പച്ചക്കറി ഒട്ടും ഇഷ്ടമില്ലാത്ത കുട്ടികളെ ഇനി ഈസിയായി കഴിപ്പിക്കാം; വെണ്ടയ്ക്ക - മുട്ട ഓംലെറ്റ് എളുപ്പത്തിൽ തയാറാക്കാം

  1. Home
  2. Lifestyle

പച്ചക്കറി ഒട്ടും ഇഷ്ടമില്ലാത്ത കുട്ടികളെ ഇനി ഈസിയായി കഴിപ്പിക്കാം; വെണ്ടയ്ക്ക - മുട്ട ഓംലെറ്റ് എളുപ്പത്തിൽ തയാറാക്കാം

omplate


പച്ചക്കറിയോ മുട്ടയോ ഏതാണിഷ്ടമെന്നു കുട്ടികളോട് ചോദിച്ചാൽ സംശയമേതുമില്ലാതെ മുട്ടയെന്ന ഉത്തരം കിട്ടും. ഇങ്ങനെ പച്ചക്കറി ഒട്ടും ഇഷ്ടമില്ലാത്ത കുട്ടികളെ എങ്ങനെയത് കഴിപ്പിക്കാം. ചോദ്യം അമ്മമാരോടാണെങ്കിൽ അതിനുള്ള ഉത്തരമാണ് ഇനി പറയുന്ന വിഭവം. മുട്ടയും അതിനൊപ്പം തന്നെ വെണ്ടയ്ക്കയും. രണ്ടും ഒരുമിച്ചു ചേരുമ്പോൾ രുചികരവും അതിനൊപ്പം തന്നെ ആരോഗ്യത്തിനു അത്യുത്തമവും. എങ്ങനെയാണു മുട്ടയും വെണ്ടയ്ക്കയും ഒരുമിച്ചു ചേർത്ത് ഓംലെറ്റ് തയാറാക്കിയെടുക്കുന്നതെന്നു നോക്കാം. ഷമീസ് കിച്ചൺ എന്ന ഇൻസ്റ്റഗ്രാമിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വെണ്ടയ്ക്ക - മുട്ട ഓംലെ

ചെറുതായി അരിഞ്ഞെടുത്ത സവാള, ക്യാപ്‌സിക്കം അല്ലെങ്കിൽ സ്പ്രിങ് ഒനിയൻ, അതിനൊപ്പം വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു എണ്ണയിലിട്ട് നന്നായി വഴറ്റിയെടുത്തത്, മൂന്നു മുട്ടയും രണ്ടു ടേബിൾ സ്പൂൺ കോൺഫ്ലോറും അര ടീസ്പൂൺ കുരുമുളക് പൊടിയും കുറച്ചു മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. എല്ലാ ചേരുവകളും ഒരുമിച്ചു നല്ലതു പോലെ മിക്സ് ചെയ്തതിനു ശേഷം ഒരു പാൻ വെച്ച് അതിലേയ്ക്ക് കുറച്ച് എണ്ണയൊഴിച്ചു നന്നായി ചൂടായി വരുമ്പോൾ ഈ കൂട്ട് ഒഴിച്ച് കൊടുക്കാം. തീ കുറച്ചു വെച്ച്   നന്നായി വേവിച്ചതിനു ശേഷം മറിച്ചിടാം. രണ്ടാമത്തെ ഭാഗവും വെന്തു വന്നതിനു ശേഷം തീ ഓഫ് ചെയ്യാം.

രുചികരമായ വെണ്ടയ്ക്ക - മുട്ട ഓംലെറ്റ് തയാറായി കഴിഞ്ഞു. ചോറിനൊപ്പം കുട്ടികൾക്കിതു കഴിക്കാൻ നൽകാം. മുട്ട ഇഷ്ടപ്പെട്ടു കഴിക്കുന്നവർ ഇതൊരിക്കലും മാറ്റിവെയ്ക്കുകയില്ല. ഫലമോ ഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയായ വെണ്ടയ്ക്കയും അവർ കഴിക്കാൻ തയാറാകും. മുട്ടയ്‌ക്കൊപ്പം ഇതുപോലെ മുരിങ്ങയിലയോ ചീരയോ ഒക്കെ ചേർക്കാവുന്നതാണ്. പച്ചക്കറികളും ഇലക്കറികളുമൊക്കെ കഴിക്കാൻ മടിയുള്ള വിരുതന്മാർക്കായി ഇത്തരം വിദ്യകൾ പരീക്ഷിക്കാം.