ഇഡ്ഡലിപാത്രത്തിൽ തയാറാക്കാം ചക്കയപ്പം; എളുപ്പമാണ്

  1. Home
  2. Lifestyle

ഇഡ്ഡലിപാത്രത്തിൽ തയാറാക്കാം ചക്കയപ്പം; എളുപ്പമാണ്

jack


ചക്ക വരട്ടി വെച്ചത് വീട്ടിലുണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. 

ആവശ്യമുള്ള സാധനങ്ങൾ
ചക്ക വരട്ടിയത് - 100-150 ഗ്രാം
അരിപ്പൊടി- ഒരു കപ്പ്
ശർക്കര - 4 അച്ച് (നല്ല കറുത്ത ശർക്കര)
ഏലക്ക- 2-3 എണ്ണം
തേങ്ങാക്കൊത്ത് - കാൽക്കപ്പ്
ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം
ആദ്യം തന്നെ വേവിച്ച് വരട്ടി വെച്ചിരിക്കുന്ന ചക്കയിൽ അൽപം വെള്ളമൊഴിച്ച് കുതിർത്തുക. അതിന് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് അരിപ്പൊടി നല്ലതുപോലെ ഇളക്കി ഇളക്കി ചേർക്കേണ്ടതാണ്. ഇതേ സമയം ശർക്കര കാൽകപ്പ് വെള്ളത്തിൽ നല്ലതുപോലെ ഉരുക്കിയെടുക്കുക. ഇത് ചൂടോടെ തന്നെ അരിപ്പൊടിയിലേക്ക് ചേർക്കാൻ ശ്രദ്ധിക്കണം. ശേഷം തേങ്ങാക്കൊത്തും ഏലക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും (മധുരം ബാലൻസ് ചെയ്യാനാണ് ഉപ്പ് ചേർക്കുന്നത്, ആവശ്യമില്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്) ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വെക്കണം.

എല്ലാം കഴിഞ്ഞ് ഒരു പത്ത് മിനിറ്റിന് ശേഷം ഇഡ്ഡലി മാവിന്റെ പരുവത്തിൽ ആയിരിക്കണം മാവ് ഉണ്ടാവേണ്ടത്. ഇത് ഇഡ്ഡലി പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് അൽപ്പാൽപ്പമായി കോരിയൊഴിക്കണം. തീ കുറച്ചിട്ട് അതിൽ വേവിച്ചെടുക്കണം. 20-25 മിനിറ്റിനുള്ളിൽ തന്നെ ഇത് നല്ലതുപോലെ വെന്ത് കിട്ടും. അതിന് ശേഷം തീ ഓഫ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് തന്നെ വാഴയിലയിലും വയനയിലയിലും ചെയ്യാവുന്നതാണ്. അപ്പോൾ കുറച്ച് കൂടി രുചിയായിരിക്കും എന്നുള്ളതാണ് സത്യം.