മൂക്ക് ചൊറിഞ്ഞാൽ ആരോ നിങ്ങളെ കുറ്റം പറയുകയാണോ?; ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ?: പിന്നിലെ രഹസ്യം അറിയാം

  1. Home
  2. Lifestyle

മൂക്ക് ചൊറിഞ്ഞാൽ ആരോ നിങ്ങളെ കുറ്റം പറയുകയാണോ?; ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ?: പിന്നിലെ രഹസ്യം അറിയാം

NOSE


മൂക്ക് ചൊറിഞ്ഞാൽ നമ്മളിൽ പലരും പറയുന്ന ഒരു കാര്യമുണ്ട്, ആരോ നമ്മളെക്കുറിച്ച് കാര്യമായി കുറ്റം പറയുന്നുണ്ടെന്ന്.  എന്നാൽ ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? സത്യത്തിൽ ഈ മൂക്ക് ചൊറിയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ?. അതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അവയെല്ലാം നിങ്ങളുടെ ആരോ​ഗ്യവുമായി ബന്ധപ്പെട്ടവയാണെന്ന് മാത്രം.

അവ എന്തെല്ലാമെന്ന് നോക്കാം

നാസൽ പ്രൂറൈറ്റസ് (Nasal Pruritus)

മൂക്കിൽ ഉണ്ടാകുന്ന ചൊറിച്ചിലിനെ നാസൽ പ്രൂറൈറ്റസ് എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മളുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരം അലർജി പ്രശ്നങ്ങൾ മൂലവും, രോ​ഗപ്രതിരോധശേഷി കുറയുമ്പോഴും, സൈനസൈറ്റസ്(Sinusitis) പോലെയുള്ള അണുബാധ മൂലവും, അന്തരീക്ഷമലിനീകരണം, കാലാവസ്ഥ എന്നിവയിലുണ്ടാകുന്ന മാറ്റം മൂലവുമെല്ലാം മൂക്കിൽ ചൊറിച്ചിൽ അനുഭവപ്പെടാം.

അലർജിക് റൈനൈറ്റസ്( Allergic Rhinitis)

പോളൻ അലർജി(Pollen Allergy) മൂലമാണ് പലരിലും അലർജറ്റിക് റൈനൈറ്റസ് കാണപ്പെടുന്നത്. പ്രത്യേകിച്ച് ചില പൂക്കളുടെ പൊടി, മരങ്ങളിൽ നിന്നും കാറ്റിലൂടെ പൂമ്പൊടികൾ അന്തരീക്ഷത്തിൽ നിറയുകയും, ഇത് ശ്വസിക്കുന്നത് മൂലം ചിലരിൽ അലർജി പ്രശ്നങ്ങൾ ഉടലെടുക്കുകയു ചെയ്യാറുണ്ട്. ഇത്തരം അലർജികളാണ് പോളൻ അലർജി എന്നറിയപ്പെടുന്നത്. ഇത്തരം അലർജി ബാധിക്കുന്നവരിൽ, മൂക്ക് ചൊറിച്ചിൽ സർവ്വസാധാരണമാണ്. കൂടാതെ, മൂക്കൊലിക്കുക, തുടർച്ചയായി തുമ്മൽ അനുഭവപ്പെടുക എന്നിവയും ഇതിന്റെ ലക്ഷണമാണ്.

പോളൻ അലർജി കൂടാതെ, ചില മൃ​ഗങ്ങളുടെ ശരീരത്തിൽ നിന്നും ചെറിയ പൂടകൾ മൂക്കിൽ അടിക്കുമ്പോൾ, പൊടി മൂക്കിൽ കയറുമ്പോൾ എല്ലാം അലർജിക് റൈനൈറ്റസ് കണ്ടുവരുന്നു. കൂടാതെ ചില പ്രാണികൾ മൂലവും, ചില സു​ഗന്ധങ്ങളും, പ്രത്യേകിച്ച്, സോപ്പിന്റെ മണം, പെർഫ്യൂമിന്റെ മണം, എന്നിവയെല്ലാം അലർജി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. ഇത്തരം അലർജി ഉള്ളവരിൽ ആദ്യം മൂക്ക് ചൊറിച്ചിലാണ് ലക്ഷണമായി പലപ്പോഴും കാണുക.

