വ്യത്യസ്തമായൊരു കൂൺ റെസിപ്പി; തയാറാക്കാം കൂർഗ് സ്പെഷ്യൽ കുമ്മു കറി
തേങ്ങ അരപ്പിൽ വെന്തുവരുന്ന കൂൺ കറി ചപ്പാത്തിക്കും റൊട്ടിക്കും ബെസ്റ്റ് കോമ്പിനേഷൻ ആണ്. കുമ്മു കറി എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
കൂൺ - കഴുകി വൃത്തിയാക്കി നുറുക്കിയത് 500 ഗ്രാം
പച്ചമുളക് - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
വറ്റൽമുളക് - രണ്ടെണ്ണം
കുരുമുളക് - ഒരു ടീ്സ്പൂൺ ചതച്ചത്
സവാള- രണ്ടെണ്ണം, കനം കുറച്ച് അരിഞ്ഞത്
തക്കാളി - രണ്ടെണ്ണം, നുറുക്കിയത്
കറിവേപ്പില - ഒരു തണ്ട്
മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
അരപ്പിന്
തേങ്ങ ചിരകിയത് - കാൽക്കപ്പ്
ജീരകം - ഒരു ടീസ്പൂൺ
വെളുത്തുള്ളി- ആറ് അല്ലി
തയാറാക്കുന്ന വിധം
ആദ്യം തന്നെ തേങ്ങയും ജീരകവും വെളുത്തുള്ളിയും മിക്സിയിൽ നല്ലവണ്ണം അൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു കടായി അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് കറിവേപ്പിലയും വറ്റൽ മുളകും കുരുമുളകും ചേർത്ത് മൂപ്പിക്കുക.
ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. അതിലേക്ക് കൂൺ ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇനി അരച്ചുവെച്ചിരിക്കുന്ന തേങ്ങ അരപ്പ് കൂണിലേക്ക് ചേർത്ത് വേവിക്കുക. അതിലേക്ക് തക്കാളി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയും ചേർക്കുക. അരക്കപ്പ് വെള്ളം ചേർത്ത് കറി ചാറാക്കുക. അഞ്ചുമിനിട്ട് നേരം തീ കുറച്ച്. അടുപ്പിൽ വെച്ച് വേവിക്കുക. അതിനുശേഷം ഉപ്പ് പാകം നോക്കി അടുപ്പിൽ നിന്നും മാറ്റാം.