40 കഴിഞ്ഞ പുരുഷന്മാരാണോ നിങ്ങൾ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  1. Home
  2. Lifestyle

40 കഴിഞ്ഞ പുരുഷന്മാരാണോ നിങ്ങൾ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

pain


ഹോസ്പിറ്റലിൽ പോകുവാൻ മടിയുളളവരാണ് പല പുരുഷന്മാരും. സുഖമില്ലാത്തപ്പോൾ മാത്രം ഡോക്ടറെ കാണാൻ പോകുന്നത് പുരുഷന്മാരുടെ പതിവാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ സാധാരണ ആരോഗ്യ പരിശോധന ഒഴിവാക്കാൻ കൂടുതൽ സാധ്യതയുള്ളത്. എന്നാൽ 40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി ചില ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്.

ഒന്ന്

ജീവിതശൈലിയിലെ മാറ്റം ഫാറ്റി ലിവർ, കൊളസ്‌ട്രോൾ എന്നിവയുടെ പ്രശ്‌നങ്ങൾ വർധിപ്പിക്കുന്നു. ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈൽ പരിശോധന വഴി കൊളസ്ട്രോൾ അളവ് കൃത്യമായി അറിയാൻ കഴിയും. 40 കഴിഞ്ഞ പുരുഷന്മാർ വർഷത്തിൽ ഒരിക്കലെങ്കിലും ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കരളിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

രണ്ട്

ഹൈപ്പർടെൻഷൻ ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. ഇക്കാലത്ത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കാരണം, ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള ചെറുപ്പക്കാർ പോലും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ. തുടക്കത്തിൽ കണ്ടെത്തിയാൽ ചിലപ്പോൾ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ആറു മാസത്തിലൊരിക്കലെങ്കിലും ബിപി പരിശോധിച്ച് നോർമൽ ആണോയെന്ന് ഉറപ്പുവരുത്തുക.

മൂന്ന്

നേരത്തെ പ്രായമായവർക്ക് പോലും വായിക്കാൻ കണ്ണട ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാലത്ത് ടെലിവിഷൻ, മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വർധിച്ച ഉപയോഗം മൂലം കണ്ണുകൾ വളരെയധികം സമ്മർദ്ദത്തിലാണ്. അതിനാൽ, എന്തെങ്കിലും അസാധാരണത്വങ്ങളോ ബലഹീനതകളോ ഉണ്ടോയെന്ന് വർഷത്തിൽ ഒരിക്കലെങ്കിലും കണ്ണുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

നാല്

പ്രായമേറുന്തോറും പ്രമേഹം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു. 40 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ, ഓരോ 3 വർഷത്തിലൊരിക്കലും പ്രമേഹത്തിനായി പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിലോ അമിതവണ്ണമുള്ളവരോ ആണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

അഞ്ച്

65 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പരിശോധനയിലൂടെ രോ​ഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ(പിഎസ്‌എ) എന്ന രക്തപരിശോധനയും അനുബന്ധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയും വഴി പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം.