സന്തോഷിക്കാൻ പേടിയാണോ?; ദുഃഖവാർത്ത പിന്നാലെ വരുമെന്ന ടെൻഷൻ; ഇതാക്കാം കാരണം

  1. Home
  2. Lifestyle

സന്തോഷിക്കാൻ പേടിയാണോ?; ദുഃഖവാർത്ത പിന്നാലെ വരുമെന്ന ടെൻഷൻ; ഇതാക്കാം കാരണം

cherophobia


സന്തോഷം ജീവിതത്തിൽ എത്ര കിട്ടിയാലും മതിയാകാത്തവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു പ്രത്യേക തരം മനശാസ്ത്ര പ്രശ്നമുള്ളവർക്ക്
ജീവിതത്തിൽ സന്തോഷം വേണമെന്ന ആഗ്രഹമുണ്ടാകില്ല. ചെറോഫോബിയ എന്നാണ് സന്തോഷത്തോടുള്ള ഈ ഭയത്തിന്റെ പേര്.

ഗ്രീക്ക് വാക്കായ ചെയ്റോയിൽ(Chairo) നിന്നാണ് ചെറോഫോബിയയുടെ ഉത്ഭവം. 'ഞാൻ സന്തോഷിക്കുന്നു' എന്നാണ് ഈ വാക്കിന്റെ അർത്ഥം. ചെറോഫോബിയ ഉള്ളവർക്ക് ജീവിതത്തിൽ സന്തോഷമുണ്ടാകുമ്പോൾ ഇതിന് പിന്നാലെ ഏതെങ്കിലും ചീത്ത കാര്യവും സംഭവിക്കുമെന്ന ഭയവും ഉത്കണ്ഠയും ഉണ്ടാകും. അവരുടെ ജീവിതത്തിലെ പഴയ എന്തെങ്കിലും തിക്താനുഭവവുമായോ കുട്ടിക്കാലത്തെ ഏതെങ്കിലും സംഭവവുമായോ ഒക്കെ ബന്ധപ്പെട്ടതായിരിക്കും ഈ പേടി.

കുട്ടിക്കാലത്ത് വളരെ സന്തോഷിച്ചിരിക്കുന്ന സമയത്ത് വന്നു ചേർന്ന എന്തെങ്കിലും ദുരന്തങ്ങൾ ചെറോഫോബിയയിലേക്ക് നയിക്കാം. പിന്നീട് എന്തെങ്കിലും സന്തോഷിക്കാനുള്ള വകയുണ്ടാകുമ്പോൾ ഈ ഗതകാല സ്മരണകൾ ഉണരുകയും പുറകേ എന്തോ ദുരന്തം വരാനിരിക്കുന്നു എന്നും ചെറോഫോബിയക്കാർ വിശ്വസിക്കും.

അന്തർമുഖരായിട്ടുള്ളവർക്കും എല്ലാത്തിലും പെർഫക്ഷൻ ആഗ്രഹിക്കുന്നവർക്കും മറ്റുള്ളവരുടെ ആവശ്യങ്ങളെ തങ്ങളുടെ ആവശ്യങ്ങൾക്ക് മേൽ പ്രതിഷ്ഠിക്കുന്നവർക്കും ചെറോഫോബിയ വരാനുള്ള സാധ്യത അധികമാണ്.


ചെറോഫോബിയയുടെ ലക്ഷണങ്ങൾ

  • സന്തോഷിക്കാൻ എന്തെങ്കിലും നടന്നാൽ ഉടനെ പശ്ചാത്താപവും തനിക്ക് ഈ സന്തോഷത്തിന് യോഗ്യതയില്ലെന്നുമുള്ള ചിന്തയും ഉണ്ടാവുക.
  • സാധാരണ ഗതിയിൽ സന്തോഷവും ആഹ്‌ളാദവും പകരുന്ന നിമിഷങ്ങളിൽ എന്തെങ്കിലും നെഗറ്റീവായി സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുക
  • സന്തോഷിക്കാൻ ഇടയുള്ള സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക.
  • പോസിറ്റീവായുള്ള വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്. പോസിറ്റീവായി എന്തെങ്കിലും പ്രകടിപ്പിച്ചാൽ അടുത്ത നിമിഷം സങ്കടം തോന്നൽ.
  • ആഹ്‌ളാദകരമായ നിമിഷങ്ങളിലെ സമ്മർദ്ദവും പിരിമുറുക്കവും
  • സന്തോഷം പ്രകടിപ്പിച്ചാൽ സുഹൃത്തുക്കളെല്ലാം ശത്രുക്കളായി മാറുമോ എന്ന ഭയം
  • ആഹ്‌ളാദം നൽകുന്ന എന്തെങ്കിലും കാര്യം ചെയ്താൽ മറ്റുള്ളവർ നിങ്ങളെ സ്വാർത്ഥമതി എന്ന് മുദ്ര കുത്തുമോ എന്നുള്ള ഭയം
  • ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മനശാസ്ത്ര വിദഗ്ധനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി വഴി ഇത്തരം ഫോബിയകളെ ഒരു പരിധി വരെ അകറ്റാൻ സാധിക്കും