ടി.വി കാണുമ്പോൾ ഭക്ഷണം കഴിക്കുന്നവരാണോ?; എങ്കിൽ ഇനി അത് വേണ്ട
ടി.വി കാണുന്നതിനൊപ്പം ഭക്ഷണം കഴിക്കുന്ന ധാരാളം പേരുണ്ട്. കുട്ടികൾ ഉൾപ്പെടെ ഇത്തരത്തിൽ ചെയ്യാറുണ്ടെന്ന് നിസംശയം പറയുവാൻ സാധിക്കും. അത്തരമൊരു ശീലം ഉള്ളവരാണ് നിങ്ങളെങ്കിൽ അതുടൻ മാറ്റേണ്ടുന്ന സമയമായി എന്ന് ചുരുക്കം. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നറിയാമോ?
ഭക്ഷണം കഴിക്കുമ്പോൾ ടെലിവിഷൻ കാണുന്നത് നിങ്ങൾ ആഹാരം ചവയ്ക്കുന്നത് തെറ്റായി മാറുവാൻ ഇടയാക്കുന്നു. മാത്രമല്ല, നിങ്ങൾ എത്രമാത്രം ഭക്ഷണം കഴിക്കുന്നു എന്നതിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു.
നിങ്ങൾ എത്ര സമയം ടിവി കാണുന്നുവോ അത്രയും നേരം നിങ്ങളുടെ ശരീരവും മനസും അവിടെ നിൽക്കുന്നു. മറ്റൊന്നിലേക്കും ശ്രദ്ദ കേന്ദ്രീകരിക്കുവാനും സാധിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നത് മനസ്സിൻ്റെ ഒരു വ്യായാമമായിരിക്കണം. നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രുചികൾ ഉൾക്കൊള്ളുകയും പതുക്കെ ചവയ്ക്കുകയും വേണം.
നിങ്ങളുടെ ഭക്ഷണം ശരിയായി ചവയ്ക്കുന്നത്, നിങ്ങളുടെ ഉമിനീരിലെ എൻസൈമുകൾ അതിൽ പ്രവർത്തിക്കാനും അത് നന്നായി ദഹിപ്പിക്കാനും അനുവദിക്കും. അങ്ങനെ മെറ്റബോളിസം വർദ്ധിപ്പിക്കും. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് വെള്ളം കുടിക്കുന്നതും ഈ പ്രക്രിയയ്ക്ക് സഹായിക്കുന്നു. അതുകൊണ്ട് ടെലിവിഷൻ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത്.