'നിസാരക്കാരനല്ല പേൻ': ലൈംഗിക രോഗം വരെ ഉണ്ടായേക്കാം: അറിയാം ഇവ
സ്ത്രീകളിലും കുട്ടികളിലും അധികമായി പടരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതും പേന്‍ (Pediculus Humanus) ഉണ്ടാക്കുന്ന രോഗമാണ്. അതിനെ pediculosis എന്ന് പറയുന്നു. ചിറകില്ലാത്ത ഷഡ്പദമാണ് പേന്‍. തലമുടിയിലും ശരീരത്തിലും ബാധിക്കുന്ന രോഗത്തിന് pediculosis capitis എന്നും ഗുഹ്യഭാഗങ്ങളില്‍ ഉണ്ടാകുന്ന പേന്‍ ശല്യത്തിന് Pediculosis Pubis എന്നും പറയുന്നു.
രണ്ടുതരം പേന്‍ ആണ് മനുഷ്യ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നത്.
1) Pedicular humanis
2) Pthirus pubis
ദേഹത്തും മുടിയിലും കാണുന്ന പേനിന് 2-4mm നീളവും 6 കാലുകളും രണ്ട് കൊമ്പുകളും ഉണ്ട്. അവയ്ക്ക് ചാരനിറവുമായിരിക്കും. ഇവ, രോഗി ഉപയോഗിക്കുന്ന ഉടുപ്പുകളില്‍ കാണാം. അനാരോഗ്യകരമായ വൃത്തികുറഞ്ഞ ചുറ്റുപാടുകളില്‍ ജീവിക്കുന്ന മനുഷ്യരിലും കൂട്ടമായി താമസിക്കുന്നവരിലും (ഉദാ: മിലിറ്ററി ബാരക്, അഭയാര്‍ത്ഥി ക്യാമ്പ്) ഇവ പെട്ടെന്ന് പടരുന്നതായി കാണുന്നു. രോഗികള്‍ ഉപയോഗിക്കുന്ന ഉടുപ്പുകള്‍, ബ്രഷുകള്‍, കിടക്കകള്‍, ടൗവല്‍ മുതലായവ വഴിയാണ് ഇവ മറ്റുള്ളവര്‍ക്കും ബാധിക്കുന്നത്.
3-11 വയസ് വരെയുള്ള കുട്ടികളുടെ മുടിയിലാണ് പേന്‍ ശല്യം കൂടുതലായി കാണുന്നത്. പേന്‍ തലയോട്ടിയില്‍ വാസമുറപ്പിച്ചിട്ട് ഒരു മാസമാവുമ്പോഴേക്കും തലയില്‍ ചൊറിച്ചില്‍ തുടങ്ങും. തലയോട്ടിയോടു ചേര്‍ന്ന് മുടിയില്‍ ഇത് മുട്ടയിടും. 1mm നീളമുള്ള ചെറിയ മുട്ട ഒരാഴ്ചയ്ക്കകം വിരിയും. മുടിക്ക് 1/4 ഇഞ്ച് നീളം വരുമ്പോഴേക്കും മുട്ട വിരിയും. അതുകൊണ്ടുതന്നെ മുടിയുടെ 1/2 ഇഞ്ച് നീളത്തിനകത്ത് മുട്ട കണ്ടില്ലെങ്കില്‍, തലയില്‍ പേനില്ലെന്ന് അനുമാനിക്കാം. ഇതിന് പറക്കാന്‍ കഴിവില്ലാത്തവയാണ്.
ഗുഹ്യരോമങ്ങളില്‍, കാണുന്ന പേന്‍ പ്രകൃതത്തില്‍ വ്യത്യസ്തമാണ്. അതിന്റെ മുന്‍കാലുകല്‍ മറ്റുള്ള കാലുകളെക്കാള്‍ ചെറുതാണ്. തലയിലെ പേനിന്റെ അത്ര വലിപ്പവും ഇല്ല. മീശയിലും നെഞ്ചത്തും കക്ഷത്തും കണ്‍പീലികളിലും മറ്റുമുള്ള രോമങ്ങളില്‍ ഈ പേന്‍ വാസമുറപ്പിക്കും. 95 ശതമാനം ഇത് ഒരു ലൈംഗിക രോഗമായാണ് കണക്കാക്കുന്നത്. മനുഷ്യശരീരത്തിന് പുറത്ത് 36 മണിക്കൂറോളം ഇതിന് കഴിയാന്‍ പറ്റും. ചൂട് കാലാവസ്ഥയിലാണ് ഇത് കൂടുതലായി പരക്കുന്നത്.
