ഏറ്റവും ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍; മുന്നിൽ ചോക്ലേറ്റും പിസയും

  1. Home
  2. Lifestyle

ഏറ്റവും ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍; മുന്നിൽ ചോക്ലേറ്റും പിസയും

pizza


ചില ഭക്ഷണങ്ങൾക്കും നിങ്ങളെ അടിമകളാക്കാൻ സാധിക്കും. എത്ര നിയന്ത്രിച്ചാലും കൈ അറിയാതെ അവിടേക്ക് പോകും. വയറു പൊട്ടുന്നതു വരെ കഴിക്കാൻ തോന്നും. 'ഫുഡ് അഡിക്ഷൻ' എന്ന വാക്കിനെ ഔദ്യോ​ഗികമായി നിർവചിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭക്ഷണത്തോടുള്ള ആസക്തി ആളുകളിൽ കൂടി വരുന്നതായി അടുത്തിടെ മിഷിഗൺ സർവകലാശാല നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു.

പിസയും ചോക്ലേറ്റുമാണ് ഏറ്റവുമധികം ആസക്തി നൽകുന്ന ഭക്ഷണങ്ങൾ എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഇവയ്ക്ക് പിന്നാലെ നിരവധി ഭക്ഷണങ്ങളെ റാങ്ക് ചെയ്‌തിട്ടുണ്ട്. യേൽ ഫുഡ് അഡിക്ഷൻ സ്കെയിൽ (YFAS) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഓൺലൈൻ ആയും നേരിട്ടും രണ്ട് രീതിയിൽ നടത്തിയ സർവെയുടെ ഫലങ്ങൾ ​ഗവേഷകർ റാങ്ക് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

120 പേരടങ്ങിയ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ചോക്ലേറ്റ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഐസ് ക്രീം, ഫ്രഞ്ച് ഫൈസ്, പിസ എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. 400 പേരടങ്ങിയ ജോലിക്കാരിൽ ഓൺലൈനായി നടത്തിയ സർവെയിൽ പിസയാണ് ഒന്നാം സ്ഥാനത്ത്. പിന്നാലെ ചോക്ലേറ്റ്, ചിപ്സ്, കുക്കീസ് എന്നിങ്ങനെ പോകുന്നു.

പഠനത്തിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഉയർന്ന സംസ്‌കരിച്ച ഭക്ഷണങ്ങൾ ആസക്തി ഉണ്ടാക്കുന്നു എന്ന് വ്യക്തമാക്കുന്നു. കൂടാതെ ഉയർന്ന ഗ്ലൈസെമിക് സൂചിക (GL) ഉള്ള ഭക്ഷണങ്ങൾ ആളുകളിൽ ആസക്തി പോലുള്ള ഭക്ഷണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകുന്നു.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾക്കും ഇത്തരത്തിൽ ആസക്തി ഉണ്ടാക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. പഞ്ചസാരയ്ക്ക് കൊക്കെയ്ൻ പോലുള്ളവയുടെ സ്വഭാവം ഉണ്ടെന്നും പഠനത്തിൽ പറയുന്നു. ഇത് അമിതമായാല്‍ മസ്തിഷ്കത്തിലെ ആനന്ദ കേന്ദ്രത്തെ ഉത്തേജിപ്പിക്കാനും ഡോപാമൈൻ ഉൽപാദനം കൂട്ടുകയും ചെയ്യുന്നു. ഇതിന് പൂർണ്ണതയുടെയോ സംതൃപ്തിയുടെയോ വികാരങ്ങൾ നൽകുന്ന മറ്റ് മസ്തിഷ്ക സിഗ്നലുകളെ മറികടക്കാൻ കഴിയും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുമെന്നും പഠനത്തിൽ പറയുന്നു.