ഗ്രീൻ ടീ സ്ഥിരമായി കുടിക്കുന്നവർ ശ്രദ്ധിക്കണം; ഈ തെറ്റുകൾ ചെയ്യാതിരിക്കുക

  1. Home
  2. Lifestyle

ഗ്രീൻ ടീ സ്ഥിരമായി കുടിക്കുന്നവർ ശ്രദ്ധിക്കണം; ഈ തെറ്റുകൾ ചെയ്യാതിരിക്കുക

DREEN TEA


പലരുടെയും ദിനചര്യയുടെ ഭാഗമായി ഗ്രീൻ ടീ മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ ഗ്രീൻ ടീയുടെ ഗുണങ്ങൾ നേടാൻ കഴിയൂ. ശരീരഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, പ്രമേഹത്തെ നിയന്ത്രിക്കാനും ഗ്രീൻ ടീ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ചർമ്മം തിളങ്ങാൻ സഹായിക്കും.

ദിവസവും ഗ്രീൻ ടീ കുടിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ, നമ്മളിൽ പലരും ചില തെറ്റുകൾ വരുത്താറുണ്ട്. അതിനാൽ തന്നെ, ഗ്രീൻ ടീയുടെ പരമാവധി ഗുണം ലഭിക്കാതെ പോകുന്നു. 

ഒഴിഞ്ഞ വയറ്റിൽ ഗ്രീൻ ടീ
ആരോഗ്യകരമാണെന്ന് കരുതി ചായയ്ക്ക് പകരം ഗ്രീൻ ടീ ഉപയോഗിച്ചാണ് നമ്മളിൽ പലരും ദിവസം തുടങ്ങുന്നത്. ഈ ധാരണ തെറ്റാണ്. ഗ്രീൻ ടീയിൽ ടാന്നിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി വർധിപ്പിക്കും. ഒഴിഞ്ഞ വയറ്റിൽ ഗ്രീൻ ടീ വയറ്റിൽ അസ്വസ്ഥതയോ ഓക്കാനമോ ഉണ്ടാക്കും. ദഹനപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രീൻ ടീ കുടിക്കുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കുക.

അമിതമായ അളവ്
ഗ്രീൻ ടീ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെങ്കിലും അമിതമായി ഒന്നും നമുക്ക് നല്ലതല്ല. ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഒരു ദിവസം 2-3 കപ്പുകളായി പരിമിതപ്പെടുത്തുക.

രാത്രിയിൽ കുടിക്കുക
ഗ്രീൻ ടീ ആരോഗ്യ ഗുണങ്ങളുള്ളതാണെങ്കിൽ അതിൽ കഫീൻ അടങ്ങിയിട്ടുണ്ടെന്നത് ഓർക്കുക. ഉറങ്ങുന്നതിനു തൊട്ടു മുൻപായി ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തും. അതിനാൽ, ഉറങ്ങുന്നതിനു 2-3 മണിക്കൂർ മുൻപ് ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണം കഴിച്ച ഉടൻ കുടിക്കുക
ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഗ്രീൻ ടീ കുടിക്കുന്നത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തും. ഇത് കാലക്രമേണ വിളർച്ചയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം ഗ്രീൻ ടീ കുടിക്കുക.

ചൂടുവെള്ളം ഉപയോഗിക്കുക
ഗ്രീൻ ടീ തയ്യാറാക്കാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് അതിലെ ഗുണകരമായ സംയുക്തങ്ങളെ നശിപ്പിക്കുകയും കയ്‌പേറിയ രുചി ഉണ്ടാക്കുകയും ചെയ്യും. ഗ്രീൻ ടീ ഉണ്ടാക്കുന്നതിന് മുമ്പ് ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനുശേഷം, താപനില 80-85 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തുക.

മരുന്നുകൾക്കൊപ്പം ഗ്രീൻ ടീ കുടിക്കുക
മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നതിനു മുൻപായി ഡോക്ടറുമായി സംസാരിക്കുക.

ഉപയോഗിച്ച ടീ ബാഗുകൾ 
ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ അവയുടെ പൂർണമായ ഗുണം ലഭിക്കില്ല. ഗ്രീൻ ടീ ഉണ്ടാക്കുന്ന ഓരോ തവണയും ഫ്രഷായ ഇലകളോ അല്ലെങ്കിൽ പുതിയ ടീ ബാഗോ ഉപയോഗിക്കണം. 

(ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്‌പ്പോഴും ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.)