രോഗലക്ഷണങ്ങള്‍
അസഹ്യമായ ചൊറിച്ചിലാണ് ആദ്യലക്ഷണം. പേന്‍ ശരീരത്തില്‍ കയറിയാല്‍ 4-6 ആഴ്ചകള്‍ക്കകം ചൊറിച്ചില്‍ തുടങ്ങും. തൊലി പൊട്ടാനും കറുപ്പുനിറം വരാനും സാദ്ധ്യതയുണ്ട്. ചൊറിച്ചില്‍ കാരണം ഉറക്കമില്ലായ്മയും രോഗികള്‍ പരാതിപ്പെടാറുണ്ട്. രാത്രിയിലാണ് പേന്‍ ശല്യം കൂടുതലായി അനുഭവപ്പെടുക. ചെവിയുടെ പുറകിലും കഴുത്തിന്റെ പുറകിലുമാണ് മുട്ടകള്‍ (ഈര് - Nits) കൂടുതലായി കാണപ്പെടുന്നത്. ഇത് മുടിയില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ പ്രയാസമാണ്. എന്നാല്‍ pseudo nits എന്നറിയപ്പെടുന്ന കറുത്ത പൊട്ടുകള്‍, തൊലിയുടെ പുറംപാളികളാണ്. അത് മുടി തലയോട്ടിയോട് ചേരുന്ന ഭാഗത്ത് കട്ടപിടിച്ചിരിക്കുന്നത് കാണാം. അതിനെ മാറ്റിക്കളയാന്‍ സാധിക്കും. തലയില്‍ ചൊറിഞ്ഞു പൊട്ടിയിടത്ത് അണുബാധയുണ്ടാവുകയും കഴുത്തിലെ കഴലകള്‍ (lymphinodes) വീക്കം വെയ്ക്കുന്നതും സാധാരണയാണ്. അതിനോടൊപ്പം ക്ഷീണവും പനിയും വിളര്‍ച്ചയും ഉണ്ടാകാം.
ഗുഹ്യപേന്‍ ബാധയുള്ളവര്‍ക്ക്വര്‍ക്ക് ചൊറിച്ചില്‍, എക്‌സിമ, തൊലി കട്ടിപിടിക്കല്‍, ചുവന്ന കുരുക്കള്‍ ഇവയൊക്കെ രോഗലക്ഷണങ്ങളായി കണ്ടുവരുന്ന രോഗികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ടവ്വലുകളിലും ഒക്കെ പേനിനെ കാണാം. കണ്‍പീലികളില്‍ പേന്‍ ഇരുന്നാല്‍ കണ്ണിന് ചുമപ്പും മറ്റും അനുഭവപ്പെടാം. ഇരുണ്ട നിറമുള്ള പാടുകള്‍ (Blue Block macules) മറ്റൊരു രോഗലക്ഷണമാണ്. ലെന്‍സ് വച്ച് രോമം പരിശോധിച്ചാല്‍, പേനും മുട്ടയും കണ്ടുപിടിക്കാന്‍ സാധിക്കും. ഗുഹ്യഭാഗത്ത് പേനിനെ കണ്ടെത്തിയാല്‍ മറ്റു ഗുഹ്യരോഗങ്ങള്‍ കൂടി ഉണ്ടോ എന്നും പരിശോധിക്കണം.
