നിങ്ങളുടെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടോ?, ചതിക്കുകയാണോ?; ബന്ധങ്ങളിലെ കാപട്യം തിരിച്ചറിയാം

  1. Home
  2. Lifestyle

നിങ്ങളുടെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടോ?, ചതിക്കുകയാണോ?; ബന്ധങ്ങളിലെ കാപട്യം തിരിച്ചറിയാം

cheating


ബന്ധങ്ങളില്‍ ചതിക്കപ്പെടുന്നവര്‍ ഏറെയാണ്. അതുകൊണ്ട് ബന്ധങ്ങളില്‍ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. പങ്കാളി ചതിക്കുമോ എന്ന് സംശയിച്ച് ജീവിക്കണമെന്നല്ല, പക്ഷേ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അടിതെറ്റാമെന്നും അങ്ങനെ സംഭവിച്ചാലും അത് തിരിച്ചറിഞ്ഞ് ഉചിതമായ നടപടി എടുക്കാനാകുമെന്നും ഉള്ളിന്റെയുള്ളില്‍ ബോധ്യം ഉണ്ടായിരിക്കണം. പങ്കാളി എത്രതന്നെ വിശ്വസ്തരായിരുന്നാലും ചില ലക്ഷണങ്ങളിലൂടെ അവര്‍ നമ്മോട് കാണിക്കുന്ന വിശ്വാസവഞ്ചന, മറ്റൊരു ബന്ധത്തിന്റെ സൂചന തിരിച്ചറിയാന്‍ സാധിക്കും. ഉദാഹരണത്തിന് യഥാര്‍ത്ഥ പങ്കാളിമായുള്ള ബന്ധത്തില്‍ എപ്പോഴും അസ്വസ്ഥരായിരിക്കുക, അതിലെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക, വീട്ടില്‍ വരാന്‍ വൈകുക, നിങ്ങളെ കണ്ടില്ലെന്ന് നടിക്കുക, ദിനചര്യകള്‍ മാറുക എന്നിവയെല്ലാം ഒരുപക്ഷേ അവര്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നതിന്റെ സൂചനയാകാം.

എന്തോ ശരിയല്ലെന്നുള്ള തോന്നല്‍
നിങ്ങളെ സംബന്ധിച്ച് നിങ്ങളുടെ പങ്കാളി ഏറ്റവും മികച്ച വ്യക്തി ആയിരിക്കും. പക്ഷേ അവരുടെ പെരുമാറ്റത്തില്‍ ആശങ്കപ്പെടുത്തുന്ന എന്തെങ്കിലും മാറ്റം തോന്നിയാല്‍ മനസ്സിന്റെ തോന്നലുകള്‍ക്ക് ചെവിയോര്‍ക്കുക. ഒപ്പമുള്ളയാളുടെ ശീലങ്ങളും ദിനചര്യയും സ്വഭാവവുമെല്ലാം നിങ്ങളേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയുകയുണ്ടാവില്ല. അതുകൊണ്ട് അവരിലെ മാറ്റങ്ങള്‍ ഏറ്റവും വേഗം തിരിച്ചറിയാനാകുക നിങ്ങള്‍ക്ക് തന്നെയാണ്.

എപ്പോഴും വഴക്കിടാന്‍ വരിക
നിങ്ങളെ ചതിക്കുന്നുവെന്ന തോന്നല്‍ കൊണ്ടോ അകലാനുള്ള കാരണമെന്ന നിലയിലോ പങ്കാളി എപ്പോഴും നിങ്ങളുമായി വഴക്കിടുന്നുണ്ടോ. എങ്കില്‍ അവരില്‍ ഒരു മാറ്റം സംശയിക്കേണ്ടിയിരിക്കുന്നു.

ബന്ധത്തില്‍ കുറ്റങ്ങള്‍ കണ്ടെത്തുക
നിങ്ങളുമായുള്ള ബന്ധത്തില്‍ അങ്ങേയറ്റം അസ്വസ്ഥതയും പ്രതീക്ഷയില്ലായ്മയും പ്രകടിപ്പിക്കുകയും കുറ്റങ്ങളും കുറവുകളും കണ്ടെത്തുകയും ചെയ്യുന്നത് അവര്‍ക്ക് ബന്ധം മടുത്തുതുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ഓരോ തവണയും വഴക്കിടുമ്പോള്‍ അവര്‍ ബന്ധത്തെ കുറ്റപ്പെടുത്തി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ ജാഗ്രതയുള്ളവരായിരിക്കുക.

അകല്‍ച്ച, ഒന്നിലും താല്‍പ്പര്യം കാണിക്കാതിരിക്കുക
വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും നിങ്ങളില്ലാതെ മറ്റെവിടെയെങ്കിലും പോകാനും പങ്കാളി ഏറെ സന്തോഷവും ആവേശവും കാണിക്കുകയാണെങ്കില്‍ അതും ചതിയുടെ സൂചനയാണ്. അതേസമയം നിങ്ങളോടൊപ്പമുള്ളപ്പോള്‍ അവര്‍ മൂഡില്ലാതെയും നിരാശയോടെയും കാണപ്പെടാം. സ്‌നേഹപ്രകടനങ്ങള്‍ക്ക് മടി കാണിക്കുക, നിങ്ങളോട് മിണ്ടാന്‍ മടിക്കുക, വീട്ടിലെ മറ്റ് കാര്യങ്ങളിലും ആളുകളിലും താല്‍പ്പര്യം കാണിക്കാതിരിക്കുക എന്നിവയെല്ലാം അവര്‍ നിങ്ങളില്‍ നിന്ന് അകലുന്നതിന്റെ സൂചനയാകാം.

ചോദ്യങ്ങളില്‍ അസ്വസ്ഥത
ആരോഗ്യകരമായ ഒരു ബന്ധത്തില്‍ തുറന്ന് സംസാരിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല. പരസ്പരം ചോദ്യങ്ങള്‍ ചോദിക്കാനും മറുപടി നല്‍കാനുമെല്ലാം അവിടെ സ്വാതന്ത്രമുണ്ടാകും. എന്നാല്‍ നിങ്ങളുടെ ചോദ്യങ്ങളില്‍ പങ്കാളി അസ്വസ്ഥനായി തുടങ്ങുമ്പോള്‍ അവര്‍ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.