മദ്യപാനികൾ സ്ഥിരമായി വരുത്തുന്ന തെറ്റ്; ശീലത്തിന്റെ പേരിൽ തിരുത്താതിരിക്കരുത്, അപകടമാണ്
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപിച്ച് ആരോഗ്യവും സമ്പത്തും ജീവിതവും നശിപ്പിക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാൻ കഴിയും. മദ്യം കഴിക്കാതെ ഒരു ദിവസം ആരംഭിക്കാൻ പോലും കഴിയാത്ത അപകടകരമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടവരും കുറവല്ല. മദ്യപാനം തെറ്റാണെന്നല്ല പക്ഷേ നിയന്ത്രണത്തിന്റെ കാര്യത്തിലെ ചെറിയ തെറ്റ് പോലും ജീവിതത്തെ തകിടം മറിച്ചേക്കാം. പറഞ്ഞുവരുന്നത് മദ്യപാനികൾ സ്ഥിരമായി വരുത്തുന്ന ഒരു തെറ്റിനെക്കുറിച്ചാണ്.
അത് ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. ഭൂരിഭാഗം മദ്യപാനികളും മദ്യം കഴിച്ചതിന് ശേഷമാണ് ആഹാരം കഴിക്കുന്നത്. ഇത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്. ആമാശയത്തിലൂടെയും ചെറുകുടലിലൂടെയുമാണ് മദ്യം നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ വയറ്റിൽ ആഹാരമില്ലെങ്കിൽ മദ്യം രക്തത്തിലേക്ക് പ്രവേശിക്കുന്നതിന്റെ വേഗത വർദ്ധിക്കും. ഇതുകൊണ്ടുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താണെന്നാൽ വയറ്റിൽ ആഹാര പദാർത്ഥങ്ങളൊന്നും ഇല്ലെങ്കിൽ മദ്യപാനം നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും. മദ്യപിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് പറയപ്പെടുന്നത്.ഇതുകൊണ്ടുള്ള ഗുണങ്ങളും വളരെ കൂടുതലാണ്. ഭക്ഷണം കഴിച്ച ശേഷം മദ്യപിച്ചാൽ വയറ്റിൽ അടങ്ങിയിരിക്കുന്ന ഭക്ഷണത്തിലെ ജലാംശം മദ്യത്തെ നേർപ്പിക്കുന്നു. അതോടൊപ്പം തന്നെ വയറ്റിലുള്ള ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും കൊഴുപ്പും നാരുകളും ചേർന്ന് മദ്യത്തിന്റെ വീര്യം കുറയ്ക്കും എന്നതാണ് രണ്ടാമത്തെ കാര്യം.
അതോടൊപ്പം തന്നെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനും ധാതുക്കളും ചേർന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവും കുറയ്ക്കും. മദ്യം കഴിക്കുമ്പോൾ തീർച്ചയായിട്ടും ഒഴിവാക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങളും ഉണ്ട്. ഉപ്പിലിട്ട ലഘുഭക്ഷണങ്ങൾ മദ്യത്തോടൊപ്പം കഴിച്ചാൽ അത് ദാഹം വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ മദ്യപാനികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് മദ്യം കഴിക്കുന്നതിന് മുമ്പ് ജലാംശം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കുകയെന്നതാണ്. ഇത് മദ്യത്തിന്റെ വീര്യം കുറയ്ക്കാൻ വളരെയധികം സഹായിക്കും.