ഊണിന് മത്തങ്ങ എരിശ്ശേരി; രുചികരമായി തയാറാക്കാം

  1. Home
  2. Lifestyle

ഊണിന് മത്തങ്ങ എരിശ്ശേരി; രുചികരമായി തയാറാക്കാം

recipe


രുചികരമായ മത്തങ്ങ എരിശ്ശേരി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ
മത്തങ്ങ   –  അരക്കിലോഗ്രാം
വൻപയർ –     350 ഗ്രാം 
തേങ്ങ (ചിരകിയത്) – ഒരു ഇടത്തരം തേങ്ങയുടെ മുക്കാൽഭാഗം
ഉപ്പ്             – ആവശ്യത്തിന്
വെള്ളം         –  ആവശ്യത്തിന്
പച്ചമുളക്        –  2 എണ്ണം
മഞ്ഞൾപ്പൊടി    –   ½ ടീസ്പൂൺ   
ജീരകം         –   ½ ടീസ്പൂൺ
ചുവന്നുള്ളി   –    2-3 എണ്ണം
വെളുത്തുള്ളി  –     2-3 എണ്ണം
കറിവേപ്പില     –   ആവശ്യത്തിന്

താളിക്കുന്നതിന്
വെളിച്ചെണ്ണ   –     1 ടേബിൾസ്പൂൺ
കടുക്          –  1 ടീസ്പൂൺ
വറ്റൽ മുളക്   –    4-5 എണ്ണം
കറിവേപ്പില   –    ആവശ്യത്തിന്
തേങ്ങ (ചിരകിയത്) – ബാക്കി കാൽഭാഗം

തയാറാക്കുന്ന വിധം
കുതിർത്തുവച്ച പയർ കഴുകി വാരി കുക്കറിലേക്ക് ഇട്ട് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു 2 വിസിൽ വരുന്നതു വരെ വേവിക്കുക. ആവി പോയിക്കഴിഞ്ഞാൽ തുറന്ന് പയർ വെള്ളത്തിൽ നിന്നും ഊറ്റി മാറ്റി വയ്ക്കാം. പയർ വേവിച്ച വെള്ളത്തിലേക്കു മത്തങ്ങ കഷ്ണങ്ങൾ ചേർക്കുക, ഇനി പച്ചമുളകും മഞ്ഞൾപൊടിയും ചേർത്തു വെള്ളം പോരായ്ക ഉണ്ടെങ്കിൽ അൽപം വെള്ളം കൂടി ചേർത്തു മത്തങ്ങ അധികം വെന്തുടയാത്ത പരുവത്തിൽ വേവിച്ചെടുക്കുക. ഒരു ഇടത്തരം തേങ്ങ മുഴുവൻ ചിരകിയെടുത്തശേഷം അതിൽ മുക്കാൽ ഭാഗം മിക്സിയുടെ ഒരു ജാറിൽ ഇട്ട് കൊടുക്കാം. ഇതിലേക്ക് ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് അൽപം വെള്ളം ഒഴിച്ച് അരച്ചെടുക്കാം (നന്നായി അരയ്ക്കേണ്ടതില്ല).

അരച്ച തേങ്ങ ഒരു മൺചട്ടിയിൽ ഇട്ട് മത്തങ്ങ പാകം ചെയ്ത അതേ വെള്ളം ഒഴിച്ച് മുളകുപൊടി ചേർത്തു നന്നായി ഇളക്കി തിളച്ചു തുടങ്ങുമ്പോൾ വേവിച്ചുവച്ച പയർ ചേർക്കാം. ഇത് നന്നായി തിളച്ചശേഷം അവസാനം വേവിച്ചു വച്ചിരിക്കുന്ന മത്തങ്ങ കഷ്ണങ്ങൾ ചേർത്ത് ഇളക്കി കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് തിളക്കുമ്പോൾ ചൂടിൽ നിന്ന് ഇറക്കി വയ്ക്കാം. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്തു മൂപ്പിക്കുക. ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കി ചുവന്നുവരുമ്പോൾ കറിയിൽ ചേർത്തിളക്കി കുറച്ചുനേരം അടച്ചുവച്ച ശേഷം ഉപയോഗിക്കാം. (കടപ്പാട്; നിമ്മി)