ചികിത്സ
· പെര്‍ മെത്രിന്‍ (Permethrin)
· പൈറെത്രിന്‍ (Pyrethrins)
· മാലത്തിയോണ്‍ (Malathione)
· ലിന്‍ഡേന്‍ (Lindane)
· ഐവര്‍ മെക്റ്റിന്‍ (Ivermectin)
ഇവ അടങ്ങിയ ലേപനങ്ങളും സോപ്പും ഇതിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കാം. പേനിന്റെ നാഡീവ്യൂഹങ്ങളെ തളര്‍ത്തുന്നവയാണ് ഈ മരുന്നുകള്‍. മുട്ടകള്‍ ഒരാഴ്ച കഴിഞ്ഞ് വിരിയുന്നതുകൊണ്ട് ഒരാഴ്ചയ്ക്കുശേഷം ഒന്നുകൂടി ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. അകലമുള്ള പല്ലുകള്‍ ഉള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകി മുട്ടകളെ എടുത്തു കളയേണ്ടതാണ്. പേന്‍ ചത്താലും ചൊറിച്ചില്‍ വീണ്ടും കുറേനാള്‍ കൂടി നിലനില്ക്കുന്നതിനാല്‍ കൗണ്‍സലിംഗ് ചിലപ്പോള്‍ ആവശ്യമായി വരാം. 2% ലൈസോള്‍ ലായനിയില്‍ മുക്കി ഉപയോഗിച്ച് ചീപ്പ് അണുനാശനം ചെയ്യേണ്ടതാണ്. അതുപോലെ രോഗി ഉപയോഗിച്ച വസ്ത്രങ്ങളും ഷീറ്റും ടവ്വലും എല്ലാം തിളച്ച വെള്ളത്തില്‍ 10-15 മിനിറ്റ് ഇട്ടുവയ്‌ക്കേണ്ടതാണ്. അതുകഴിഞ്ഞ് തേപ്പുപെട്ടി വെച്ച് തേച്ച് എടുത്ത് ഉപയോഗിക്കണം. അല്ലെങ്കില്‍ ഡ്രൈക്ലീന്‍ ചെയ്യേണ്ടതാണ്.
കണ്‍പീലികളില്‍ പെട്രോലാറ്റം ഓയിന്റ്‌മെന്റ് രണ്ടുമൂന്നു തവണ പുരട്ടേണ്ടതാണ്. ഉള്ളില്‍ iver mectin ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഒരാഴ്ച ഇടവിട്ട് രണ്ടു ഡോസ് കഴിക്കുന്നത് ഫലപ്രദമാണ്. സള്‍ഫാ ഗുളികകള്‍ (Sephra or bactrim) രാവിലെയും വൈകിട്ടും ഒരാഴ്ച കഴിക്കുന്നതു പ്രയോജനം ചെയ്യും. നേര്‍പ്പിച്ച വിനാഗിരി കൊണ്ട് മുടി കഴുകുന്നത് പേന്‍ മുട്ടകള്‍ മുടിയില്‍ നിന്ന് അടര്‍ന്നു പോകാന്‍ സഹായിക്കും.
ചൊറി (scabies)
സാര്‍ക്കോപ്റ്റസ് സ്‌കേബി (sarcoptes scabei) പ്രാണിയാണ് ചൊറി ഉണ്ടാക്കുന്നത്. ഇതിന് 4 ജോഡി കാലുകളും ഉടലില്‍ കുറുകെയുള്ള വരകളും കൊമ്പുകളും ഉണ്ട്. തൊലിയുടെ പുറംപാളികള്‍ക്കിടയില്‍ സാര്‍കോപ്‌സിന്റെ പെണ്‍വര്‍ഗ്ഗം (female mile) ചെറിയ ചാലുകളുണ്ടാക്കി വാസമുറപ്പിക്കുന്നു. ഒരു മാസത്തോളം അത് ത്വക്കില്‍ ഉണ്ടാകും. മൂന്നാഴ്ച കൊണ്ട് അത് വലുതാവുകയും മുട്ടയിടുകയും ചെയ്യും. മുട്ട ഒരാഴ്ചയ്ക്കുള്ളില്‍ വിരിയുകയും അത് ഈ ജീവിതചക്രം തുടരുകയും ചെയ്യും.
ചൊറി ബാധിച്ച ഒരു രോഗിയുടെ ശരീരത്തില്‍ 10-12 പ്രാണികള്‍ വരെ ഉണ്ടാകാം. രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലും ഈ പ്രാണികള്‍ ഉണ്ടായിരിക്കും. വളരെ അടുത്ത് ഇടപഴകുന്നവരില്‍ ഈ രോഗം പകര്‍ന്നു കിട്ടും. രോഗി പെരുമാറുന്ന മുറിയിലും വീട്ടുപകരണങ്ങളിലും ഈ പ്രാണിയെ കാണാന്‍ സാധിക്കും. തൊലിയിലല്ലാതെ 96 മണിക്കൂറോളം ഈ പ്രാണിക്ക് അതിജീവിക്കാന്‍ കഴിയും. രോഗമുണ്ടാകാനജല്പ ഇടവേള 1-2 മാസങ്ങളാണ്. പൊടിയില്‍ കാണപ്പെടുന്ന ചെറുപ്രാണികളുമായി (Dust mite) സാര്‍ക്കോപ്റ്റസിന് സാമ്യമുണ്ട്. അതുകൊണ്ട്, അലര്‍ജി ഉണ്ടാക്കാനും കാരണമാകുന്നു.
