. ഇത് അണുബാധകൾക്ക് കാരണമാകാം. നഖം പൊട്ടിപ്പോകാതിരിക്കാൻ ഒരേ ദിശയിൽ വെട്ടേണ്ടതാണ്. 

ദീർഘനേരം വെള്ളവുമായി സമ്പർക്കത്തിലിരിക്കുന്നത് നഖങ്ങളെ ദുർബലപ്പെടുത്തും. കഴുകിയ ശേഷം നഖങ്ങൾ ഉണക്കാനും മറക്കരുത്. വീട്ടിലെ പാത്രം കഴുകുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഗ്ലൗസുകൾ ഉപയോഗിക്കുന്നത് അപകടകരമായ രാസവസ്തുക്കൾ നഖത്തിന് ദോഷമുണ്ടാക്കാതെ തടയും. നഖത്തിൽ ഈർപ്പം നിലനിർത്തുന്നത് അവ വിണ്ടുകീറാതിരിക്കാൻ സഹായിക്കും. വൈറ്റമിൻഇ, ജോജോബ എണ്ണ, ഷിയ ബട്ടർ എന്നിവ നഖത്തിന് ഈർപ്പം നൽകാൻ ഉപയോഗിക്കാം. 

നെയിൽ പോളിഷ് ഉപയോഗിക്കുന്നവർ രാസവസ്തുക്കൾ കുറഞ്ഞതും ഉയർന്ന നിലവാരമുള്ളവയുമായ ഉത്പന്നങ്ങൾ മാത്രം ഇതിനായി ഉപയോഗിക്കുക. നെയിൽ പോളിഷ് നീക്കം ചെയ്യാനായി അസെറ്റോൺ രഹിത റിമൂവറുകളും തിരഞ്ഞെടുക്കേണ്ടതാണ്. പുറമേയ്ക്ക് മാത്രമല്ല നിങ്ങളുടെ പോഷണവും നഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രധാനമാണ്. 

ബയോട്ടിൻ, വൈറ്റമിൻ എ, സി, ഡി, ഇ എന്നിവയും അയൺ, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങൾ, പച്ചക്കറികൾ, ഹോൾ ഗ്രെയ്നുകൾ, ലീൻ പ്രോട്ടീനുകൾ, നട്സ് എന്നിവ ചേർന്ന ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ ബയോട്ടിൻ സപ്ലിമെന്റുകളും നഖത്തിന്റെ ആരോഗ്യത്തിന് കഴിക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നഖത്തിൽ ഈർപ്പം നിലനിർത്തും. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാൻ ശ്രമിക്കേണ്ടതാണ്. നിറം മാറ്റം, നഖത്തിന്റെ കനത്തിലോ ആകൃതിയിലോ ഉള്ള മാറ്റങ്ങൾ എന്നിവയെല്ലാം നഖത്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന സൂചന നൽകുന്നു. ലക്ഷണങ്ങൾ തുടരുന്നാൻ വൈദ്യസഹായം തേടേണ്ടതാണ്.