ഉപ്പ് പലതരമുണ്ട്; ഏതാണ് കൂടുതൽ ആരോഗ്യകരം?: അറിയാം

ഉപ്പ് അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാനാവാത്തതുമായ ചേരുവകളിലൊന്നാണ്. സോഡിയത്തിന്‍റെ ലഭ്യതയ്‌ക്കാണ് ഉപ്പ് ആവശ്യമായി വരുന്നത്. നിങ്ങളുടെ വിഭാവത്തിന്റെ രുചി വർദ്ധിപ്പിക്കുവാനും തകർക്കുവാനും ഉപ്പിന്റെ അളവിന്റെ ഏറ്റക്കുറച്ചിലുകൾക്ക് സാധിക്കും. ഇത് വിഭവങ്ങളുടെ സ്വാദ് കൃത്യമായി നിലനിർത്തുകയും മുഴുവൻ ഭക്ഷണ അനുഭവവും ആസ്വാദ്യകരമാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, വ്യത്യസ്ത തരത്തിലുള്ള ഉപ്പുകൾ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്.ഉപ്പുകൾ ഏതൊക്കെ തരത്തിൽ ഉണ്ടെന്ന് നോക്കാം.
ഹിമാലയൻ സാള്‍ട്ട്
ഹിമാലയൻ സാള്‍ട്ട് അല്ലെങ്കില്‍ പിങ്ക് സാള്‍ട്ട് എന്നറിയപ്പെടുന്ന ഉപ്പ് പിങ്ക് നിറം കലര്‍ന്നതായിരിക്കും. സോഡിയത്തിന് പുറമെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിങ്ങനെയുള്ള ധാതുക്കളെല്ലാം ഇതിലടങ്ങിയിരിക്കും. ഇവയെല്ലാം ശരീരത്തിന് വളരെ നല്ലതാണ്. അതിനാല്‍ത്തന്നെ അല്‍പം കൂടി ആരോഗ്യകരമായ സാള്‍ട്ട് ഇതാണെന്ന് പറയാം.
സീ സാള്‍ട്ട്
സീ സാള്‍ട്ട് കേള്‍ക്കുമ്പോള്‍ തന്നെ ഏവര്‍ക്കും മനസിലാകും കടല്‍വെള്ളം വറ്റിച്ചെടുത്ത് തയ്യാറാക്കുന്ന ഉപ്പ് ആണിത്. ഇതും ഒരുപാട് അങ്ങോട്ട് പ്രോസസ് ചെയ്തെടുക്കാത്തതിനാല്‍ തന്നെ അല്‍പമൊക്കെ ധാതുക്കള്‍ ഇതിലും കാണാറുണ്ട്. പക്ഷേ ഹിമാലയൻ സാള്‍ട്ടിന്‍റെ അത്ര ഗുണമില്ല.
പൊട്ടാസ്യം സാള്‍ട്ട്
പൊട്ടാസ്യം കാര്യമായി അടങ്ങിയിട്ടുള്ള സോള്‍ട്ട് ആണ്. സോഡിയം അധികമാകുമ്പോള്‍ അതിന്‍റെ ദൂഷ്യമൊഴിവാക്കാൻ പൊട്ടാസ്യം സഹായിക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ബിപിയുള്ളവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്. എങ്കിലും ഇതും അളവ് ശ്രദ്ധിക്കേണ്ടതുണ്ട്.
ടേബിള്‍ സാള്‍ട്ട്
നമ്മള്‍ സാധാരണനിലയില്‍ വീടുകളിലുപയോഗിക്കുന്ന ഉപ്പാണ് ടേബിള്‍ സാള്‍ട്ട്. കടലില്‍ നിന്നെടുക്കുന്ന ഉപ്പ് തന്നെയിത്. എന്നാല്‍ നല്ലതുപോലെ പ്രോസസ് ചെയ്തെടുക്കുന്നതായതിനാല്‍ സ്വാഭാവികമായും ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇപ്പോള്‍ ടേബിള്‍ സാള്‍ട്ട് ‘അയൊഡൈസ്ഡ് സോള്‍ട്ട്’ എന്ന പേരിലും കുറച്ച് കൂടി മാറ്റങ്ങളോടെ എത്തുന്നുണ്ട്. ഇതില്‍ അയോഡിൻ കുറച്ചുകൂടി അടങ്ങിയിരിക്കും.
അടിസ്ഥാനപരമായി, എല്ലാ തരത്തിലുള്ള ഉപ്പിലും ചില പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഏത് ഉപ്പ് തെരഞ്ഞെടുത്താലും ഉപയോഗം പരിമിതപ്പെടുത്തുക.