ലക്ഷണങ്ങള്‍
അസഹ്യമായ ചൊറിച്ചിലാണ് പ്രഥമ ലക്ഷണം. രാത്രിയില്‍ അത് അധികരിക്കുകയും ചെയ്യും. ഇത് സാര്‍ക്കോപ്റ്റസ് ശരീരത്തിലുണ്ടാക്കുന്ന അലര്‍ജി മൂലമാണ്, പ്രാണിയുടെ മുട്ട, വിസര്‍ജ്യങ്ങള്‍, എല്ലാം മൂലം അലര്‍ജി ഉണ്ടാകും. എന്നാല്‍ പ്രതിരോധ ശേഷി കുറവുള്ള രോഗികളില്‍ (ഉദാ: അര്‍ബുദ ബാധിതര്‍, എയ്ഡ്സ് രോഗികള്‍) ചൊറിച്ചില്‍ വരണമെന്നില്ല. തുടക്കത്തില്‍ വിരലുകളുടെ ഇടയിലാണ് ചൊറിച്ചില്‍. പിന്നീടത് ശരീരം മുഴുവന്‍ വ്യാപിക്കും. ചൊറിഞ്ഞ് പോറലുകളുണ്ടാവുകയും അതില്‍ പിന്നീട് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. പുരുഷന്മാരില്‍ ലിംഗത്തില്‍ വൃഷണങ്ങളില്‍ മാത്രമായി കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ചികിത്സ ചെയ്താലും അത് വളരെ പതുക്കെയേ മാറുകയുള്ളു. ശിശുക്കളിലും ചെറിയ കുട്ടികളിലും കാല്‍പാദങ്ങളിലാണ് കൂടുതല്‍ കാണുന്നത്. ശിശുക്കളില്‍ പഴുപ്പുനിറഞ്ഞ കുരുക്കള്‍ കണ്ടാല്‍ ചൊറിയാണോ എന്ന് സംശയിക്കണം. ചിലരില്‍ അത് വലിയ അലര്‍ജിയുണ്ടാക്കുകയും ഈ അലര്‍ജി ലക്ഷണങ്ങള്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും.
നോര്‍വീജിയന്‍ സ്‌കേബീസ്
വയോവൃദ്ധരിലും പ്രതിരോധശേഷി കുറഞ്ഞവരിലും കാണപ്പെടുന്ന രോഗമാണിത്. രോഗികളില്‍ ദേഹം മുഴുവനും പൊറ്റകള്‍ ഉണ്ടാവുകയും ഉള്ളം കയ്യിലെയും കാലിലെയും തൊലി കട്ടിപിടിക്കുകയും വെടിച്ചു കീറുകയും ചെയ്യും. ആയിരക്കണക്കിനു പ്രാണികളെ ചര്‍മ്മത്തില്‍ വസിക്കുന്നതായി കാണാം. ഇത് മറ്റുള്ളവരിലേക്ക് പകരാന്‍ വളരെ സാധ്യതയുണ്ട്. ചര്‍മ്മത്തിലെ പുറം പാളികളെടുത്ത് മൈക്രോസ്‌കോപ്പില്‍ പരിശോധിച്ചാല്‍ പ്രാണിയെ (sarcoptes scabus) കണ്ടെത്താന്‍ സാധിക്കും.
ചികിത്സ
1. പെര്‍മെത്രിന്‍ എന്ന മരുന്ന് സാര്‍ക്കോപ്റ്റസിന്റെ ഞരമ്പുകളെ തളര്‍ത്തുന്നവയാണ്. ശരീരത്തില്‍ രാത്രി പുരട്ടി 12 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ പ്രാണിയെ നശിപ്പിക്കാന്‍ സാധിക്കും. നഖങ്ങളുടെ ഇടയിലും ഇരിക്കുന്നതിനാല്‍ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. ചിലരില്‍ ഈ മരുന്ന്, പുരട്ടുമ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാലും താരതമ്യേന ഈ ലേപനം സുരക്ഷിതമാണ്. ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി പുരട്ടേണ്ടത് ആവശ്യമാണ്. രണ്ടുമാസമുള്ള ശിശുക്കളിലും ഗര്‍ഭിണികളിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും.
