കറ്റാർവാഴ കഴിക്കുന്നവരാണോ; സൂക്ഷിക്കണം, ശരീരത്തെ ബാധിക്കും മാരക രോഗം
കേശസംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ധാരാളമായി ഉപയോഗിക്കാറുളള ഒരു ഔഷധമാണ് കറ്റാർവാഴ. ഇതിലടങ്ങിയിരിക്കുന്ന ആന്റീഓക്‌സിഡന്റുകൾ, ഫൈറ്റോന്യൂട്രിയൻസ്,വൈറ്റമിൻ എ,സി എന്നിവ സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണം ചെയ്യും.
കറ്റാർവാഴയുടെ ജെല്ല് മുഖത്തും മുടിയിഴകളിലും പുരട്ടുന്നത് മുഖക്കുരുക്കളടക്കം പല ചർമ്മ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കും. കാരണം ഇതിൽ 99.8 ശതമാനവും ജലമാണ്.
അതേസമയം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും അമിതവണ്ണം നിയന്ത്രിക്കുന്നതിന് കറ്റാർവാഴ സഹായിക്കുമെന്ന് കരുതി പലരും ഇത് പച്ചയായി കഴിക്കുന്ന ഒരു പതിവുണ്ട്. ചിലർ അപ്പന്റിസ് പോലുളള അവസ്ഥ തരണം ചെയ്യാൻ കറ്റാർവാഴ ഇട്ട് തിളപ്പിച്ച വെളളം കുടിക്കാറുണ്ട്. ഇവയൊക്കെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്.
കറ്റാർവാഴ വെറുംവയറ്റിൽ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് ദിവസവും കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. കാരണം കറ്റാർവാഴയുടെ പിഎച്ച് 4.4 ആണ്. ഒടുവിൽ ഹെപ്പറ്റൈറ്റിസ് പോലുളള മാരകമായ കരൾ രോഗങ്ങൾ വരെ കറ്റാർവാഴ സ്ഥിരമായി കഴിക്കുന്നതിലൂടെയുണ്ടാകാം. വയറിളക്കം, ഹൈപ്പോകലേമിയ (ശരീരത്തിൽ കാത്സ്യം കുറയുന്ന അവസ്ഥ), എന്നിവയും മറ്റ് പ്രശ്‌നങ്ങളാണ്. അതിനാൽ വിദഗ്ദ്ധരുടെ നിർദ്ദേശമില്ലാതെ കറ്റാർവാഴ പച്ചയായി കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ പെട്ടന്ന് തന്നെ നിർത്തേണ്ടതാണ്.