മീൻ മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം; വെള്ളം മാത്രംമതി, രുചി വ്യത്യാസം ഉണ്ടാവുമെന്ന പേടി വേണ്ട
വല്ലപ്പോഴും മാത്രമായിരിക്കും നല്ല ഫ്രഷ് മീൻ പലർക്കും കിട്ടുന്നത്. ഇങ്ങനെ കിട്ടുന്ന മീൻ പഴകാതെ ഒരു മാസംവരെ സൂക്ഷിക്കാനായാലോ? ഇത്തരത്തിൽ മായം കലരാത്ത ഭക്ഷണം വീട്ടിൽ വിളമ്പാം.
ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയെടുക്കാം. ഉപ്പുചേർത്ത് കഴുകുന്നതാണ് നല്ലത്. ഇത് ഒരു അടപ്പുപാത്രത്തിലേയ്ക്ക് മാറ്റാം. പാത്രം നിറയുംവരെ മീൻ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി പാത്രത്തിലേയ്ക്ക് മീനിന്റെ മുകൾഭാഗം നിറയുന്നതുവരെ വെള്ളം ഒഴിച്ചുകൊടുക്കാം. ഇനി കാറ്റുകയറാതെ മൂടി നന്നായി അടച്ചതിനുശേഷം ഫ്രീസറിൽ സൂക്ഷിക്കാം.
മീൻ ഫ്രഷായി സൂക്ഷിക്കാൻ മറ്റൊരു രീതിയും പരീക്ഷിക്കാവുന്നതാണ്. ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കിയെടുത്തതിനുശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, കുറച്ച് മഞ്ഞൾപ്പൊടി, കുറച്ച് മുളകുപൊടി എന്നിവചേർത്ത് യോജിപ്പിച്ചുകൊടുക്കണം. അടുത്തതായി ഒരു അടപ്പുപാത്രമെടുത്ത് അകത്ത് ഫോയിൽ പേപ്പറോ പ്ളാസ്റ്റിക്കോ വച്ചതിനുശേഷം മസാല പുരട്ടിയ മീൻ നിരത്താം. ശേഷം മൂടി നന്നായി അടച്ച് ഫ്രീസറിൽ സൂക്ഷിക്കാം. മീൻ കറി വയ്ക്കാനോ വറുക്കാനോ എടുക്കുമ്പോൾ ആവശ്യമെങ്കിൽ കുറച്ച് മസാലകൾകൂടി ചേർത്ത് പാകം ചെയ്യാം. ഈ രണ്ട് ടിപ്പുകൾ പരീക്ഷിക്കുമ്പോൾ മീനിന് രുചി വ്യത്യാസം ഉണ്ടാവുമെന്നും പേടി വേണ്ട.