2. ലിന്‍ഡേന്‍ 1% ക്രീം അല്ലെങ്കില്‍ ലോഷന്‍ പുരട്ടി 8-12 മണിക്കൂറുകള്‍ കഴിഞ്ഞ് കഴുകി കളയുന്നതും പ്രയോജനകരമാണ്. ഇതും പ്രാണിയുടെ ഞരമ്പുകള്‍ക്ക് ദോഷകരമാണ്. ഇത് ഗര്‍ഭിണികളിലും കുഞ്ഞുങ്ങളിലും ഉപയോഗിക്കാന്‍ പാടില്ല. ചൊറിഞ്ഞു പൊട്ടിയ ചര്‍മ്മത്തിലും ഇത് പുരട്ടാന്‍ പാടില്ല. 90% രോഗവിമുക്തിയുണ്ടെങ്കിലും രണ്ടാമത് ഒന്നുകൂടി പുരട്ടേണ്ടതാണ്.
3. ഐവര്‍ മെക്ടിന്‍ (Iver mectin)
ഇത് വളരെ ഉപയോഗമുള്ള ഒരു മരുന്നാണ് 200mg/kg. 48മണിക്കൂറിനുള്ളില്‍ ചൊറിച്ചില്‍ ശമിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് കൂടി കഴിച്ചാല്‍ അസുഖം ഭേദമാവുകയും ചെയ്യും. ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും ഇത് നല്‍കരുത്. പാലൂട്ടുന്ന അമ്മമാര്‍ക്കും ഇത് ദോഷകരമാണ്. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ക്കും ഇത് നല്ല ഫലം കണ്ടിട്ടുണ്ട്.
ഈ പുതിയ മരുന്നുകള്‍ വരുന്നതിന് മുമ്പ് 6% സള്‍ഫര്‍ പെട്രോലാറ്റത്തിന്‍ ലയിപ്പിച്ച് പുരട്ടാന്‍ നല്‍കിയിരുന്നു. 2 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇത് പ്രയോജനപ്രദമാണ്.
മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍
രോഗി ഉപയോഗിച്ച വസ്തുക്കള്‍ എല്ലാം നന്നായി ചൂടുവെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കണം. 10 ദിവസമെങ്കിലും ഇവ മാറ്റിവെയ്ക്കണം. 4-6 മണിക്കൂര്‍ ഇവ വെയില്‍ കൊള്ളിക്കുന്നത് പ്രാണിയെയും മുട്ടയെയും നശിപ്പിക്കാന്‍ ഉതകും. കുടുംബത്തില്‍ കൂടുതല്‍ ഇടപഴകുന്നവര്‍ എല്ലാവരും ഇത് ചെയ്യണം. ലൈംഗിക പങ്കാളികളും ചികിത്സ എടുക്കാന്‍ നിര്‍ദ്ദേശിക്കണം. പകര്‍ച്ചവ്യാധിയാകാതിരിക്കാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതാണ്.
രോഗം ഭേദമായാലും, ചൊറിച്ചില്‍ മാറാന്‍ കാലതാമസമെടുക്കും. 4 ആഴ്ച കഴിഞ്ഞ്, പരിശോധിച്ചിട്ട് പ്രാണിയെ ത്വക്കില്‍ കണ്ടെത്തിയാല്‍, വീണ്ടും ചികിത്സ നടത്തണം. ചിലരില്‍ കുരുക്കളും തടിപ്പും മാറാതെ കുറെനാള്‍ കണ്ടുവരാറുണ്ട്. വലിയ കുരുക്കളാണെങ്കില്‍ സ്റ്റീറോയിഡ് ഇന്‍ജക്ഷന്‍ വേണ്ടി വന്നേക്കാം.
കുട്ടികളില്‍ ചൊറി വന്നിട്ട്, കുരുക്കളില്‍ അണുബാധയുണ്ടായാല്‍ അത് വൃക്കകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ രോഗം നിസ്സാരമായി കാണരുത്. തക്കസമയത്തുള്ള ചികിത്സ പൂര്‍ണ്ണ രോഗസൗഖ്യം നല്‍കുന്നതാണ്.