ഇഡലികൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന വ്യത്യസ്ത വിഭവങ്ങൾ പരിചയപ്പെടാം
രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി മിച്ചം വന്നിട്ടുണ്ടോ? നിങ്ങളത് കളയാനിരിക്കുകയാണോ? എന്നാല്‍ അത് പാഴാക്കണ്ട. മിച്ചംവരുന്ന ഇഡ്ഡലികൊണ്ട് വൈവിധ്യമാര്‍ന്ന, രുചികരമായ വിഭവങ്ങള്‍ തയാറാക്കാം. പച്ചക്കറികളും കുറച്ച് മസാലയും ഒക്കെ ചേര്‍ത്ത് ഈ ഇഡ്ഡലിക്ക് പുതുജീവന്‍ പകരാം. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുമ്പോഴും ചായയുടെ കൂടെ കഴിക്കാനും ഒക്കെ ഈ ഇഡ്ഡലി പലഹാരങ്ങള്‍ സ്വാദിഷ്ടമാണ്.
ക്രിസ്പി തവ ഇഡലി
ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്ഡലി - 8 എണ്ണം(ചതുര കഷണങ്ങളായി മുറിച്ച് എണ്ണയില്‍ ഒന്ന് ടോസ്റ്റ് ചെയ്‌തെടുക്കുക)
എണ്ണ -1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂണ്‍
സവാള അരിഞ്ഞത് - 1/2 കപ്പ്
തക്കാളി അരിഞ്ഞത് -1/2 കപ്പ്
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി- 1/2 ടീസ്പൂണ്‍
പാവ് ഭാജി മസാല- 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
നാരങ്ങ നീര് - 1 ടീസ്പൂണ്‍
മല്ലിയില ചെറുതായി അരിഞ്ഞത് - 4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു നോണ്‍-സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കുക. വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് അല്‍പ്പസമയം വഴറ്റുക. ഉള്ളി ചേര്‍ത്തിളക്കി വാടിത്തുടങ്ങുമ്പോള്‍ തക്കാളി ചേര്‍ക്കുക. നന്നായി ഇളക്കി ഇടത്തരം തീയില്‍ വേവിച്ചെടുക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, പാവ് ഭാജി മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് ഇടത്തരം തീയില്‍ വഴറ്റുക. അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് മീഡിയം തീയില്‍ വഴറ്റുക. ചെറുനാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ത്ത് കുറച്ച് സമയം വേവിക്കുക. ഇതിലേക്ക് ഇഡ്ഡലി ചേര്‍ത്ത് ടോസറ്റ് ചെയ്‌തെടുക്കുക. ചൂടോടെ മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.
ചില്ലി ഇഡ്ഡലി
ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്ഡലി - 10 എണ്ണം (കഷണങ്ങളാക്കിയത്)
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -7-8 അല്ലി
ഇഞ്ചി അരിഞ്ഞത്- 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 5-6 എണ്ണം.
കാപ്‌സിക്കം ഇടത്തരം കഷ്ണങ്ങളാക്കിയത്- 2
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് - ½ കപ്പ്
പഞ്ചസാര - 1 ടീസ്പൂണ്‍
റെഡ് ചില്ലി സോസ് - 2 ടീസ്പൂണ്‍
സോയ സോസ് - 2 ടീസ്പൂണ്‍
ഉപ്പ് & കുരുമുളക് - രുചിക്ക് അനുസരിച്ച്
വെള്ളം - കുറച്ച്
കോണ്‍സ്റ്റാര്‍ച്ച് - 1 ടീസ്പൂണ്‍ + വെള്ളം 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി എണ്ണ, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.ഇതിലേക്ക് ക്യാപ്‌സിക്കം, സ്പ്രിംഗ് ഒനിയന്‍ എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി പഞ്ചസാര ചേര്‍ത്ത് വീണ്ടും ഒരു മിനിറ്റ് വഴറ്റുക. റെഡ് ചില്ലി സോസ്, സോയ സോസ്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് ഇളക്കുക. അല്‍പ്പം വെള്ളവും കോണ്‍സ്റ്റാര്‍ച്ചും ചേര്‍ത്ത് സോസ് കട്ടിയാകുന്നതുവരെ വേവിക്കുക.ഇതിലേക്ക് ഇഡ്ഡലികള്‍ ചേര്‍ത്ത് സോസില്‍ നന്നായി ടോസ് ചെയ്‌തെടുക്കാം. അരിഞ്ഞ സ്പ്രിംഗ് ഒനിയന്‍ അല്‍പ്പംകൂടി വിതറി ചൂടോടെ വിളമ്പാം.
ഇഡ്ഡലി മസാല
ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്ഡലി - 5 എണ്ണം(ചതുരത്തില്‍ ചെറിയ കഷണങ്ങളാക്കിയത്)
സവാള- 1 എണ്ണം(കൊത്തിയരിഞ്ഞത്)
തക്കാളി- 1 ചെറുതായരിഞ്ഞത്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ഗരംമസാല - 1/2 ടീസ്പണ്‍
മല്ലിയില അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്ക് സവാളയിട്ട് അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. വഴന്നുവരുമ്പോള്‍ അതിലേക്ക് പൊടികള്‍ ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ തക്കാളി ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന ഇഡ്ഡലി ചേര്‍ത്ത് യോജിപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കിയ ശേഷം മല്ലിയില വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം.