ഒരു കഷ്ണം ഉരുളക്കിഴങ്ങ് ഉണ്ടോ?; എങ്കിൽ മിനിട്ടുകൾകൊണ്ട് നര മാറ്റാം
കൃത്രിമ ഡൈ പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും ശരീരത്തിനും പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. അതിനാൽ പ്രകൃതി ദത്തമായ രീതിയിൽ മുടി കറുപ്പിക്കാനുള്ള വിദ്യകൾ ചെയ്യുന്നതാണ് നല്ലത്. അത്തരത്തിൽ വീട്ടിൽതന്നെ ലഭിക്കുന്ന ചില വസ്തുക്കൾ കൊണ്ട് എങ്ങനെ ഡൈ തയ്യാറാക്കാൻ കഴിയും എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ് - വരണ്ടതും മങ്ങിയതുമായ മുടി, തലയോട്ടിയിലെ ചൊറിച്ചിൽ, മുടികൊഴിച്ചിൽ, അകാല നര എന്നിവയ്ക്കെല്ലാം ഉത്തമപരിഹാരമാണ് ഉരുളക്കിഴങ്ങ്. ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ വിറ്റാമിനുകളും ധാതുക്കളും തലയോട്ടി, മുടിയിഴകൾ എന്നിവ മോയ്ചുറൈസ് ചെയ്യുന്നതിനും കണ്ടിഷനിംഗ് ചെയ്യുന്നതിനും സഹായിക്കുന്നു.
തേയില വെള്ളം - തേയിലയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. തേയില വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, ടാനിസ് എന്നീ ഘടകങ്ങളാണ് മുടിക്ക് ആരോഗ്യവും തിളക്കവും നൽകുന്നത്. മുടിക്ക് തിളക്കം നൽകി ജീവനില്ലാത്തതും ശോഷിച്ചതുമായ മുടിയുടെ പ്രശ്നം പരിഹരിക്കാൻ തേയിലയ്ക്ക് കഴിയും.
നീലയമരി - മുടി കറുപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്നതാണ് നീലയമരി. ഹെന്ന ഇട്ട ശേഷം മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാൻ നീലഅമരി ഇടുന്നവരുണ്ട്. മുടി കൊഴിച്ചിലും നരയും മാറ്റാൻ ഏറ്റവും മികച്ചതാണ് നീലയമരി. നീലയമരിയുടെ ഇല ഉണക്കിപ്പൊടിച്ചാണ് ഹെയർ ഡൈയിൽ ഉപയോഗിക്കുന്നത്. പാക്കറ്റിൽ വാങ്ങുന്നതും ഉപയോഗിക്കാം. നീലയമരി കിട്ടിയില്ലെങ്കിൽ കരിംജീരകവും ഉപയോഗിക്കാവുന്നതാണ്.
തയ്യാറാക്കേണ്ടത്
മുടിയുടെ അളവിനനുസരിച്ച് ഉരുളക്കിഴങ്ങ് എടുക്കുക. ഒരു മുഴുവൻ ഉരുളക്കിഴങ്ങോ പകുതിയോ ഇതിനായി ഉപയോഗിക്കാം, ഉരുളക്കിഴങ്ങ് മിക്സിയിലിട്ട് അല്പം കട്ടൻചായയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ശേഷം ഇത് ഒരുപാത്രത്തിലേക്ക് അരിച്ച് മാറ്റണം. ഇതിലേക്ക് കുറച്ചുകൂടി തേയില വെള്ളം ചേർത്ത് സ്പ്രേ രൂപത്തിലാക്കുക. ശേഷം കുറച്ച് നീലയമരി പൊടി ചേർത്ത് നന്നായി യോജിപ്പിക്കണം. ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കി മൂന്നു മണിക്കൂർ വച്ച ശേഷം വേണം ഇതുപയോഗിക്കാൻ. ഇത് തലയിൽ സ്പ്രേ ചെയ്ത് 15 മിനിട്ടിന് ശേഷം കഴുകി കളയണം. ബാക്കിയുള്ളത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.