കടലയും പരിപ്പും പാചകം ചെയ്യും മുൻപ് ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; അസിഡിറ്റി വരാതെ നോക്കാം
ചിലർക്ക് കടല, പരിപ്പ്, പയർ എന്നിവ കഴിച്ച് കഴിയുമ്പോൾ, വയർ ആകപ്പാടെ ചീർക്കാൻ ആരംഭിക്കും. വയർ വേദനിക്കാനും, അസിഡിക്കാവാനും തുടങ്ങും. കൃത്യമായ രീതിയിൽ പലപ്പോഴും പാചകം ചെയ്യാത്തുതന്നെയാണ് ഇത്തരം ദഹന പ്രശ്‌നങ്ങൾക്കു പിന്നിലെ വില്ലൻ.
പരിപ്പ്- പയർ വർഗ്ഗങ്ങൾ കറിവെയ്ക്കാൻ എടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത് കൃത്യമായി ചെയ്താൽ ഈ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.
ഗുണങ്ങൾ
വയറ്റിൽ ഗ്യാസ് നിറയും എന്ന് പേടിച്ച് പലരും പരിപ്പ്, കടല, ഗ്രീൻപീസ് എന്നിവ കറി വെക്കുന്നത് വളരെ കുറവാണ്. എന്നാൽ, ഒട്ടനവധി പോഷകങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്ന ഭക്ഷ്യവസ്തുക്കളാണ് ഇവ. പ്രത്യേകിച്ച്, ഇതിൽ ഫെനോൾസ് അടങ്ങിയിരിക്കുന്നതിനാൽ, പലതരത്തിലുള്ള ക്രോണിക് ഡിസീസ് വരാതിരിക്കാൻ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് . രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.
ഗ്ലൈസമിക് ഇൻഡക്‌സ് വളരെ കുറവായതിനാൽ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഇത് പ്രമേഹം വരാതിരിക്കാൻ സഹായിക്കും. കൂടാതെ, പ്രോട്ടീനിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഇവ.
പാചകം ചെയ്യുമ്പോൾ
കടല, പയർ, ഗ്രീൻപീസ് എന്നിവ തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ച്, പിറ്റേ ദിവസം വേവിച്ച് കറിവെയ്ക്കുകയാണ് പതിവ്. എന്നാൽ, ചിലർ ഇത്തരത്തിൽ കുതിർത്ത് വെക്കാൻ മറന്നാൽ, കടല കഴുകി, നേരിട്ട് വേവിക്കുന്നത് കാണാം. ഇത്തരത്തിൽ വേവിക്കുമ്പോൾ, കടല, പരിപ്പ്, പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റായ അലിഗോസാക്കറൈഡ്‌സ് നമ്മുടെ ശരീരത്തിൽ എത്തുന്നു. ഇത് ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാലാണ് പലപ്പോഴും ദഹനപ്രശ്‌നങ്ങൾ പലരിലും കണ്ട് വരുന്നതും.
ഒഴിവാക്കാൻ
ഈ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പയർ വർഗ്ഗങ്ങൾ കുറഞ്ഞത് 1 മണിക്കൂറെങ്കിലും കുതിർത്ത് വെയ്ക്കാൻ ശ്രദ്ധിക്കുക. പ്രത്യകിച്ച്, തലേദിവസം കുതിർത്ത് വെയ്ക്കുന്നത് ഇതിലെ അലിഗോസൈക്കറൈഡ്‌സിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ദഹന പ്രശ്‌നങ്ങൾ കുറയ്ക്കും.
കുതിർത്ത് വെയ്ക്കാൻ ഒട്ടും നേരമില്ലെങ്കിൽ, പയർ വർഗ്ഗങ്ങൾ ചൂടുവെള്ളത്തിൽ ഒന്ന് തിളപ്പിച്ചെടുക്കുക. ഈ സമയത്ത് ഇതിനുമുകളിൽ തെളിഞ്ഞുവരുന്ന പത നീക്കം ചെയ്യണം. അതിനുശേഷം വേവിച്ച് കറിവെക്കാവുന്നതാണ്. ഇതും പയർ വർഗ്ഗങ്ങൾ കഴിക്കുമ്പോഴുണ്ടാകുന്ന ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കും.
കുതിർത്ത് വെച്ചാലുള്ള ഗുണങ്ങൾ
പയർ വർഗ്ഗങ്ങൾ കുതിർത്ത് വെച്ചാൽ ദഹന പ്രശ്‌നങ്ങൾ മാത്രമല്ല അകറ്റുക. ഇവ വേഗത്തിൽ വെന്ത് കിട്ടാൻ വളരെയധികം സഹായിക്കുന്നതാണ്. പരിപ്പ്, പയർ വർഗ്ഗങ്ങൾ നന്നായി വേവിച്ചില്ലെങ്കിലും ഇത്തരത്തിൽ ദഹന പ്രശ്‌നങ്ങൾ വരാം. കൂടാതെ, നല്ല സ്വാദോടെ ആസ്വദിച്ച് കഴിക്കണമെങ്കിൽ നല്ലപോലെ വേവിക്കുന്നതും നല്ലതായിരിക്കും. ഇത് കറിയിൽ മസാല പിടിക്കുന്നതിന് സഹായിക്കും. കൂടാതെ, വേഗത്തിൽ വെന്ത് കിട്ടുന്നതിനാൽ ഗ്യാസ് അധികം ചിലവാക്കേണ്ടതായും വരുന്നില്ല. ഇതും മറ്റൊരു ഗുണം തന്നെയാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)