ദോശക്കും ഇഡ്ഡലിക്കും ഇനി മൈസൂർ ചട്നി; സിംപിളായി തയാറാക്കാം
അൽപം വ്യത്യസ്തതയുള്ള മൈസൂർ ചട്നി തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ സിംപിളായി ഇനി മൈസൂർ ചട്നി തയാറാക്കാം.
ചേരുവകൾ
നെയ്യ് - 3 ടീസ്പൂൺ
ചെറുപയർ - 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ
മല്ലി - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
വെളുത്തുള്ളി - 10 അല്ലി
ഉള്ളി - 10
പച്ചമുളക് - 3
തക്കാളി - 2
പുതിന - 1 പിടി
എള്ള് - 1 ടീസ്പൂൺ
തേങ്ങ - 1/4 കപ്പ്
പുളി - 1 ചെറിയ കഷണം
ഉപ്പ് - ആവശ്യത്തിന്
താളിക്കുന്നതിന്
നെയ്യ് - 3 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - 1/2 ടീസ്പൂൺ
കറിവേപ്പില - അല്പം
ചുവന്ന മുളക്- 2 എണ്ണം
തയാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് അതിൽ നെയ്യ് ഒഴിച്ച് ചൂടാക്കി ചെറുപയർ പരിപ്പ്, ഉഴുന്ന്, ജീരകം, മല്ലി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം വെളുത്തുള്ളിയും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. അടുത്തതായി പച്ചമുളക് ചേർക്കാവുന്നതാണ്, ഇത് നന്നായി വഴറ്റിയതിന് ശേഷം തക്കാളി ചേർത്ത് ചെറുതായി വഴറ്റുക.
പിന്നീട് ഇതിലേക്ക് പുതിന, എള്ള് എന്നിവ ചേർത്ത് അൽപ സമയം വഴറ്റിയെടുക്കാം. പിന്നീട് അരച്ച് വെച്ച തേങ്ങയും പുളിയും ചേർത്ത് നല്ലതുപോലെ വഴറ്റി തണുപ്പിക്കാം. പിന്നീട് വറുത്ത ചേരുവകൾ മിക്സർ ജാറിൽ ചേർത്ത് പാകത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. പിന്നീട് നെയ്യ് ഒഴിച്ച് അതിലേക്ക് വറുത്തിടാൻ പാകത്തിലുള്ളവ ചേർത്ത് ചട്നിയിൽ വറുത്തിടാം.