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക, സി​ഗററ്റിന്റെ മണം, പുക എന്നിവ മൂക്കിൽ അടിക്കുന്നത്, വരണ്ട കാലാവസ്ഥ എന്നിവയെല്ലാം ചിലരിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണാകുന്നു. ചിലർക്ക് ഇത്തരം വസ്തുക്കൾ മൂക്കിൽ അടിക്കുമ്പോൾ മൂക്ക് ചൊറിയും. പിന്നീട് മൂക്കടപ്പിലേയ്ക്കും, തലവേദനയിലേയ്ക്കും ഇവ നയിക്കാം. ചിലർക്ക് കലശലായ തുമ്മലും, ചിലപ്പോൾ തൊണ്ട ചൊറിച്ചിലും ഇതിനോടൊപ്പം അനുഭവപ്പെടാറുണ്ട്.

സൈനസൈറ്റസ് (Sinusitis)

സൈനസിലെ വീക്കം മൂലമോ, അണുബാധമൂലമോ ഉണ്ടാകുന്ന രോ​ഗാവസ്ഥയാണ് സൈനസൈറ്റസ്. പൊതുവിൽ അഡിനോവൈറസ് (Adenovirus), റൈനോവൈറസ്(Rhinovirus), കൊറോണ വൈറസ്( Coronavirus), ഇൻഫ്ലുവെൻസ വൈറസ്( Influenza virus), പാരയിഫ്ലുവൻസ വൈറസ്( Parainfluenza virus), റസ്പൈറട്രി സിൻസിഷ്യൽ വൈറസ് ( Respiratory syncytial virus -RSV) എന്നിവ മൂലമെല്ലാം സൈനസൈറ്റസ് വരാം. സൈനസൈറ്റസിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് മൂക്കിലെ ചൊറിച്ചിൽ. അതിനാൽ, മൂക്കിൽ ചൊറിച്ചിൽ വന്നാൽ, സൈനസൈറ്റസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്.

ഭക്ഷണത്തിലെ അലർജി‌

ചില ആഹാരങ്ങൾ നമ്മിൽ അലർജി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് മുട്ട, മീൻ, ഷെൽഫിഷ്, പാൽ, ​ഗോതമ്പ് എന്നിവ കഴിച്ചാൽ ചിലരിൽ അലർജി രൂപപ്പെടുന്നു. ഇതിന്റെ ഭാ​ഗമായി മൂക്കിൽ അമിതമായി ചൊറിച്ചിൽ, ചർമ്മത്തിൽ ചൊറിച്ചിൽ, വയറ്റിൽ അസ്വസ്ഥത എന്നിവ പലരിലും കാണാറുണ്ട്.

മൂക്കിലെ ദശ

അണുബാധ, അതുപോലെ, അലർജി പ്രശ്നങ്ങൾ എന്നിവ അമിതമായിട്ടുള്ളവരിൽ മൂക്കിൽ ദശ കാണാറുണ്ട്. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ മൂക്ക് ചൊറിച്ചിൽ കണ്ടുവരുന്നു.

ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ മൂക്ക് അമിതമായി ചൊറിയുന്നുണ്ടെങ്കിൽ, അതുമല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് ചൊറിയുക, കഫക്കെട്ട് പോലെയുള്ള പ്രശ്നങ്ങൾ, തലവേദന എന്നിവയെല്ലാം അനുഭവപ്പെട്ടാൽ ഒരു ഡോക്ടറെ കണ്ട്, കാരണം മനസ്സിലാക്കുന്നത് വളരെ നല്ലതായിരിക്കും.