മൈക്രോവേവ് അവ്ൻ തെറ്റായി ഉപയോഗിക്കരുത്; ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ നോക്കാം

  1. Home
  2. Lifestyle

മൈക്രോവേവ് അവ്ൻ തെറ്റായി ഉപയോഗിക്കരുത്; ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ നോക്കാം

OVEN


മൈക്രോവേവ് അവ്ൻ നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. പദാര്‍ഥങ്ങള്‍ എളുപ്പം ചൂടാക്കാന്‍ മാത്രമല്ല, എണ്ണയുടെ ഉപയോഗം കുറയ്ക്കാനാകുമെന്നതും ഇതിന്റെ സവിശേഷതയാണ്.  മിക്ക വീടുകളിലും അവ്ൻ ഉണ്ടെങ്കിലും ഇതെങ്ങനെയാണ് കൃത്യമായി ഉപയോഗിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അവ്ൻ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ നോക്കാം.

എല്ലാ പാത്രങ്ങളും പറ്റില്ല - സാധാരണ നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും അവ്നില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരു കാരണവശാലും ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ഗ്ലാസ്‌, സെറാമിക് പാത്രങ്ങള്‍ ആകാം. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ ചിലപ്പോള്‍ അത് തീപിടിത്തത്തിനു വരെ കാരണമാകും. 'മൈക്രോവേവ് സേഫ്' എന്നെഴുതിയ പാത്രങ്ങളാണ് ഏറ്റവും സുരക്ഷിതം.

അധികം വെള്ളം വേണ്ട - അവ്ൻ ഉപയോഗിക്കുമ്പോള്‍ അധികം വെള്ളം ആവശ്യമില്ല. വെള്ളം കൂടുതല്‍ ഉപയോഗിച്ച് പാകം ചെയ്യേണ്ട വിഭവങ്ങള്‍ ആണെങ്കില്‍ ഘട്ടംഘട്ടമായി പാകം ചെയ്യുകയാണ് വേണ്ടത്. ഒരുപാട് വെള്ളം ആവശ്യമായി വരുന്ന വസ്തുക്കള്‍ ഒരിക്കലും അവ്നില്‍ പാകം ചെയ്യാന്‍ പാടുള്ളതല്ല. ഇത് സമയനഷ്ടവും വൈദ്യുതിനഷ്ടവും ഉണ്ടാക്കുന്നു.

വലുപ്പം - ഒരേ വലുപ്പത്തില്‍ വേണം ഏതു പച്ചക്കറി ആയാലും പാകം ചെയ്യാന്‍. പച്ചകറികള്‍ കഴിവതും ചെറുതായി നുറുക്കി പാകം ചെയ്യാം. അടച്ചു മൂടിയ പാത്രങ്ങള്‍ അവ്നിൽ പൊട്ടിത്തെറിക്കാനിടയുണ്ട്. ആവിയുടെ കൂടുതലായ മര്‍ദ്ദം മൂലമാണിത്. കൂടുതൽ സമയം മൈക്രോവേവിൽ ഇരുന്നു ചൂടായാൽ ചില സാധനങ്ങൾ തീപിടിക്കാനും ഇടയുണ്ട്. വൈദ്യുതി കടത്തിവിടുന്ന മെറ്റൽ കൊണ്ടുള്ള പാത്രങ്ങൾ അവ്നിൽ ഉപയോഗിച്ചാൽ അതു വൈദ്യുതി കടന്നു ചൂടാകുന്ന ഹീറ്റിങ് കോയിൽ പോലെ പ്രവർത്തിക്കും, വലിയ അപകടമുണ്ടാകാനിടയുണ്ട്.

ഇടയ്ക്കിടെ ഇളക്കണം - അവ്നിൽ വച്ച ഭക്ഷണ സാധനങ്ങള്‍ ഇടക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിയ്ക്കുന്നത് നല്ലതാണ്. ഇത് ഒരുപോലെ ചൂട് എല്ലായിടത്തും എത്താന്‍ സഹായിക്കും. 

അവ്ൻ തുറന്നു വയ്ക്കരുത്- അവ്ന്റെ വാതിൽ തുറന്നുവച്ചു പ്രവർത്തിപ്പിച്ചാൽ പൊള്ളൽ ഉണ്ടാകാം. എന്നാൽ ഇപ്പോൾ അവ്നുകളിൽ സുരക്ഷാക്രമീകരണമായി ഇന്റർലോക്ക് ഉണ്ട്. വാതിൽ തുറന്നിരുന്നാൽ അവ്ൻ പ്രവർത്തിക്കില്ല. ശരിയായി ലോക്ക് ചെയ്യാതെയും പ്രവ്ര്‍ത്തിപ്പിക്കരുത്.

പ്രവര്‍ത്തിപ്പിക്കുമ്പോള്‍ - അവ്ൻ ബലമുള്ള പ്രതലത്തിൽ വേണം വയ്ക്കാൻ. സിങ്കിനടുത്തു വേണ്ട. മറ്റ് അടുപ്പുകളിൽ നിന്ന് അകറ്റിവേണം വയ്ക്കാൻ. അവ്നു മുകളിൽ വായുസഞ്ചാരത്തിന് ഏതാണ്ട് 30 സെ.മീറ്റർ ഇടംവേണം.